ലോകമാകെ ഓമിക്രോണിന്റെ ഭീതിയിൽ ഉഴറുമ്പോൾ തെക്കൻ ചൈനാ കടലിൽ വീണ്ടും സംഘർഷം സൃഷ്ടിക്കുകയാണ് ചൈന. 27 ചൈനീസ് യുദ്ധവിമാനങ്ങളാണ് തായ് വാന്റെ വ്യോമാതിർത്തിയിലേക്ക് ഇന്നലെ കുതിച്ചെത്തിയത്. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലുള്ള എയർ ഡിഫൻസ് ഐഡെന്റിഫിക്കേഷൻ സോണിലേക്ക് ഇന്നലെ ചൈനയുടെ യുദ്ധവിമാനങ്ങൾ എത്തിയതായി തായ് വാനീസ് പ്രതിരോധ മന്ത്രലയം സ്ഥിരീകരിച്ചു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 27 വിമാനങ്ങളായിരുന്നു വ്യോമാതിർത്തി കടന്നെത്തിയത്.

അമേരിക്കൻ കോൺഗ്രസ്സിന്റെ പ്രതിനിധികൾ തായ്പേയിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയതിനെ തുടർന്ന് തായ് വാൻ ഉൾക്കടലിലും യുദ്ധ സന്നദ്ധത വിളംബരം ചെയ്തുകൊണ്ടുള്ള പ്രകടനം ചൈനീസ് സൈന്യം നടത്തിയിരുന്നു. വെള്ളിയാഴ്‌ച്ചയായിരുന്നു രണ്ടു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ ജനപ്രതിനിധി സഭയിൽ നിന്നും അഞ്ച് പ്രതിനിധികൾ തായ്വാനിലെത്തിയത്. ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് അമേരിക്കൻ ജനപ്രതിനിധികൾ തായ്വാൻ സന്ദർശിക്കുന്നത്.

കഴിഞ്ഞ തവണ അമേരിക്കൻ ജനപ്രതിനിധികൾ തായ് വാൻ സന്ദർശിച്ചപ്പോഴും തായ്വാൻ ഉൾക്കടലിൽ ചൈന സൈനിക പ്രകടനം നടത്തിയിരുന്നു. തായ് വാൻ ഉൾക്കടൽ ലക്ഷ്യമാക്കി നാവികസേനയും വ്യോമസേനയും യോജിച്ച് പട്രോളിങ് നടത്തിയതായി പീപ്പിൾസ് ലിബറേഷൻ ആർമിയും വ്യക്തമാക്കിയിട്ടുണ്ട്. തായ് വാൻ ചൈനയുടെ ഭാഗമാണെന്നും നിലവിലെ സാഹചര്യത്തിൽ രാഷ്ട്രത്തിന്റെ പരമാധികാരം കാത്തുസൂക്ഷിക്കുവാൻ സൈന്യം ദത്തശ്രദ്ധരാണെന്നും സൈനിക വക്താവ് അറിയിച്ചു.

അമേരിക്കൻ ജനപ്രതിനിധികൾ തുടർച്ചയായി തായ്വാൻ സന്ദർശിക്കുന്നതിനെതിരെ ചൈന പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. തായ് വാൻ കാർഡ് കളിക്കുന്നത് അമേരിക്കയ്ക്ക് നഷ്ടം മാത്രമേ വരുത്തി വയ്ക്കുകയുള്ളു എന്നാണ് ചൈന പറയുന്നത്. എന്നാൽ, തായ് വാൻ പ്രസിഡണ്ടിനെ സന്ദർശിച്ച ജനപ്രതിനിധികൾ തായ് വാന് അമേരിക്കക്കുള്ള പിന്തുണ അറിയിച്ചതായാണ് വിവരം.

മറ്റു പല രാജ്യങ്ങളേയും പോലെ അമേരിക്കയ്ക്കും തായ്വാനുമായി ഔദ്യോഗിക ബന്ധമില്ലെങ്കിലും ജനാധിപത്യം നിലനിൽക്കുന്ന ഒരു രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ സംരക്ഷിക്കാൻ അമേരിക്കയ്ക്ക് ബാദ്ധ്യതയുണ്ടെന്നാണ് ജനപ്രതിനിധികൾ അവകാശപ്പെടുന്നത്.

ഒക്ടോബറിൽ 53 സൈനികവിമാനങ്ങളേയായിരുന്നു ചൈന തായ്വാൻ അതിർത്തിക്കുള്ളിലേക്ക് അയച്ചത്. അതിനുശേഷം അഞ്ച് വ്യത്യസ്ത സന്ദർഭങ്ങളിലായി കഴിഞ്ഞ ഏതാനും ആഴ്‌ച്ചകൾക്ക് മുൻപ് ചൈന 93 സൈനിക വിമാനങ്ങളേയും തായ്വാൻ അതിർത്തിക്കുള്ളിലേക്ക് അയച്ചിരുന്നു.