- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബക്കോടതി ഉത്തരവ് കൈമാറാനെത്തിയ കോടതിജീവനക്കാരിക്ക് മർദ്ദനം; കേസിൽ ഉൾപ്പെട്ട യുവതിയുടെ പിതാവും സഹോദരനും ചേർന്നു കയ്യേറ്റം ചെയ്തത് പാലാ കുടുംബക്കോടതി ജീവനക്കാരിയെ: കേസെടുത്ത് പൊലീസ്
പൂഞ്ഞാർ: വിവാഹമോചനക്കേസിൽ ഉൾപ്പെട്ട യുവതിയുടെ വീട്ടിൽ കുടുംബക്കോടതി ഉത്തരവ് കൈമാറാൻ എത്തിയ കോടതിജീവനക്കാരിക്ക് മർദ്ദനം. കേസിൽ ഉൾപ്പെട്ട യുവതിയുടെ പിതാവും സഹോദരനും ചേർന്നു ജീവനക്കാരിയെ കയ്യേറ്റം ചെയ്യുക ആയിരുന്നു. പാലാ കുടുംബക്കോടതി ജീവനക്കാരിക്കാണ് മർദനമേറ്റത്. സംഭവത്തിൽ പൂഞ്ഞാർ കിഴക്കേത്തോട്ടം ജയിംസ്, മകൻ നിഹാൽ എന്നിവർക്കെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു.
തന്നെ കല്ലുകൊണ്ട് ഇടിക്കാൻ ശ്രമിച്ചെന്ന ജീവനക്കാരിയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പും ചേർത്തതായി പൊലീസ് അറിയിച്ചു. ജയിംസിനും നിഹാലിനുമെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും വനിതയെ ആക്രമിച്ചതിനും കേസെടുക്കുമെന്നു ഡിവൈഎസ്‌പി ഷാജു ജോസ് പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ജയിംസിന്റെ വീട്ടിൽ വച്ചാണ് കോടതി ജീവനക്കാരി ആക്രമിക്കപ്പെട്ടത്. ജയിംസിന്റെ മകൾ ഹേമയും ഭർത്താവ് തലയോലപ്പറമ്പ് സ്വദേശി അമലും തമ്മിൽ പാലാ കുടുംബക്കോടതിയിൽ വിവാഹമോചനക്കേസുണ്ട്. ജർമനിയിൽ താമസിക്കുന്ന ഹേമയും അമലും ഈയിടെ വിവാഹ മോചനക്കേസിനായി നാട്ടിലെത്തിയിരുന്നു. വിവാഹമോചനക്കേസ് നടക്കുന്നതിനിടെ ഹേമ മകൾ ഹെലനുമായി കഴിഞ്ഞ 28ന് ജർമനിയിലേക്കു മടങ്ങി.
ഇതിനിടെ അമലിന്റെ ഹർജിയിൽ, കുഞ്ഞിനെ കോടതി അറിയാതെ കേരളത്തിനു വെളിയിൽ കൊണ്ടുപോകരുതെന്ന് ഇന്നലെ കുടുംബക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവ് കൈമാറാൻ കോടതിജീവനക്കാരിയും അമലും ജയിംസിന്റെ വീട്ടിലെത്തിയപ്പോഴാണ് കയ്യേറ്റശ്രമം. അമലിന്റെ വാഹനത്തിലാണ് ഇവർ എത്തിയത്. ജയിംസും നിഹാലും തന്നെ കല്ലുകൊണ്ട് ആക്രമിച്ചെന്നും കഴുത്തിൽ ധരിച്ചിരുന്ന തിരിച്ചറിയൽ കാർഡ് വലിച്ചു പൊട്ടിക്കാൻ ശ്രമിച്ചെന്നും ജീവനക്കാരി മൊഴിനൽകി.
അതേസമയം, കേസിലെ വാദിയായ അമലിനൊപ്പം വന്നതിനാൽ കോടതി ജീവനക്കാരിയാണെന്നു മനസ്സിലായില്ലെന്നു ജയിംസിന്റെ സഹോദരൻ എബി ലൂക്കോസ് പറഞ്ഞു. അതിനാൽ തിരിച്ചറിയൽ കാർഡിന്റെ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് എബി പറഞ്ഞു.