ബൂസ്റ്റർ ഡോസ് ഉൾപ്പടെ മൂന്ന് ഡോസ് വാക്സിനും എടുത്ത ഇസ്രയേലി ഡോക്ടറിൽ ഓമിക്രോണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. നവംബർ 23 ന് ലണ്ടനിൽ വെച്ചു നടന്ന 1250 പേർ പങ്കെടുത്ത ഒരു കൊൺഫറൻസിൽ വച്ചാണ് തനിക്ക് ഇത് ബാധിച്ചതെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറയുന്നു. നവംബർ 19 ന് ലണ്ടനിലെത്തെ എലാഡ് മാവോർ എന്ന 45 കാരൻ ഐലിങ്ടണിൽ ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. കിഴക്കൻ ലണ്ടനിലെ ന്യുഹാമിൽ നടന്ന എക്സെൽ ലണ്ടൻ എന്ന മൂന്നു ദിവസം നീണ്ടു നിന്ന കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഈ ഇസ്രയേലി ഡോക്ടർ.

ടെൽ അവീവിനടുത്തുള്ള ഷേബ മെഡിക്കൽ സെന്ററിൽ കാർഡിയോളജിസ്റ്റായ ഇയാൾക്ക് നവംബർ 27 നായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. തൊണ്ടയിൽ അസ്വസ്ഥതകളും പനിയും പേശീ വേദനയുമായിരുന്നു ലക്ഷണം. അതിനു മുൻപായി നവംബർ 20,21, 24 തീയതികളിൽ ഇയാൾ പി സി ആർ പരിശോധനകൾക്ക് വിധേയനായെങ്കിലും എല്ലാത്തിലും നെഗറ്റീവ് ആയിരുന്നു ഫലം. പിന്നീറ്റ് ജോലിയിൽ പ്രവേശിച്ച ഉടനെയായിരുന്നു ലക്ഷണം പ്രദർശിപ്പിക്കാൻ തുടങ്ങിയത്. തുടർന്ന് നടന്ന പരിശോധനയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്.

രോഗം ബാധിച്ച സമയവും പി സി ആർ പരിശോധന പോസിറ്റീവ് ആയ സമയവും തമ്മിലുള്ള ഇടവേള കണക്കിലെടുത്താൽ കോൺഫറൻസിന്റെ അവസാന ദിവസമോ അല്ലെങ്കിൽ വിമാനത്താവളത്തിൽ വെച്ചോ ആയിരിക്കാം തനിക്ക് രോഗം ബാധിച്ചതെന്ന് ഡോക്ടർ പറയുന്നു. കോൺഫറൻസ് നടന്ന മൂന്നു ദിവസങ്ങളിലും താൻ സഞ്ചരിച്ചിരുന്നത് ട്യുബ് വഴിയും ഡോക്ക്ലാൻഡ്സ് ലൈറ്റ് റെയിൽ വഴിയും ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്നലെ അമേരിക്കയിൽ ഓമിക്രോണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ ഒരു വ്യക്തിയിലായിരുന്നു ഇത് സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ നടപ്പിലാക്കീയ പുതിയ നിയന്ത്രണങ്ങൾ മാർച്ച് വരെ തുടരും എന്നും ചില റിപ്പോർട്ടുകൾ പറയുന്നു. നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനു മുൻപായി ബൂസ്റ്റർ വാക്സിനേഷൻ പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ, മറ്റൊരു ലോക്ക്ഡൗൺ ഇനി ആവശ്യം വരില്ലെന്നും ബോറിസ് ജോൺസൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

അതിനിടയിൽ ഡിസംബർ മാസത്തിൽ ആളുകൾ ഒത്തുചേരുന്നത് പരമാവധി പരിമിതപ്പെടുത്തണമെന്ന് യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസിമേധാവി ഡോ. ജെന്നി ഹാരിസിന്റെ പ്രസ്താവന കൂടുതൽ വിവാദങ്ങൾക്ക് കാരനമായി. ഇനിയും കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നതിനുള്ള മുന്നോടിയായിട്ടാണ് ഭരണകക്ഷി എം പിമാർ പോലും ഈ പ്രസ്താവനയെ കാണുന്നത്. ക്രിസ്ത്മസ്സ് പാർട്ടികൾ ഒഴിവാക്കപ്പെട്ടേക്കും എന്ന ആശങ്കയും സജീവമാണ്. ഇത് പബ്ബുകളേയും ക്ലബ്ബുകളേയും പ്രതികൂലമായി ബാധിക്കും . ഇനി പാർട്ടികൾ നടന്നാൽ തന്നെ പിറ്റേന്ന് അതിൽ പങ്കെടുത്തവർ തൊഴിലിടങ്ങളിലെത്തുമ്പോൾ ലാറ്ററൽ ഫ്ളോ പരിശോധനക്ക് വിധേയരാകേണ്ടി വന്നേക്കാം.

മുൻകരുതൽ നടപടി എന്നോണം ബ്രിട്ടനിലെ ഏറ്റവും വലിയ വെൽത്ത് മാനേജ്മെന്റ് സ്ഥാപന്മായ ബ്രൂവിൻ ഡോൾഫിൻ, അവരുടെ ലണ്ടൻ ഓഫീസിലെ ജീവനക്കാരോട് ഡിസംബർ 10 മുതൽ ജനുവരി 7 വരെ ഓഫീസിൽ നിന്നും വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഗൂഗിൾ, ബ്രിട്ടനിലുള്ള അവരുടെ ജീവനക്കാരോട് 2022 വരെ ഒത്തുചേരലുകളിലും പാർട്ടികളിലും പങ്കെടുക്കുമ്പോൾ കൂടുതൽ കരുതലെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 15 പേരിൽ കൂടുതൽ പങ്കെടുക്കുന്ന പാർട്ടികൾ ഉപേക്ഷിക്കുവാനാണ് ഇവരോട് നിർദ്ദേശിച്ചിരിക്കുന്നത്. അതുപോലെ നേരിട്ട് നടത്തുന്ന ബിസിനസ്സ് മീറ്റിംഗുകൾക്കും മറ്റും കമ്പനി ഡയറക്ടറുടെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടയിൽ, ബ്രിട്ടനിൽ എത്തുന്ന എല്ലാവരും അഞ്ചു ദിവസത്തെ ക്വാറന്റൈന് വിധേയരാകണമെന്ന് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. അതുപോലെ വാക്സിനേഷൻ എടുത്തവരാണെങ്കിൽ കൂടി യാത്രയ്ക്ക് മുൻപായി പി സി ആർ പരിശോധനക്ക് വിധേയരാകണമെന്നും ഈ നിർദ്ദേശത്തിൽ പറയുന്നു. നിലവിലെ നിയമങ്ങളിൽ ഉള്ള പഴുതുകൾ ഉപയോഗിച്ച് ആളുകൾ ഐസൊലേഷൻ ഒഴിവാക്കുന്നത് രോഗവ്യാപനം വർദ്ധിക്കാൻ ഇടയാക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അതിനിടയിൽ, ഓമിക്രോൺ വകഭേദത്തെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തുന്നതിനു മുൻപേ അത് ബ്രിട്ടനിൽ ഉണ്ടായിരുന്നു എന്ന ഞെട്ടിക്കുന്ന റിപ്പൊർട്ട് പുറത്തുവന്നു. സ്‌കോട്ട്ലാൻഡിൽ സ്ഥിരീകരിച്ച മിക്ക കേസുകളും ബന്ധപ്പെട്ടിരിക്കുന്നത നവംബർ 20 ന് നടന്ന ഒരു പരിപാടിയുമായാണ്. ദക്ഷിണാഫ്രിക്ക ഈ വകഭേദത്തെ കണ്ടെത്തി ലോകത്തിന് മുന്നറിയിപ്പ് നൽകുന്നതിനും നാലു ദിവസം മുൻപ് നടന്ന ഒരു സ്വകാര്യ ചടങ്ങിൽ നിന്നാണ് സ്‌കോട്ട്ലാൻഡിൽ ഓമിക്രോൺ സ്ഥിരീകരിച്ച 10 പേരിൽ ഒമ്പത് പേർക്കും രോഗബാധയുണ്ടായതെന്ന് നിക്കോള സ്റ്റർജൻ സ്ഥിരീകരിച്ചു.

നവംബർ 23 നായിരുന്നു ഇവരുടെ സാമ്പിളുകൾ പരിശോധിച്ചത്. ഗ്ലാസ്ഗോ, ക്ലൈഡ്, ലനാർക്ക്ഷയർ എന്നിവിടങ്ങളിലുള്ള ഇവരിൽ ആരും തന്നെ അടുത്തകാലത്തൊന്നും വിദേശയാത്രകൾ നടത്തിയിട്ടുമില്ല. ഈ ഞെട്ടിക്കുന്ന വാർത്ത ഇപ്പോൾ ഉയർത്തുന്നത് മറ്റൊരു സംശയമാണ്. കോപ് 26 നടക്കുന്നതിനിടയിലായിരിക്കണമീ വകഭേദം ബ്രിട്ടനിലെത്തിയത് എന്നതാണ് ഇപ്പോഴത്തെ സംശയം. അതല്ലെങ്കിൽ നവംബർ 13 ന് എഡിൻബർഗിൽ നടന്ന സ്‌കോട്ട്ലാൻഡ് -ദക്ഷിണാഫ്രിക്ക റഗ്‌ബി മത്സര സമയത്തായിരിക്കും എന്നും ഊഹിക്കപ്പെടുന്നു. ഈ രണ്ട് ഊഹങ്ങളും നിക്കോള സ്റ്റർജൻ തള്ളിക്കളയുന്നില്ല.

അതിനർത്ഥം ബ്രിട്ടൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്രാ നിരോധനം പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ ഓമിക്രോണിന്റെ സാന്നിദ്ധ്യം രാജ്യത്തുണ്ടായിരുന്നു എന്നതാണ്.