ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തെയും രാഹുൽ ഗാന്ധിയേയും കടന്നാക്രമിച്ച് രംഗത്ത് വന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് എതിരെ അതേ ഭാഷയിൽ തിരിച്ചടിച്ച് അധിർ രഞ്ജൻ ചൗധരി. കോൺഗ്രസിനെ തകർത്ത് പ്രതിപക്ഷത്തെ ദുർബലമാക്കി മോദിക്ക് ചാരപ്പണിയെടുക്കുകയാണ് മമതയെന്ന് അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി.

''കോൺഗ്രസ് ദേശീയ പാർട്ടിയാണ്. ഓരോ സംസ്ഥാനങ്ങളിലെയും പ്രശ്‌നങ്ങളെ കോൺഗ്രസ് ആ രീതിയിലാണ് നേരിടാൻ ശ്രമിക്കുന്നത്. എന്നാൽ മമതയുടേത് പ്രതിപക്ഷത്തെ ദുർബലമാക്കാനുള്ള ശ്രമമാണ്''. കോൺഗ്രസിന് 20 % വോട്ടും ടി എം സിക്ക് 4 % വോട്ടുമാണുള്ളതെന്നിരിക്കെ കോൺഗ്രസ് ഇല്ലാതെ മോദിക്കെതിരെ പോരാടാൻ മമതയ്ക്ക് ആകുമോയെന്നും അധിർ രഞ്ജൻ ചൗധരി ചോദിച്ചു.

കോൺഗ്രസിനെ ഒഴിവാക്കിയുള്ള പ്രതിപക്ഷമെന്ന മമത ബാനർജിയുടെ രാഷ്ട്രീയ തന്ത്രങ്ങളാണ് നേതാക്കൾ തുറന്നു കാട്ടിയത്. പശ്ചിമബംഗാളിലെ വൻ വിജയത്തിന്റെ ചുവട് പിടിച്ച് പ്രതിപക്ഷ മുന്നണിയിൽ കോൺഗ്രസിന് ബദലാകാനാണ് മമത ശ്രമിക്കുന്നത്. ഇതിനുള്ള തന്ത്രങ്ങളാണ് മമത മെനയുന്നത്.

കോൺഗ്രസിനെതിരായ വിമർശനങ്ങളും ഇതിന്റെ ഭാഗമാണ്. എന്നാൽ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തെ തകർക്കുന്നതാണ് മമത ബാനർജിയുടെ പുതിയ രാഷ്ട്രീയ നീക്കങ്ങളെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിമർശനം. മമതയുടെ നീക്കങ്ങളെ സഹിഷ്ണുതയോടെ നോക്കിക്കണ്ട കോൺഗ്രസ്, യുപിഎ ഇല്ലാതായെന്ന മമതയുടെ പരാമർശത്തോടെയാണ് തിരിച്ചടിച്ച് തുടങ്ങിയത്.

കോൺഗ്രസിന്റെ പോരാട്ടം ബിജെപിക്കെതിരെയാണെന്നും ഒപ്പം ചേരാൻ താൽപ്പര്യമില്ലാത്തവർക്ക് പോകാമെന്നും മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങിന്റെ പ്രതികരണവും ഇതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷം ഭിന്നിച്ച് പരസ്പരം പോരാടുന്ന സ്ഥിതിയുണ്ടാകരുതെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഖെയും പ്രതികരിച്ചു.

പ്രതിപക്ഷം ഐക്യം കാണിക്കേണ്ട സമയമാണിതെന്നും കോൺഗ്രസ് ഇല്ലാത്ത യുപിഎ ആത്മാവില്ലാത്ത ശരീരം മാത്രമാണന്നുമായിരുന്നു കപിൽ സിബലിന്റെ ട്വിറ്റ്. കോൺഗ്രസിനൊടൊപ്പം നിൽക്കുന്ന പാർട്ടികളെ തങ്ങളോടൊപ്പം ചേർക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഏതെങ്കിലും പാർട്ടി ടിഎംസിക്ക് അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ദുർബലമാക്കാനുള്ള ശ്രമത്തിനിടയിലും പാർലമെന്റിൽ ടിആർഎസിനെ പ്രതിപക്ഷ യോഗത്തിൽ പങ്കെടുപ്പിച്ചതും ഗോവ ഫോർവേർഡ് പാർട്ടിയെ സഖ്യകക്ഷിയാക്കിയതും കോൺഗ്രസിന് നേട്ടമാണ്.

എതു യുപിഎ' എന്ന ചോദ്യത്തോടെയാണ് കഴിഞ്ഞ ദിവസം മമത കോൺഗ്രസിനെ കടന്നാക്രമിച്ചത്. അതിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെയും മമതാ വിമർശനം ഉന്നയിച്ചിരുന്നു. പകുതി സമയം വിദേശത്തിരുന്നുകൊണ്ട് ആർക്കും രാഷ്ട്രീയ പ്രവർത്തനം നടത്താനാകില്ലെന്നു മുംബൈയിലെ ആശയ വിനിമയത്തിനിടെ മമത പറഞ്ഞു.

'ഒരാൾ യാതൊന്നും ചെയ്യാതിരിക്കുകയും പകുതി സമയം വിദേശത്തുമാണെങ്കിൽ അയാൾക്ക് എങ്ങനെ രാഷ്ട്രീയ പ്രവർത്തനം നടത്താനാകും' രാഷ്ട്രീയ പ്രവർത്തനത്തിനു തുടർച്ച അനിവാര്യമാണ്' മമത പറഞ്ഞു. പേരെടുത്തു പറയാതെയായിരുന്നു പ്രസംഗം എങ്കിലും മമത ഉന്നമിട്ടതു രാഹുൽ ഗാന്ധിയെയാണെന്ന വാദവുമായി ഒട്ടേറെപ്പേർ രംഗത്തെത്തി. അടുത്തിടെയും രാഹുൽ അവധി ആഘോഷത്തിനായി വിദേശത്തേക്കു പോയിരുന്നു.

'ഇന്ത്യൻ ഭരണഘടന ജനാധിപത്യ വ്യവസ്ഥയിലുള്ളതാണ്. പ്രതിപക്ഷ ഐക്യംകൊണ്ടുമാത്രം ഇവിടെ കാര്യമില്ല. എന്തുകൊണ്ടാണു ഞാൻ കൂടുതൽ യാത്രകൾ നടത്തുന്നത്? ബംഗാൾവിട്ട് എല്ലായിടത്തും ഓടിനടക്കാൻ ആർക്കാണു താൽപര്യം ഉണ്ടാകുക? എല്ലാവരും ഇതേ കാര്യം ചെയ്യുന്നു. അതുകൊണ്ടാണു ഞാനും ഇതു ചെയ്യുന്നത്. ഇവിടെ വെല്ലുവിളിയുണ്ട്.

ഫെഡറൽ സംവിധാനം ശക്തിപ്പെടുത്തുക എന്നതാണ് എന്റെ ആവശ്യം. എല്ലാ പ്രാദേശിക പാർട്ടികളും ഒന്നിച്ചുനിന്നാൽ ബിജെപിയെ അനായാസം കീഴ്‌പ്പെടുത്താം' മമതയുടെ വാക്കുകളെ സദസ്സ് കയ്യടികളോടെയാണ് എതിരേറ്റത്. ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ കൂട്ടായ്മയെ നയിക്കുമോ എന്ന ചോദ്യത്തിന്, വെറുമൊരു പ്രവർത്തകയായി തുടരാനാണു താൽപര്യം എന്നായിരുന്നു മമതയുടെ മറുപടി.

അതേ സമയം രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിച്ചുകൊണ്ടുള്ള, തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ട്വീറ്റും വൈറലായി. 'കരുത്തുറ്റ പ്രതിപക്ഷം എന്ന നിലയിൽ കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ വളരെ നിർണായകമാണ്. പക്ഷേ, കോൺഗ്രസ് നേതൃത്വം എന്നത് ഒരാളുടെ മാത്രം പരമാധികാരമല്ല, പ്രത്യേകിച്ച് കഴിഞ്ഞ 10 വർഷത്തിനിടെ നടന്ന 90 ശതമാനം തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടു നിൽക്കുന്ന സാഹചര്യത്തിൽ. പ്രതിപക്ഷം ജനാധിപത്യ രീതിയിൽ നേതാവിനെ തിരഞ്ഞെടുക്കട്ടെ' ഇതായിരുന്നു പ്രശാന്ത് കിഷോറിന്റ ട്വീറ്റ്.