- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിൽ എസ്.ഡി.പി.ഐ മാർച്ചിനു ശേഷം ആർ.എസ്.എസ് പ്രവർത്തകരുമായി സംഘർഷം; പൊലീസ് ലാത്തിവീശി
തലശേരി: തലശേരി നഗരത്തിൽ എസ്.ഡി.പി.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനു ശേഷം ആർഎസ്എസ് പ്രവർത്തകരുമായി വാക്കേറ്റവും സംഘർഷവും. ചേരിതിരിഞ്ഞ് ഏറ്റുമുട്ടാൻ ഒരുങ്ങിയ ഇരു വിഭാഗത്തെയും നഗരത്തിൽ സർവ സന്നാഹങ്ങളോടെ നിന്ന പൊലീസ് ലാത്തിവീശി ഓടിച്ചു.
യുവമോർച്ച റാലിയിൽ ഉയർന്ന മതവിദ്വേഷ മുദ്രാവാക്യങ്ങൾക്കെതിരെയാണ് ഇന്ന് വൈകുന്നേരം എസ്.ഡി.പി.ഐ പ്രതിഷേധ മാർച്ച് നടത്തിയത്. വൈകുന്നേരം അഞ്ചു മണിയോടെനടത്തിയ പ്രതിഷേധ പ്രകടനം സമാപിച്ചതിനു ശേഷമാണ് വാഹനം പാർക്കു ചെയ്ത സ്ഥലത്തെത്തിയ ചില പ്രവർത്തകരും ആർഎസ്എസ് അനുകൂലികളും തമ്മിൽ വാക്കേറ്റമുണ്ടായത്. സംഘർഷമൊഴിവാക്കാൻ പൊലീസ് ഇരു വിഭാഗത്തെയും ലാത്തിവീശി ഓടിക്കുകയായിരുന്നു. അഞ്ചു മണിയോടെയാണ് തലശേരി നഗരത്തിലെ സംഗമം ജങ്ഷനിൽ നഗരം ചുറ്റി പ്രകടനം സമാപിച്ചത്. നൂറ് കണക്കിന് പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു.
വർഗീയ കലാപമുണ്ടാക്കാനാണ് ശ്രമമെങ്കിൽ ആർഎസ്എസ്സിനെ തെരുവിൽ നേരിടുമെന്ന് എസ്ഡിപിഐ നേതാക്കൾ തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. എസ്ഡിപി ഐ തലശ്ശേരി മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി കെ ഉമർ മാസ്റ്റർ, കെ ഇബ്രാഹീം, തലശ്ശേരി മണ്ഡലം പ്രസിഡന്റ് അഡ്വ. കെ സി ഷബീർ, സെക്രട്ടറി നൗഷാദ് ബംഗ്ല എന്നിവർ നേതൃത്വം നൽകി.
ഇതിനിടെ എസ്.ഡി.പി.ഐ പ്രകടനത്തിനെതിരെ ബിജെപി നേതൃത്വം പ്രതിഷേധവുമായി രംഗത്തുവന്നു. വർഗ്ഗീയ കലാപമുണ്ടാക്കുന്ന എസ്.ഡി.പി.ഐയെ പൊതുസമൂഹം തിരിച്ചറിയണമെന്ന് ബിജെപി തലശ്ശേരി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണത്തിന്റെ ഭാഗമായുള്ള മഹാറാലിയിൽ മതവിദ്വേഷം വളർത്തുന്ന മുദ്രാവാക്യങ്ങൾ ആരെങ്കിലും വിളിച്ചിട്ടുണ്ടെങ്കിൽ അതിനെ അപലപിക്കുകയും അത്തരക്കാർക്കെതിരെമാതൃകാപരമായ നിലപാട് പാർട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും മതസ്പർദ്ദയുണ്ടാക്കുന്ന തരത്തിൽ എസ്.ഡി.പി.ഐ നടത്തിയ പ്രകടനം സമൂഹത്തിൽ കലാപമുണ്ടാക്കാൻ വേണ്ടി ബോധപൂർവ്വം ശ്രമിക്കുകയാണ്.
യൂത്ത് കോൺഗ്രസ്സിന്റെയും ഡി.വൈ.എഫ്.യുടെയും മറ്റ് മത സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത പകുതിയിലധികം ആളുകൾ എസ്.ഡി.പി. ഐ ജാഥയിലും പങ്കെടുത്തിരുന്നു എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. യഥാർത്ഥ ഇസ്‌ലാം മത വിശ്വാസികളായ ആളുകളുടെ നിഴൽ പറ്റി ഭീകരവാദം പ്രചരിപ്പിക്കുന്നവരെ ഇസ്‌ലാം സമൂഹം തന്നെ തള്ളി പറയേണ്ടതാവശ്യമാണ്.എസ്.ഡി.പി.ഐ പ്രകടനത്തിന് ശേഷം ബിജെപി ഓഫീസ് ആക്രമിക്കാൻ പദ്ധതിയിട്ട് സംഘടിച്ച് വന്ന ആളുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ബിജെപി തലശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ കെ.ലിജേഷ്, കെ.അജേഷ്, അനിൽ .കെ, എംപി സുമേഷ് എന്നിവർ പങ്കെടുത്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്