പുതിയ ബോത്സ്വാന വകഭേദമായ ഓമിക്രോണിന്റെ അതിവ്യാപനശേഷി കേവലം അതിശയോക്തിയല്ലെന്ന് തെളിയിക്കുകയാണ് നെതർലൻഡ്സിലെ കോവിഡ് പരിശോധന ഫലങ്ങൾ. ദക്ഷിണാഫ്രിക്കയിൽ നിന്നും നെതർലാൻഡ്സിലെത്തിയ വിമാനത്തിൽ പത്തുശതമാനം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതോടൊപ്പം യൂറോപ്പിന്റെ പല ഭാഗങ്ങളിലും ഓമിക്രോൺ എന്ന പുതിയ വകഭേദത്തിന്റെ സാന്നിദ്ധ്യം കൂടി സ്ഥിരീകരിച്ചിരിക്കുകയാണ്.

യാത്രാ നിയന്ത്രണങ്ങൾ നിലവിൽ വന്നതിനു ഏതാനും മണിക്കൂറിനുശേഷം ജോഹന്നാസ്ബർഗിൽ നിന്നും ആംസ്റ്റർഡാമിനടുത്തുള്ള ഷിപോൾ വിമാനത്താവളത്തിൽ 600 യാത്രക്കാരാണ് രണ്ട് വിമാനങ്ങളിലായി എത്തിയത്. ഇവരെല്ലാവരും തന്നെ യാത്ര ആരംഭിക്കുന്നതിന് 24 മണിക്കൂർ നടത്തിയ ലാറ്ററൽ ഫ്ളോ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നവരാണ്. എന്നാൽ, നെതർലാൻഡ്സിലിറങ്ങിയതിനു ശേഷം നടത്തിയ പി സി ആർ ടെസ്റ്റിൽ ഇവരിൽ 61 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ദക്ഷിണാഫ്രിക്കയിലെ രോഗപരിശോധന നിലവാരത്തെ കുറിച്ച് ഏറെ സംശയങ്ങളാണ് ഈ സംഭവം ഉയർത്തിയിരിക്കുന്നത്. എന്നാൽ, ഓമിക്രോണിന്റെ സാന്നിദ്ധ്യം തിരിച്ചറിയാൻ ലാറ്ററൽ ഫ്ളോ റ്റെസ്റ്റിൻ ആകില്ലെന്ന വാദവും ഉയരുന്നുണ്ട്. നിലവിൽ യൂറോപ്യൻ യൂണിയനു വെളിയിൽ നിന്നെത്തുന്നവർ യാത്ര ആരംഭിക്കുന്നതിന് 48 മണിക്കൂർ നടത്തിയ പി സി ആർ ടെസ്റ്റ് നെഗറ്റീവ്‌റിസൾട്ടോ 24 മണിക്കൂർ മുൻപ് നടത്തിയ ലാറ്ററൽ ഫ്ളോ നെഗറ്റീവ് റിസൾട്ടോ കാണിക്കേണ്ടതുണ്ട്.

യൂറോപ്പിൽ ഓമിക്രോണിന്റെ സാന്നിദ്ധ്യം ആദ്യം കണ്ടെത്തിയത് ബെൽജിയത്തിലായിരുന്നു. വാക്സിൻ എടുക്കാത്ത ഒരു വനിതയായിരുന്നു ഇത്. തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ സന്ദർശനത്തിനിടയിലാണ് ഇവരെ ഈ വകഭേദം ബാധിച്ചത്. അതിനു തൊട്ടുപുറകെ ഇന്നലെ ബ്രിട്ടനിലും രണ്ടുപേരിൽ ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. നോട്ടിങ്ഹാമിലും, എസ്സെക്സിലെ ബ്രെന്റ്ഫോർഡിലുമാണ് ഇത് സ്ഥിരീകരിച്ചത്. ഇവർ രണ്ടുപേരും സൗത്ത് ആഫ്രിക്ക സന്ദർശിച്ച് മടങ്ങിയവരാണ്.

ജർമ്മനിയിലും ചെക്ക് റിപ്പബ്ലിക്കിലും ഓമിക്രോണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജർമ്മനിയിൽ നടത്തിയ പരിശോധനയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഒരു യാത്രക്കാരനിലായിരുന്നു ഇതിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. പ്രാഥമിക ശ്രേണീകരണ പ്രക്രിയയിലാണ് ഇത് കണ്ടെത്തിയത്. എന്നാൽ സംശയരഹിതമായി ഇത് സ്ഥിരീകരിക്കാൻ അവസാന വട്ട ശ്രേണീകരണം കൂടി നടത്തേണ്ടതുണ്ട്. അതിന്റെ ഫ്രലം ഇന്ന് ലഭിക്കുമെന്ന് കരുതുന്നു. ആസ്ട്രേലിയയിലും ഈ ഭീകര വൈറസ് എത്തിയിട്ടുണ്ടെന്ന് കരുതപ്പെടുന്നു.

അതിനിടയിൽ, ഓമിക്രോൺ വൈറസിന്റെ എപ്പിസെന്ററായി മാറിയ ദക്ഷിണാഫ്രിക്കയിൽ ഇന്നലെ 2828 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ ഇരട്ടിയായാണ് പുതിയരോഗികളുടെ എണ്ണം വർദ്ധിച്ചത്. എന്നാൽ, പുതിയ വകഭേദം ബാധിച്ച ആരും ഇതുവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ല. നിലവിലെ വാക്സിനുകൾക്കും, ഓമിക്രോൺ ബാധിച്ചാൽ രോഗം ഗുരുതരമാകാതെ തടയാൻ കഴിയുമെന്ന് ഓക്സ്ഫോർഡിലെ ശാസ്ത്രജ്ഞനും , അസ്ട്ര സെനെകാ വാക്സിൻ വികസിപ്പിച്ച സംഘത്തിലെ അംഗവുമായ സർ ആൻഡ്രൂ പൊള്ളാർഡ് പ്രത്യാശ പ്രകടിപ്പിച്ചു.

ഓമിക്രോൺ വകഭേദത്തെ ഭയന്ന് അതിർത്തികൾ അടച്ചുപൂട്ടുന്ന രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കയും ചേർന്നു. ആഗോളാടിസ്ഥാനത്തിൽ തന്നെ വാക്സിൻ പദ്ധതി വിജയം കണ്ടെത്തിയാൽ മാത്രമേ ഈ മഹാവ്യാധിയെ തടയാൻ കഴിയൂ എന്ന് ജോ ബൈഡൻ പറഞ്ഞു. ന്യു യോർക്ക് നഗരത്തിൽ 2020 ഏപ്രിൽ കണ്ടതുപോലുള്ള രോഗവ്യാപനം ഉണ്ടായതോടെ അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം നെതർലാൻഡ്സിൽ കോവിഡ് പോസിറ്റീവ് ആയ വിമാനയാത്രക്കാരെ മുഴുവൻ ഹോട്ടൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെ ബാധിച്ചിരിക്കുന്നത് പുതിയ വകഭേദമാണോ എന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.