മംഗളൂരു: മംഗളൂരുവിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ മർദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ എട്ട് മലയാളി വിദ്യാർത്ഥികളടക്കം ഒൻപതുപേർ അറസ്റ്റിൽ. മംഗളൂരുവിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളായ ഗുരുവായൂർ കാരക്കാട് വീട്ടിൽ പ്രവീഷ് (21), ഇടുക്കി തങ്കമണി കുഴിക്കലായിൽ നന്ദു ശ്രീകുമാർ (19), തങ്കമണി പീടികയിൽ അലൻ ഷൈജു (19), തൃശ്ശൂർ കണ്ടനശ്ശേരി നമ്പഴിക്കാട് ഗോപീകൃഷ്ണ (21), ചാവക്കാട് പാലക്കൽ പി.ആർ. വിഷ്ണു (22), അഭി അലക്സ് (19), ജാസിൽ മുഹമ്മദ് (19), തൃശ്ശൂർ ചാവക്കാട് പുതുവീട്ടിൽ പി.എൻ. ഹസ്സൻ (21), സി.കെ.പി. ശിഹാഷ് എന്നിവരാണ് അറസ്റ്റിലായത്.

മംഗളൂരു ഇന്ദിര കോളേജ് അലൈഡ് ഹെൽത്ത് വിഭാഗത്തിൽ ഒന്നാം വർഷ വിദ്യാർത്ഥി കണ്ണൂർ പാപ്പിനിശേരി വേളാപുരം പാന്നേരി വീട്ടിൽ അമൽ ഗിരീഷ് (21), സുഹൃത്ത് കാർത്തിക് എന്നിവർക്കാണ് വെള്ളിയാഴ്ച രാത്രി മർദനമേറ്റത്. അറസ്റ്റിലായവരിൽ ഏഴുപേർ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി മംഗളൂരു പൊലീസ് പറഞ്ഞു. മംഗളൂരുവിൽനിന്ന് ഷോപ്പിങ് കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോവുകയായിരുന്ന ഇവർ തങ്ങളുടെ കോളേജിൽ പഠിക്കുന്ന മുതിർന്ന വിദ്യാർത്ഥികളടക്കമുള്ളവരെ കണ്ടപ്പോൾ അഭിവാദ്യം ചെയ്തു.

ഇത് ഇഷ്ടപ്പെടാത്ത മുതിർന്ന വിദ്യാർത്ഥികളിൽ ചിലർ രണ്ടുപേരെയും അത്താവറിലെ റൊയാലെ അപ്പാർട്ട്‌മെന്റിലേക്കു കൂട്ടിക്കൊണ്ടുപോയി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പാട്ടുപാടിക്കുകയും താടിവടിപ്പിക്കുകയും അക്കൗണ്ടിലുണ്ടായിരുന്ന പണം പ്രതികളിൽ ഒരാളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയും ചെയ്തു. ഇവിടെനിന്ന് രക്ഷപ്പെട്ട വിദ്യാർത്ഥികൾ വെൻലോക് ആശുപത്രിയിൽ ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

അന്വേഷണം നടത്തിയ പാണ്ഡേശ്വരം പൊലീസ് ഷിഹാസിനെ മംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്നും മറ്റുള്ളവരെ താമസസ്ഥലത്തുനിന്നുമാണ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇതിൽ ഏഴുപേർ കഞ്ചാവ് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ ഒൻപതുപേരെയും റിമാൻഡ് ചെയ്തു.