ലരും തങ്ങളുടെ കരിയർ പച്ച പിടിപ്പിക്കുന്നത് തന്നെ മുപ്പത്തിയഞ്ചിന് ശേഷമായിരിക്കും. എന്നാൽ 37-ാം വയസ്സിൽ ട്വിറ്റർ എന്ന ആഗോള കമ്പനിയുടെ തലപ്പത്ത് എത്തിയിരിക്കുകയാണ് പരാഗ് അഗ്രവാളെന്ന ചെറുപ്പക്കാരൻ. പരാഗിന്റെ വളർച്ചയുടെ പിന്നിൽ കഠിനാധ്വാനത്തിന്റെ കല്ലും മുള്ളും നിറഞ്ഞ ഒട്ടേറെ വഴികളുണ്ട്. ഉറച്ച നിശ്്ചയദാർഢ്യമാണ് പരാഗിനെ ട്വിറ്റർ സിഇഒയുടെ കസേരയിൽ എത്തിച്ചത്.

2001-ൽ തുർക്കിയിൽ നടന്ന ഇന്റർനാഷണൽ ഫിസിക്സ് ഒളിമ്പ്യാഡിൽ സ്വർണമെഡൽ നേടി. 2005-ൽ മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലും എഞ്ചിനീയറിങ്ങിലും ബിരുദം. പിന്നീട് അമേരിക്കയിലേക്ക് പോയ പരാഗ് സ്റ്റാംഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടി. യാഹൂവിൽ ഗവേഷകനായി പ്രവർത്തിച്ചു.

2011ലാണ് പരാഗ് ട്വിറ്ററിലെത്തുന്നത്. വെറുമൊരു എഞ്ചിനീയറായിട്ടായിരുന്നു തുടക്കം. ആറു വർഷത്തിന് ശേഷം ചീഫ് ടെക്നോളജി ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചത് അദ്ദേഹത്തിന്റെ കഴിവിലുള്ള കമ്പനിയുടെ വിശ്വാസത്തിലായിരുന്നു. ശേഷം മെഷീൻ ലേണിങ്ങിലെ പുരോഗതിയുടെ മേൽനോട്ടം ഉൾപ്പെടെ കമ്പനിയുടെ സാങ്കേതിക തന്ത്രങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഒടുവിൽ ട്വിറ്ററിനൊപ്പം പത്ത് വർഷം പൂർത്തിയാകുമ്പോൾ ക്യാപ്റ്റന്റെ റോളും കൈയിലെത്തിയിരിക്കുകയാണ്.

7.5 കോടി രൂപയാണ് ട്വിറ്റർ വാർഷിക ശമ്പളമായി പരാഗിന് നൽകുക. ബോണസ് കൂടി കൂട്ടിച്ചേർക്കുമ്പോൾ ശമ്പളം ഇനിയും ഉയരും. ഡോക്ടറും സ്റ്റാൻഫോർഡ് മെഡിസിനിൽ ക്ലിനിക്കൽ പ്രൊഫസറുമായ വിനീത അഗർവാളയാണ് ഭാര്യ. അൻഷ് എന്നു പേരുള്ള ഒരു മകനുണ്ട്.

ഇന്ത്യൻ ഡിപാർട്മെന്റ് ഓഫ് അറ്റോമിക് എനർജിയിലെ ഉയർന്ന ഉദ്യോഗസ്ഥാനയ അച്ഛനും സ്‌കൂൾ അദ്ധ്യാപികയായ അമ്മയുമായിരുന്നു പരാഗിന്റെ വഴികാട്ടികൾ. അച്ഛനെപ്പോലെ പ്രൊഫഷണൽ ജീവിതത്തിൽ ഉന്നതിയിലെത്തണമെന്ന് കുട്ടിക്കാലം മുതലേ മനസ്സിലുണ്ടായിരുന്നു. മുംബൈയിൽ ജനിച്ച പരാഗ് അറ്റോമിക് എനർജി സെൻട്രൽ സ്‌കൂളിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. അന്ന് ഗായിക ശ്രേയ ഘോഷൽ സഹപാഠിയായിരുന്നു.