ജനീവ: എല്ലാം ഒന്നു നേരേയായി വരുമ്പോഴേക്കും ഉറക്കം കെടുത്തി കോവിഡ് 19 ഒമിക്രോണിന്റെ വരവ്. തുറന്നിട്ട വാതിലുകൾ വീണ്ടും അടയ്ക്കുന്ന സാഹചര്യം. എല്ലായിടത്തും സംസാരമിതാണ്, ഡെൽറ്റ വകഭേദത്തേക്കാൾ അപകടകാരി ആണോ ഒമിക്രോൺ. പഴയ ആളല്ല പുതിയ ആൾ എന്നതാണ് ആശങ്കയ്ക്ക് കാരണം. ലോക രാജ്യങ്ങൾ വാക്‌സിൻ വികസിപ്പിച്ച വൈറസിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഒമിക്രോൺ. ആകെ 50 ജനിതകമാറ്റങ്ങൾ വൈറസിന് സംഭവിച്ചതിൽ 30ഉം സ്‌പൈക് പ്രോട്ടീനിലാണ് എന്നത് ആശങ്ക കൂട്ടുന്നുവെങ്കിലും, എത്രത്തോളം അപകടകാരി? അതാണ് എല്ലാവർക്കും അറിയേണ്ടത്.

ലോകാരോഗ്യ സംഘടന പറയുന്നത്

ഒമിക്രോൺ തീർച്ചയായും ആഗോള വ്യാപകമായി വളരെ വലിയ റിസ്‌ക് തന്നെ എന്നാണ് ലോകാരോഗ്യ സംഘടന തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ഈ വൈറസ് എത്രത്തോളം പകരും, എത്രത്തോളം അപകടകാരിയാണ് എന്നീ കാര്യങ്ങളാണ് അറിയാനിരിക്കുന്നത്. ഒമിക്രോൺ മൂലം വലിയൊരു വ്യാപനം ആഗോള തലത്തിൽ ഉണ്ടായാൽ, പ്രത്യാഘാതങ്ങൾ ഗുരുതരം ആയിരിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു. എന്നാൽ, ഇതുവരെ ഈ കോവിഡ് വകഭേദവുമായി ബന്ധപ്പെട്ട ഒരു മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ബി.1.1.529 ദക്ഷിണാഫ്രിക്കയിലാണ് ആദ്യം കണ്ടുപിടിച്ചത്. പിന്നീട് ഇത് ഒമിക്രോൺ എന്ന് പേരുമാറ്റുകയായിരുന്നു. താരതമ്യേന ദുർബലരാണ് ആൽഫ, ബീറ്റ, ഗാമ വേർഷനുകൾ. എന്നാൽ, വിശ്വരൂപം കാട്ടിയത് ഡെൽറ്റ വകഭേദവും. ഒമിക്രോണിന്റെ സ്വഭാവമാണ് അറിയാനുള്ളത്.

ഡെൽറ്റയെ അപേക്ഷിച്ച് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വളരെ വേഗത്തിൽ ഒമിക്രോൺ പകരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ആർടിപിസിആർ ടെസ്റ്റ് വഴി ഒമിക്രോണിന്റെ സാന്നിധ്യം അറിയാൻ കഴിയും. ഡബ്ല്യുഎച്ച്ഒ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഈ വകഭേദത്തിന്റെ പ്രഹര ശേഷി പഠിച്ചുകൊണ്ടിരിക്കുകയാണ്. പഠനം നിരവധി ആഴ്ചകൾ എടുത്തേക്കും.

കൂടുതൽ ഗുരുരാവസ്ഥയിലേക്ക് നയിക്കുമോ ഒമിക്രോൺ എന്ന കാര്യത്തിലും വ്യക്തതയില്ല. മറ്റുവകഭേദങ്ങളുടെ ലക്ഷണങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഒമിക്രോണിന്റെ ലക്ഷണങ്ങൾ എന്നും പറയാറായിട്ടില്ല. ദക്ഷിണാഫ്രിക്കയിൽ കൂടുതൽ ആളുകൾ ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്. ഇത് ഒമിക്രോൺ തന്നെയാവണമെന്നില്ല. മറ്റുവകഭേദങ്ങളും ആവാം. ആദ്യം റിപ്പോർട്ട ചെയ്ത് ഒമിക്രോൺ കേസുകൾ ചെറുപ്പക്കാരായ സർവകലാശാല വിദ്യാർത്ഥികളിലായിരുന്നു. അവർക്ക് കാര്യമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

ആശങ്കയായി ജനിതക മാറ്റങ്ങൾ

ആകെ 50 ഓ അതിലധികമോ ജനിതക മാറ്റങ്ങൾ ഒമിക്രോണിന് സംഭവിച്ചതായി അറിയാൻ കഴിഞ്ഞു. ഇത്രയധികം ജനിതക മാറ്റം വന്ന വൈറസ് എങ്ങനെ പെരുമാറും എന്ന കാര്യത്തിലാണ് ആശങ്ക എന്ന് ലോകാരോഗ്യസംഘടനയുടെ ടെക്‌നിക്കൽ ഹെഡ് മരിയ വാൻ കെർകോവെ കഴിഞ്ഞ ദിവസം പറഞ്ഞു.

ഈ വകഭേദം ലോകത്തിന്റെ മറ്റുപല ഭാഗത്തും മറഞ്ഞുകിടപ്പുണ്ടാകുമോ എന്ന സംശയവും ശാസ്ത്രജ്ഞർ ഉയർത്തുന്നു. നവംബർ 9 നാണ് ദക്ഷിണാഫ്രിക്കൻ ഗവേഷകർ ആദ്യ ഒമിക്രോൺ കേസ് കണ്ടുപിടിച്ചത്. പിന്നീട് ബുധനാഴ്ച ലോകാരോഗ്യ സംഘടനയ്ക്ക് വിവരം റിപ്പോർട്ട് ചെയ്തു. നേരത്തെ കണ്ടുപിടിക്കാൻ കഴിഞ്ഞത് പോസിറ്റീവായി കാണുന്നു ശാസ്ത്രലോകം.

ഡെൽറ്റയേക്കാൾ ആറുമടങ്ങ് പ്രഹര ശേഷിയോ?

ഒമിക്രോണിന്റെ പ്രഹര ശേഷിയെ കുറിച്ചുള്ള കഥകൾ നിറം പിടിപ്പിച്ചതാണ്. ശാസ്്ത്രത്തിന്റെ പിൻബലമില്ല. എന്നിരുന്നാലും ചില റിപ്പോർട്ടുകൾ പ്രകാരം ഡെൽറ്റയേക്കാൾ ഏകദേശം ആറുമടങ്ങ് പ്രഹര ശേഷി ഒമിക്രോണിന് ഉണ്ടാകാം. ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന് റിപ്പോർട്ട് പ്രകാരം ഒമിക്രോണിന് മോണോ ക്ലോണൽ ആന്റിബോഡി തെറാപ്പിയോ, കോക് ടെയിൽ ചികിത്സയോ ഫലപ്രദം ആകണമെന്നില്ല. പ്രതിരോധ ശേഷി മറികടക്കാനും, സമ്പൂർണ വാക്‌സിനേഷൻ സ്വീകരിച്ചവരിലും രോഗബാധ ഉണ്ടാക്കാനും കഴിഞ്ഞേക്കും.

അത്ര പേടിക്കേണ്ട ഭീകരനല്ല!

ലോകജനസംഖ്യയെ ആകെ ബാധിക്കുന്ന ഭീമനെന്ന വാദം ശക്തമാകുമ്പോഴും അത്രയ്ക്ക് ഭയക്കേണ്ട ഭീകരനല്ല ഒമിക്രോൺ എന്നാണ് പുതിയ വൈറസിന്റെ വരവറിയിച്ച ദക്ഷിണാഫ്രിക്കൻ ഡോക്ടർ ആംഗെലിക് കൂറ്റ്സീ പറയുന്നത്.

ഒമിക്രോൺ വൈറസ് വകഭേദത്തിന് ഗുരുതര രോഗ ലക്ഷണങ്ങൾ ഇല്ലെന്നും കൂറ്റ്സി വ്യക്തമാക്കുന്നു. കഴിഞ്ഞ 10 ദിവസമായി തന്റെ കീഴിൽ ചികിത്സയിലുള്ള 30 ഓളം രോഗികൾക്ക് സാധാരണ ലക്ഷണങ്ങളേയുള്ളുവെന്നും പലരും ആശുപത്രിയിൽ കിടക്കാതെ പൂർണ രോഗമുക്തി നേടിയെന്നും അവർ ഞായറാഴ്ച എ.എഫ്.പി വാർത്ത ഏജൻസിയോട് പറഞ്ഞു.

രോഗികളിൽ കൂടുതലും 40 വയസിൽ താഴെയുള്ളവരാണ്. ചെറിയ പേശീവേദന, തൊണ്ടവേദന, വരണ്ട ചുമ എന്നിവ മാത്രമാണ് അവർക്കുണ്ടായതെന്ന് ഡോക്ടർ പറഞ്ഞു. ഈ മാസം 18നാണ് ഡെൽറ്റ വകഭേദമല്ലാത്ത മറ്റൊരു വൈറസിന്റെ സാന്നിധ്യത്തെപ്പറ്റി കൂറ്റ്സി അധികൃതരെ അറിയിച്ചത്. തുടർന്ന് ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരാണ് ബി1.1.529 എന്ന വൈറസാണെന്ന് ഈ മാസം 25ന് സ്ഥിരീകരിച്ചത്.

പിന്നീടാണ് ലോകമാകെ പുതിയ വൈറസ് ഭീതി പരന്നത്. എത്ര മാരകമാണ് പുതിയ വൈറസ് എന്ന് ഇനിയും തിരിച്ചറിയാത്ത സാഹചര്യത്തിൽ ഇല്ലാത്ത ഭീഷണി കലർത്തി അതിനെ അവതരിപ്പിച്ചത് നിർഭാഗ്യകരമാണെന്നും തങ്ങൾ ഈ രീതിയിൽ ഒമിക്രോണിനെ അവതരിപ്പിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. വാക്സിൻ എടുക്കാത്തവർക്കും നേരിയ ലക്ഷണങ്ങളേ കാണാനുള്ളൂ. യൂറോപ്പിലെ പലർക്കും ഈ വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നും അവർ പറഞ്ഞു.

യൂറോപ്പിൽ ഒമിക്രോൺ വകഭേദം നേരത്തെ വ്യാപിച്ചിട്ടുണ്ടാകാമെന്നാണ് ദക്ഷിണാഫ്രിക്കയിൽ ഡോക്ടർമാർ പറയുന്നു. അതിനെ തിരിച്ചറിയുന്നതിൽ മറ്റു രാജ്യങ്ങളിലെ ശാസ്ത്രജ്ഞരും ഡോക്ടർമാരും പരാജയപ്പെടുകയായിരുന്നെന്നും അവർ പറയുന്നു. ഒമിക്രോൺ തിരിച്ചറിയുന്നതിൽ മറ്റു രാജ്യങ്ങൾ പരാജയപ്പെട്ടിടത്ത് വിജയിച്ച ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്തരുതെന്ന് അവർ ആവശ്യപ്പെട്ടു.

യാത്രാ നിരോധനങ്ങൾക്കെതിര ദക്ഷിണാഫ്രിക്ക

കോവിഡ് -19 പുതിയ വകഭേദമായ ഒമിക്രോൺ ആദ്യമായി കണ്ടെത്തിയതിന്റെ പേരിൽ രാജ്യത്തെ ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക അഭ്യർത്ഥിച്ചു. ഒമിക്രോൺ രോഗബാധയുടെ പേരിൽ യാത്രാവിലക്ക് ഏർപ്പെടുത്തുന്നത് തങ്ങളോടുള്ള വിവേചനം ആണെന്നും വിലക്ക് പിൻവലിക്കണമെന്നും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റാമഫോസ പറഞ്ഞു. ശാസ്ത്രീയമായി നീതീകരിക്കാനാവാത്തതാണ് ഈ യാത്രാ നിരോധനം. നെതർലാൻഡ്, ഡെന്മാർക്ക്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് റാമഫോസയുടെ പ്രതികരണം. ലോക രാജ്യങ്ങൾ ബ്ലാക് ലിസ്റ്റിൽ പെടുത്തിയതോടെയാണ് പ്രസിഡന്റ് തന്നെ രംഗത്തെത്തിയത്.

അതേസമയം, ഒമിക്രോൺ വകഭേദം പടർന്നു പിടിക്കുന്നത് കണക്കിലെടുത്ത് കൂടുതൽ രാജ്യങ്ങൾ യാത്രാ വിലക്ക് ഏർപ്പെടുത്തി. വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിയതോടെ അമേരിക്ക എട്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി. കാനഡ, സൈപ്രസ് , ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവർക്കും പ്രവേശനവിലക്ക് ഏർപ്പെടുത്തി. യു.എ.ഇ വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും ഒമിക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി.

ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് സൗദി അറേബ്യ വിലക്ക് ഏർപ്പെടുത്തി. മലാവി, സാംബിയ, മഡഗസ്സ്‌കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, കൊമൗറോസ് എന്നീ രാജ്യങ്ങിൽ നിന്നും തിരിച്ചുമുള്ള വിമാനങ്ങളാണ് വിലക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദി അറേബ്യയിൽ വിലക്ക് ഏർപ്പെടുത്തിയ ആഫ്രിക്കൻ രാജ്യങ്ങളുടെ എണ്ണം 14 ആയി.

ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്വെ, മൊസാംബിക്, ഈസ്വതിനി, ലിസോത്തോ എന്നീ രാജ്യങ്ങളിൽ നിന്നും തിരിച്ചുമുള്ള സർവീസുകൾക്കാണ് സൗദി നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ യുഎഇ, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കാണ് കുവൈത്ത് വിലക്ക് ഏർപ്പെടുത്തി.