അബുദാബി: യുഎഇയിൽ മദ്യ ഉപയോഗം സംബന്ധിച്ച ഒരു കൂട്ടം നിയമങ്ങളിൽ പുതിയ ഭേദഗതികൾ പ്രഖ്യാപിച്ചു. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

പൊതു സ്ഥലങ്ങളിലും ലൈസൻസില്ലാത്തെ സ്ഥലങ്ങളിലും മദ്യം ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്നതടക്കമാണ് ഭേദഗതികളാണ് കൊണ്ടുവരുന്നത്.

21 വയസിൽ താഴെയുള്ള വ്യക്തിക്ക് മദ്യം വിൽപന നടത്തുന്നതും മദ്യപിക്കാൻ പ്രേരിപ്പിക്കുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാണ്. യുഎഇയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ച് കൊണ്ടുവരുന്ന നിയമ ഭേദഗതികളുടെ ഭാഗമായാണ് മദ്യ ഉപയോഗം സംബന്ധിച്ച നിയമങ്ങളിലും മാറ്റം വരുന്നത്. ഭാവിയിലേക്ക് രാജ്യത്തെ സജ്ജമാക്കുന്നതിനുള്ള പരിഷ്‌കാരങ്ങളാണ് 50-ാം വാർഷികത്തോടനുബന്ധിച്ച് യുഎഇ നടപ്പാക്കുന്നത്.

നാൽപതോളം നിയമങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് ഇപ്പോൾ കൊണ്ടുവരുന്ന ഈ മാറ്റങ്ങൾ അര നൂറ്റാണ്ട് കാലത്തെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമ പരിഷ്‌കാരമാണ്. പ്രാദേശിക തലത്തിലും ഫെഡറൽ തലത്തിലുമുള്ള സഹകരണത്തോടെ നിയമ പരിഷ്‌കാരങ്ങൾ നടപ്പാക്കുകയാണ് രാജ്യം.

ഫെഡറൽ, പ്രാദേശിക തലങ്ങളിലെ 50 ഭരണ സംവിധാനങ്ങളിൽ നിന്നുള്ള 540 വിദഗ്ദ്ധർ കഴിഞ്ഞ അഞ്ച് മാസം നീണ്ട പരിശ്രമങ്ങളിലൂടെയാണ് നിയമ ഭേദഗതികൾ തയ്യാറാക്കിയത്. നൂറിലധികം സ്വകാര്യ സ്ഥാപനങ്ങളുമായും ഇവർ ചർച്ചകൾ നടത്തിയിട്ടുണ്ട്.