ലണ്ടൻ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനു വളരെ ഉയർന്ന വ്യാപനശേഷിയുണ്ടെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ വിലയിരുത്തൽ ഗൗരവത്തോടെ എടുത്ത് ലോകരാജ്യങ്ങൾ. വ്യാപനം കൈവിട്ടു പോയാൽ അതീവ ഗുരുതര സ്ഥിതി വിശേഷമുണ്ടാകും. ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. അതിവ്യാപനത്തിലേക്ക് കാര്യങ്ങൾ കടക്കാത്തതു കൊണ്ടാണ് ഇത്. ഇതുവരെ 16 രാജ്യങ്ങളിലായി കേസുകൾ 185 എണ്ണമാണ് റിപ്പോർട്ട് ചെയ്തത്. ദക്ഷിണാഫ്രിക്കയിലാണ് ഏറ്റവും കൂടുതൽ 110. എണ്ണം ക്രമാതീതമായി കൂടിയാൽ ഒമിക്രോണിൽ ആശുപത്രികൾ നിറയും. ഇതോടെ കാര്യങ്ങൾ വഷളാകും.

പോർച്ചുഗലിൽ ഫുട്‌ബോൾ ക്ലബ്ബിലെ 13 പേർക്കും സ്‌കോട്ലൻഡിൽ വിദേശയാത്ര നടത്തിയിട്ടില്ലാത്ത 6 പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചു. ഇസ്രയേലിനു പിന്നാലെ ജപ്പാനും മൊറോക്കോയും വിദേശികളെ വിലക്കി അതിർത്തി അടച്ചു. ഓസ്‌ട്രേലിയ വിമാനവിലക്ക് ഡിസംബർ 15 വരെ നീട്ടി. ഇന്തൊനീഷ്യ ഹോങ്കോങ്ങിൽ നിന്നുള്ള യാത്രക്കാരെയും വിലക്കി. ഇന്ത്യയും അതീവ ജാഗ്രതിയലാണ്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയശേഷം കോവിഡ് സ്ഥിരീകരിച്ച 2 പേരുടെ സാംപിൾ തുടർപരിശോധനയ്ക്കയച്ചു.

കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യാന്തര യാത്രക്കാർക്കുള്ള മാർഗനിർദ്ദേശം പുതുക്കി. രാജ്യാന്തര യാത്രക്കാർ 'എയർ സുവിധ' പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു. യാത്രയ്ക്ക് മുൻപ് 14 ദിവസത്തെ വിവരങ്ങൾ നൽകണം. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും പോർട്ടലിൽ അപ്ലോഡ് ചെയ്യണം. ബുധനാഴ്ച മുതൽ പുതിയ മാർഗരേഖ പ്രാബല്യത്തിൽ വരും. ഹൈ റിസ്‌ക് രാജ്യങ്ങളിൽനിന്ന് എത്തുന്ന യാത്രക്കാർക്ക് കർശന നിബന്ധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് എത്തിയാൽ സ്വന്തം ചെലവിൽ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകണം. പരിശോധനഫലം നെഗറ്റീവായാലും ഏഴു ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. 12 രാജ്യങ്ങളെയാണ് ഹൈ റിസ്‌ക് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ബ്രിട്ടൻ, ബ്രസീൽ, ബംഗ്ലാദേശ്, ഇസ്രയേൽ, സിംഗപ്പുർ, മൗറീഷ്യസ്, ബോട്‌സ്വാന, ന്യൂസീലൻഡ്, ചൈന, സിംബാബ്വെ, ഹോങ്കോങ് എന്നീ രാജ്യങ്ങളാണ് ഹൈ റിസ്‌ക് പട്ടികയിലുള്ളത്.

കഴിഞ്ഞദിവസം ബെംഗളൂരുവിലെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ച 2 പേരിൽ ഒരാൾക്കു ഡെൽറ്റ വകഭേദമല്ല ബാധിച്ചതെന്നു കർണാടക അറിയിച്ചു. ഒമിക്രോൺ ആണോ എന്ന ചോദ്യത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ആയി ചർച്ച നടത്തിവരികയാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ സുധാകർ മറുപടി നൽകി. സമ്പർക്കപട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കി. ദക്ഷിണാഫ്രിക്കയിൽ നിന്ന് 24നു ഡൽഹി വഴി മുംബൈയിലെത്തിയ ഡോംബിവ്‌ലി സ്വദേശി കോവിഡ് പോസിറ്റീവാണെങ്കിലും ഒമിക്രോൺ അല്ല.

വിദേശത്തുനിന്നു നേരത്തേ എത്തിയവരുടെയും യാത്രാപശ്ചാത്തലം പരിശോധിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ഏതാനും ആഴ്ച കൂടി കാത്തിരിക്കാതെ ഒമിക്രോണിന്റെ തീവ്രത സംബന്ധിച്ച ചിത്രം വ്യക്തമാകില്ലെന്നാണു ശാസ്ത്രജ്ഞരുടെ നിലപാട്. മുൻ വകഭേദങ്ങളെക്കാൾ വേഗത്തിൽ പടരും, വാക്‌സീൻ എടുത്തവരെയും ബാധിക്കും. അതേസമയം വാക്‌സിനേഷൻ കടുത്ത രോഗാവസ്ഥയും മരണസാധ്യതയും ഒഴിവാക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.

പുതിയ വകഭേദം കൂടുതൽ വ്യാപന ഭീഷണി സൃഷ്ടിക്കുന്നതാണെന്നും മുന്നറിയിപ്പുണ്ട്. അസാധാരണ രീതിയിൽ ജനിതക മാറ്റം സംഭവിച്ച വകഭേദമാണിത്. ചില മേഖലകളിൽ ഇതു ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കാം. കോവിഡ് വന്നുപോയതു വഴിയും വാക്‌സീൻ വഴിയും കിട്ടുന്ന സുരക്ഷയെ ഒമിക്രോൺ മറികടക്കുന്നു. വിശദമായ പഠനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഒമിക്രോൺ വകഭേദത്തിന്റെ ആദ്യ അതിസൂക്ഷ്മ ത്രിമാന ചിത്രം പുറത്തു വന്നു. ഡെൽറ്റ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒട്ടേറെ ജനിതകമാറ്റം ഉണ്ടായി എന്ന വാദം ശരിവയ്ക്കുന്നതാണ് ചിത്രം. മാറ്റങ്ങൾ അധികവും വൈറസിനെ മനുഷ്യകോശത്തിലേക്കു പ്രവേശിക്കാൻ അനുവദിക്കുന്ന സ്‌പൈക് പ്രോട്ടീനിലാണ്. എന്നാൽ, കൂടുതൽ മാറ്റങ്ങൾ ഉണ്ടായി എന്നതു കൊണ്ടു മാത്രം കൂടുതൽ അപകടകാരിയാണെന്നു പറയാനാവില്ലെന്നു വിദഗ്ദ്ധർ പറയുന്നു.