കൊച്ചി: ഇൻഫോപാർക്ക് ആസ്ഥാനമായ ഐടി കമ്പനി ഫിൻജെന്റ് ഗ്ലോബൽ സൊലൂഷൻസ് പ്രവർത്തനം വിപുലീകരിച്ച് കൂടുതൽ ജീവനക്കാരെ തേടുന്നു. കാമ്പസിലെ കാർണിവൽ ഇൻഫോപാർക്ക് കെട്ടിടത്തിൽ 250 ജീവനക്കാരെ ഉൾക്കൊള്ളുന്ന 16,500 ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ റിസർച് ആൻഡ് ഡെവലപ്മെന്റ് കേന്ദ്രമാണ് ഫിൻജെന്റ് തുറന്നിരിക്കുന്നത്. പ്രൊഡക്ട് ഡെവലപ്മെന്റ്, ഡിസൈൻ തിങ്കിങ്, ക്രിയേറ്റീവ് ടെക്നോളജി ഡെവലപ്മന്റ് എന്നിവയ്ക്കാണ് പുതിയ കേന്ദ്രം വികസിപ്പിച്ചിരിക്കുന്നത്.

ഐടി മേഖലയിൽ തൊഴിൽ പരിചയുള്ള നൂറോളം വിദഗ്ധരേയും പഠനം പൂർത്തിയാക്കി ഇറങ്ങിയ 50 പുതിയ ജീവനക്കാരേയും പുതുതായി റിക്രൂട്ട് ചെയ്യാനാണ് ഫിൻജെന്റിന്റെ പദ്ധതി. ബെംഗളുരു, പൂണെ, ഹൈദരാബാദ് പോലുള്ള നഗരങ്ങളിൽ നിന്ന് ലോക്ഡൗൺ കാലത്ത് കേരളത്തിൽ തിരിച്ചെത്തി ഇവിടെ തന്നെ ജോലി തുടരാൻ ആഗ്രഹിക്കുന്ന ഐടി വിദഗ്ദ്ധർക്ക് ഫിൻജെന്റ് പ്രത്യേക പരിഗണന നൽകുന്നുണ്ട്. ഫിൻജെന്റിന് ഇന്ത്യയിൽ നാല് റിസർച് ആൻഡ് ഡെവലപ്മെന്റ് കേന്ദ്രങ്ങളാണുള്ളത്. ഇവയിൽ മൂന്നും കൊച്ചിയിലാണ്. ഐടി, ഐടി ബിപിഎം രംഗത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച 75 തൊഴിലിടങ്ങളിൽ ഒന്നായി ആഗോള എജൻസിയായ ഗ്രേറ്റ് പ്ലേസ് റ്റു വർക്ക് ഫിൻജെന്റിനെ തെരഞ്ഞെടുത്തിട്ടുണ്ട്.

'മഹാമാരിക്കു ശേഷമുള്ള പുതിയ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിന് ഞങ്ങൾ വളരെ മുമ്പ് തന്നെ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ നാലാമത് റിസർച് ആൻഡ് ഡെവലപ്മെന്റ് കേന്ദ്രം തുറന്നത് ഇതിന്റെ ഭാഗമായാണ്. കോവിഡ് കാലത്തും വിവിധ സുപ്രധാന പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഫിൻജെന്റ് മുിലായിരുന്നു,' ഫിൻജെന്റ് സിഇഒയും എംഡിയുമായ വർഗീസ് സാമുവൽ പറഞ്ഞു. യുഎസ് ആസ്ഥാനമായ സോഫ്‌റ്റ്‌വെയർ കമ്പനിയായ ഫിൻജെന്റിന് ഇന്ത്യയിൽ തിരുവനന്തപുരം ടെക്‌നോപാർക്കിലും കൊച്ചി ഇൻഫോപാർക്കിലുമായി നിലവിൽ അഞ്ഞൂറോളം ജീവനക്കാരുണ്ട്.