- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ 'റെഡ് ലിസ്റ്റിൽ' ബ്രിട്ടനും; ഒമിക്രോൺ ഭയത്തിൽ നിയന്ത്രണം ശക്തമാക്കും; വിമാനങ്ങൾക്കു വിലക്ക് വരുമോ എന്നത് നാട്ടിലെത്തിയവരെയും പോകാനിരിക്കുന്നവരും ഭയപ്പാടിലാക്കുന്നു; യുകെയിൽ ബൂസ്റ്റർ ഡോസിന് കൂട്ടയിടി
ലണ്ടൻ: അന്ന് ഇന്ത്യ ബ്രിട്ടന്റെ ഔദ്യോഗിക റെഡ് ലിസ്റ്റിൽ. ഇന്ന് ബ്രിട്ടൻ ഇന്ത്യയുടേയും. കാലം കോവിഡിനെക്കൊണ്ട് എന്തൊക്കെ ചെയ്യിക്കുന്നു എന്ന അങ്കലാപ്പിലാണ് ലോകമിപ്പോൾ. ഡെൽറ്റ വൈറസ് സാന്നിധ്യം ഇന്ത്യയിൽ നിന്നും പലയിടത്തേക്കും പടർന്നപ്പോഴാണ് ബ്രിട്ടൻ ഇന്ത്യയെ ഊരുവിലക്കിനു സമാനമായ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി തളച്ചിട്ടത്. ബ്രിട്ടന് പിന്നാലെ അനേകം രാജ്യങ്ങളിൽ നിന്നും ഇന്ത്യ ഒറ്റപ്പെട്ടു. വീണ്ടും പഴയ നിലയിൽ കാര്യങ്ങൾ എത്താൻ ആറുമാസത്തിലധികം സമയമാണ് വേണ്ടി വന്നത്. ഇപ്പോൾ
കോവിഡിന്റെ മറ്റൊരു വകഭേദം ആഫ്രിക്കയിൽ നിന്നും തലപൊക്കിയപ്പോൾ അതിന്റെ ജനിതക ശ്രേണിയിൽ ഉൾപ്പെട്ട വൈറസ് ബ്രിട്ടനിലും തിരിച്ചറിഞ്ഞതാണ് ഇന്ത്യ അതിവേഗത്തിൽ ബ്രിട്ടനെ നിയന്ത്രണ ലിസ്റ്റിൽ ഉൾപെടുത്താൻ കാരണമായത്. ബ്രിട്ടനോടൊപ്പം മറ്റു 11 രാജ്യങ്ങളും ഈ ലിസ്റ്റിൽ ഉണ്ട്. റെഡ് ലിസ്റ്റ് പോലുള്ള സംവിധാനം വഴി ഇനിയുള്ള കാലം ലോകത്തെ അടച്ചിടാൻ കഴിയില്ലെന്ന തിയറി ഏവരും അംഗീകരിച്ചെങ്കിലും പുതിയൊരു വൈറസ് വകഭേദം എന്ന് കേൾക്കുമ്പോൾ ലോകത്തെ ഏതു രാജ്യവും ചിന്തിക്കുന്നത് അതിർത്തികൾ അടച്ചു സുരക്ഷിതമാകാനാണ്.
ഇത് വൈറസ് എത്തുന്നത് തടയാൻ കാരണം ആകില്ലെങ്കിലും വൈറസിന്റെ സ്വഭാവം പഠിച്ചെടുക്കാനുള്ള സമയമായി പ്രയോജനപ്പെടുത്തുകയാണ് ലോക രാജ്യങ്ങൾ .ഇപ്പോൾ ബ്രിട്ടനെതിരെ ഇന്ത്യയുടെ നടപടിയും അത്തരത്തിൽ കണ്ടാൽ മതിയാകും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതിനാണ് ബ്രിട്ടനിൽ നിന്നും ഇന്ത്യയിൽ എയർ പോർട്ടുകളിൽ എത്തുന്നവരെ കർശന പരിശോധനക്ക് വിധേയമാക്കുന്നത്.
ഈ കർക്കശ പരിശോധന തീർച്ചയായും യുകെയിൽ നിന്നും കേരളത്തിൽ എത്തുന്ന മലയാളികൾക്കും നേരിടേണ്ടി വരും . നാട്ടിൽ എത്തി പിസിആർ ടെസ്റ്റിന് വിധേയമായി ഫലം നെഗറ്റീവ് ആയി കയ്യിൽ കിട്ടും വരെ ക്വാറന്റിന് വേണ്ടിവരും എന്നാണ് പ്രാഥമികമായ വിവരം. പുതിയ വകഭേദമുള്ള വൈറസുമായാണ് ഒരാൾ എത്തുന്നതെങ്കിൽ അത് വേഗത്തിൽ കണ്ടെത്താനാണ് ഈ സംവിധാനം. ഇതേ രീതി തന്നെ ബ്രിട്ടനും സ്വീകരിച്ചു തുടങ്ങി. മടങ്ങി വരുന്ന ഓരോ യാത്രക്കാരും പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തണം. ഈ സമയം ഐസലേഷൻ നടത്തുകയും വേണ്ടി വരും.
ഒമൈക്രോൺ ഭീകരമായ സാഹചര്യം സൃഷ്ടിച്ചാൽ വിമാന സർവീസുകൾ ഉൾപ്പെടെ സകലതും നിലയ്ക്കും എന്നുറപ്പാണ്. ഈ ആശങ്ക പൂർണമായും ഒഴിയണം എങ്കിൽ ഒരാഴ്ച എങ്കിലും കാത്തിരിക്കേണ്ടി വരും. അതുവരെ നാട്ടിൽ എത്തിയവരും പോകാനിരിക്കുന്നവരും ഭയാശങ്കയിലൂടെയാണ് കടന്നു പോകുന്നത്. ഒമിക്രോൺ സാന്നിധ്യം വ്യക്തമായതോടെ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യാൻ ശ്രമിക്കുന്നവർക്കു വലിയ തുകയാണ് എയർലൈനുകൾ പിഴയായി നിശ്ചയിക്കുന്നത് എന്നും ആക്ഷേപമുണ്ട്. ഇക്കാരണത്താൽ മനസില്ലാ മനസോടെ യാത്ര തുടരാമെന്ന് നിശ്ചയിച്ചവരും അനേകം.
അതിനിടെ ആശങ്ക ഒഴിയാൻ സമയം ആയിട്ടില്ലെന്ന് സൂചിപ്പിച്ചു മൂന്നാമത് ഒരാളിൽ കൂടി ഒമിക്രോൺ സാന്നിധ്യം യുകെയിൽ ഉറപ്പിച്ചിട്ടുണ്ട്. ഈ വ്യക്തി ഇപ്പോൾ യുകെയിൽ ഇല്ലെങ്കിലും വെസ്റ്റമിനിസ്റ്റർ സന്ദർശനം നടത്തി എന്നതും പ്രധാനമാണ്. ഇയാളിൽ നിന്നും മാറ്റുള്ളവരിൽ പുതിയ വകഭേദം എത്തിയിട്ടുണ്ടോ എന്ന ഭയമാണ് പങ്കുവയ്ക്കപ്പെടുന്നത്.
നാൽപതു പിന്നിട്ടവർക്കു ബൂസ്റ്റർ ഡോസ് നല്കാൻ കൂടുതൽ സംവിധാനങ്ങളും യുകെയിൽ ഒരുക്കിയിട്ടുണ്ട്. ഏതു വിധത്തിലും വിന്റർ കാലത്തെ അധിക കോവിഡ് മരണം ഒഴിവാക്കാനുള്ള ശ്രമാണ് ബ്രിട്ടൻ ഏറ്റെടുത്തിരിക്കുന്നത്. ജർമനിയിലും പോളണ്ടിലും ഒക്കെ രോഗ വ്യാപനം കടുക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസാണ് ഏക പ്രതിവിധി എന്ന മട്ടിലാണ് ബ്രിട്ടന്റെ ചടുല നീക്കങ്ങൾ. ബൂസ്റ്റർ ഡോസ് നാല്പത്തിന് താഴെ ഉള്ളവർക്ക് നൽകാനായി ശാസ്ത്ര സംഘത്തിന്റെ അന്തിമ അനുമതിക്കായി കാക്കുകയാണ് സർക്കാർ.
ശാസ്ത്ര സംഘം പച്ചക്കൊടി കാട്ടിയാൽ ഏറ്റവും വേഗത്തിൽ ചെറുപ്രായക്കാർക്കും ബൂസ്റ്റർ ഡോസ് ലഭ്യമാക്കും.ഡിസംബർ പതിനൊന്നിന് അകം പ്രതിരോധം കുറഞ്ഞ നാല്പത്തിന് മുകളിൽ ഉള്ളവർക്ക് ബൂസ്റ്റർ ഡോസ് വാക്‌സിൻ പൂർണമായും എത്തിക്കാനാകും എന്ന പ്രതീക്ഷയാണ് സർക്കാർ പങ്കുവയ്ക്കുന്നത്
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.