- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏത് രാജ്യത്തുനിന്ന് ആരെത്തിയാലും രണ്ടാം ദിവസത്തെ പി സി ആർ ടെസ്റ്റ് വരും വരെ ക്വാറന്റൈൻ; പുറത്തിറങ്ങാൻ മാസ്‌ക് നിർബന്ധം; ബോത്സ്വാന വൈറസ് സമ്പർക്കമുണ്ടായാൽ 10 ദിവസം ഐസൊലേഷൻ; പുതിയ വൈറസിനെ നേരിടാൻ ബ്രിട്ടൻ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഇങ്ങനെ
മരണമണി മുഴക്കി അവനെത്തുമെന്ന് ഉറപ്പായതോടെ ബ്രിട്ടന്റെ കതകുകൾ വീണ്ടും കൊട്ടിയടക്കപ്പെടാൻ ഒരുങ്ങുകയാണ്. ഓമിക്രോൺ എന്ന ഭീകരനെ ഭയന്ന്, ഒരിക്കൽ എടുത്തുകളഞ്ഞ കോവിഡ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുകയാണ് ബ്രിട്ടീഷ് സർക്കാർ. അതിന്റെ ആദ്യപടിയായി യാത്രാനിയന്ത്രണങ്ങൾ തിരിച്ചു വരുന്നു. ലോകത്തിന്റെ ഏത് കോണിൽ പോയാലും ബ്രിട്ടനിൽ തിരിച്ചെത്തുമ്പോൾ രണ്ടാം ദിവസം പി സി ആർ ടെസ്റ്റ് നിർബന്ധമാക്കുകയാൺ'. മാത്രമല്ല, കടകളിലും ട്രെയിനുകളിലും മറ്റും ഇനിമുതൽ ഫേസ്മാസ്‌ക് ധരിക്കുന്നത് നിർബന്ധമായിരിക്കും.
ധൃതിപിടിച്ച് ഡൗണിങ് സ്ട്രീറ്റിൽ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിലായിരുന്നു ബോറിസ് ജോൺസൺ ഇക്കാര്യം പ്രഖ്യാപിച്ചത്. ബ്രിട്ടനിൽ രണ്ടുപേരിൽ ബൊത്സ്വാനിയ് വകഭേദത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെയാണ് കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങാൻ സർക്കാൻ നിർബന്ധിതമായത്. പ്രതീക്ഷിച്ചിരുന്നതുപോലെ ക്രിസ്ത്മസ്സ് ആഘോഷങ്ങൾ നടത്താൻ കഴിയുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ലെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
ഏത് രാജ്യത്തുനിന്ന് തിരിച്ചെത്തിയാലും പി സി ആർ ടെസ്റ്റ് നടത്തണം. മാത്രമല്ല, അതിൽ നെഗറ്റീവ് റിപ്പോർട്ട് വരുന്നതുവരെ സ്വയം ഐസൊലേറ്റ് ചെയ്യുകയും വേണം. ഗോൾഡ് സ്റ്റാൻഡേർഡ് ടെസ്റ്റായിരിക്കണം നടത്തേണ്ടത്. അതുപോലെ ഓമിക്രോണിന്റെ സാന്നിദ്ധ്യം തെളിഞ്ഞാൽ, ആ രോഗിയുമായി സമ്പർക്കം പുലർത്തിയവരൊക്ക് 10 ദിവസത്തേക്ക് ഹോം ക്വാറന്റൈന് വിധേയരാകണം.
ആരോഗ്യവകുപ്പ് മേധാവി ക്രിസ് വിറ്റിയുടേയും ശാസ്ത്രോപദേശക സമിതി തലവൻ സർ പാട്രിക് വാലൻസിന്റെയും അകമ്പടിയോടെ എത്തിയ ബോറിസ് ജോൺസൺ പൊതു ഗതാഗത സംവിധാനങ്ങളിലും കടകളിലും പ്രവേശിക്കുന്നതിന് മാസ്‌ക് നിർബന്ധമാക്കുന്നു എന്നും പ്രഖ്യാപിച്ചു. ബാറുകളേയും റെസ്റ്റോറന്റുകളെയും ഇപ്പോൾ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, എന്നുമുതൽ ഈ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന കാര്യത്തിൽ സർക്കാർ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. അടുത്ത ഒന്നു രണ്ടു ദിവസങ്ങൾക്കുള്ളിൽ ആരോഗ്യ സെക്രട്ടറി സാജിദ് വാജിദ് ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ശൈത്യകാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിൽ ഇതാദ്യമായാണ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. സ്‌കോട്ട്ലാൻഡിലും വെയിൽസിലും രോഗവ്യാപനം വർദ്ധിച്ചതോടെ ചില നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ നേരത്തേ തയ്യാറാക്കിയിരുന്ന പ്ലാൻ ബി മാത്രം മതിയാകില്ല രോഗവ്യാപനം തടയാൻ എന്നാണ് വിദഗ്ദർ പറയുന്നത്. ക്രിസ്ത്മസ്സ് കാലത്ത് മറ്റൊരു ലോക്ക്ഡൗണിനുള്ള സാദ്ധ്യത ബോറിസ് ജോൺസനും തള്ളിക്കളയുന്നില്ല.
നേരത്തേ ആറു ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന ഗതാഗതം നിരോധിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് നോട്ടിങ്ഹാമിലും ബ്രെന്റ്വുഡിലും ഓമിക്രോൺ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ആരോഗ്യ സെക്രട്ടറി സ്ഥിരീകരിച്ചത്. രണ്ടുപേരും സൗത്ത് ആഫ്രിക്ക സന്ദർശിച്ച് മടങ്ങിയവരാണ്. രോഗ ബാധിതരോടും അവരുടെ കുടുംബാംഗങ്ങളോടും സെൽഫ് ഐസൊലേഷനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓമിക്രോണിനെ കുറിച്ചുള്ള വാർത്തകൾ പരക്കുകയും, ചെറിയതോതിലാണെങ്കിലും ബ്രിട്ടൻ വീണ്ടും കോവിഡ് നിയന്ത്രണങ്ങളിലേക്ക് മടങ്ങുകയും ചെയ്തതോടെ ഈ വർഷത്തെ ക്രിസ്ത്മസ്സ് ആഘോഷവും വീടുകളിൽ അടച്ചുപൂട്ടി ചെലവാക്കേണ്ടി വരുമെന്ന ആശങ്ക ബ്രിട്ടനിലുയർന്നിട്ടുണ്ട്. മാത്രമല്ല, ക്രിസ്ത്മസ്സ് കാലത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ വരുമോ എന്ന പത്രക്കാരുടെ ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം ബോറിസ് ജോൺസൺ നൽകിയില്ല. കഴിഞ്ഞവർഷത്തേക്കാൾ മികച്ച ക്രിസ്ത്മസ്സായിരിക്കും ഇത്തവണ എന്നുമാത്രമായിരുന്നു അദ്ദേഹം പറഞ്ഞത്.