- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വന്തം കേസിലെ വാദം കേൾക്കാൻ അവധിയെടുത്ത് മജിസ്ട്രേറ്റ്; ശകാരിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: സർവീസ് കേസിലെ വാദം കേൾക്കാൻ 'അവധിയെടുത്ത' മജിസ്‌ട്രേട്ടിനു സുപ്രീം കോടതിയുടെ ശകാരം. ഡൽഹി ജുഡീഷ്യൽ സർവീസിലെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട കേസിലെ വാദം കേൾക്കാൻ കോടതിയിലെത്തിയ യുവ മജിസ്‌ട്രേട്ടിനെയാണ് സുപ്രീംകോടതി ശകാരിച്ചത്.
ഹർജിക്കാരൻ കോടതിയിലുണ്ടെന്നറിഞ്ഞ ജസ്റ്റിസ് എൽ.നാഗേശ്വർറാവു നിങ്ങൾ ഇവിടെ എന്തു ചെയ്യുകയാണെന്നു ചോദിച്ചു. കോടതി തുടങ്ങുന്നത് എത്ര മണിക്കാണെന്നും അന്വേഷിച്ചു. 10 മണിക്കു തന്നെ കോടതി തുടങ്ങുമെന്ന് മജിസ്‌ട്രേട്ട് മറുപടി നൽകി. വാച്ചിലേക്കു നോക്കിയ ജസ്റ്റിസ് റാവു സമയം 10.50 ആയെന്നും എന്തുകൊണ്ടാണ് ഇവിടെ നിൽക്കുന്നതെന്നും നിങ്ങൾ കോടതി നടത്തേണ്ടതല്ലേയെന്നും ചോദിച്ചു.
കുറച്ചു സമയത്തേക്ക് ലീവ് എടുത്തെത്താണെന്ന മജിസ്‌ട്രേറ്റിന്റെ ന്യായം കോടതി അംഗീകരിച്ചില്ല. വക്കീൽ നിങ്ങളുടെ വാദം അവതരിപ്പിക്കുമ്പോൾ ഇവിടെ വന്നു നിൽക്കേണ്ട കാര്യമെന്താണെന്നും ഈ രീതി നല്ലതല്ലെന്നുമായിരുന്നു ജസ്റ്റിസ് റാവുവിന്റെ പ്രതികരണം. ഇതോടെ, ഹർജിക്കാരനായ മജിസ്‌ട്രേട്ട് പിൻവാങ്ങി.
ജില്ലാ ജഡ്ജി നിയമത്തിനുള്ള വ്യവസ്ഥകളിലൊന്നു ചോദ്യം ചെയ്തുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. പിന്നീടു വിധി പറയാമെന്നു വ്യക്തമാക്കിയ കോടതി, ഹൈക്കോടതികളുടെ അഭിപ്രായം തേടി. മുതിർന്ന അഭിഭാഷകനായ സിദ്ധാർഥ് ഭട്‌നാകറിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ജനുവരി ആദ്യ ആഴ്ച വീണ്ടും പരിഗണിക്കും.