തൃശൂർ: തങ്കവിഗ്രഹമെന്ന പേരിൽ വ്യാജപുരാവസ്തു വിൽക്കാനിറങ്ങിയ എഴംഗ സംഘത്തെ നിഴൽ പൊലീസ് പിടികൂടി. കവടിയാർ കൊട്ടാരത്തിൽ നിന്നു മോഷണം പോയ തങ്കവിഗ്രഹമെന്ന പേരിൽ വ്യാജപുരാവസ്തു 20 കോടി രൂപയ്ക്ക് വിൽക്കാനുള്ള ശ്രമത്തിനിടെയാണ് തട്ടിപ്പ് സംഘം നിഴൽ പൊലീസിന്റെ പിടിയിലായത്.

പാവറട്ടി പാടൂർ മതിലകത്ത് അബ്ദുൽ മജീദ് (65), തിരുവനന്തപുരം തിരുമല തച്ചോട്ടുകാവ് അനിഴം നിവാസിൽ ഗീതാറാണി (63), പത്തനംതിട്ട കളരിക്കൽ ചെല്ലപ്പമണി ഷാജി (38), ആലപ്പുഴ കറ്റാനം പള്ളിക്കൽ വിഷ്ണുസദനം ഉണ്ണിക്കൃഷ്ണൻ (33), എളവള്ളി കണ്ടംപുള്ളി സുജിത് രാജ് (39), തൃശൂർ പടിഞ്ഞാറേക്കോട്ട കറമ്പക്കാട്ടിൽ ജിജു (45), പുള്ള് തച്ചിലേത്ത് അനിൽകുമാർ (40) എന്നിവരാണു പിടിയിലായത്.

പാവറട്ടി പാടൂരിലെ വീട് കേന്ദ്രീകരിച്ചു വിഗ്രഹവിൽപന സംഘം പ്രവർത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിഴൽ പൊലീസ് സംഘം വിരിച്ച വലയിലാണ് തട്ടിപ്പുകാർ കുടുങ്ങിയത്. നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നവകാശപ്പെട്ടു തട്ടിപ്പുകാർ കൊണ്ടുനടന്ന 20 കിലോ തൂക്കമുള്ള ഗണേശവിഗ്രഹം ഈയത്തിൽ സ്വർണം പൂശി നിർമ്മിച്ചതാണെന്നു പൊലീസ് കണ്ടെത്തി.

ഫൊറൻസിക് ലാബ് റിപ്പോർച്ചും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റും അടക്കം വൻ പ്ലാനിങ്ങോടെയാണ് തട്ടിപ്പു സംഘം വിലസിയത്. എന്നാൽ തന്ത്രപരമായ നീക്കത്തിലൂടെ പൊലീസ് ഇവരെ കുടുക്കുകയായിരുന്നു. വിഗ്രഹം വാങ്ങുന്നവരുടെ പൂർണ്ണ വിശ്വാസം പിടിച്ചു പറ്റാനാണ് വിഗ്രഹം തനിത്തങ്കത്തിൽ നിർമ്മിച്ചതെന്നു സാക്ഷ്യപ്പെടുത്തുന്ന ഫൊറൻസിക് ലാബിന്റെ പരിശോധനാ റിപ്പോർട്ട്, പഴക്കം സാക്ഷ്യപ്പെടുത്തുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റ്, കോടതിയിൽ നിന്നുള്ള വിടുതൽരേഖ തുടങ്ങിയവ നിർമ്മിച്ചെടുത്തത്. വിഗ്രഹത്തിന് പുറമേ മൂന്ന് ആഡംബരക്കാറുകളും പ്രതികളിൽ നിന്നു പിടികൂടി.

വിഗ്രഹം യഥാർഥമെന്നു തെളിയിക്കാൻ പൂജാരിയെന്ന വ്യാജേനയാണു മൂന്നാംപ്രതി ഷാജിയെ പ്രതികൾ മറ്റുള്ളവർക്കു മുന്നിൽ പ്രദർശിപ്പിച്ചത്. ബ്രഹ്മദത്തൻ നമ്പൂതിരി എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയിരുന്നത്. അറസ്റ്റിലായ ശേഷം പൊലീസിനോടും ഇതു തന്നെ ആവർത്തിച്ചു. എന്നാൽ, പൊലീസ് വിരട്ടിയപ്പോൾ ഷാജിയെന്നാണ് യഥാർഥ പേരെന്നു സത്യം പറഞ്ഞു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സാക്ഷ്യപത്രമെന്ന പേരിൽ വ്യാജരേഖ തയാറാക്കിയ പ്രതികൾ വിഗ്രഹത്തിന് അവകാശപ്പെട്ടത് നൂറ്റാണ്ടുകളുടെ പഴക്കമാണ്. എന്നാൽ വെറും അഞ്ച് വർഷത്തെ പഴക്കം മാത്രമാണ് വിഗ്രഹത്തിനുള്ളത്.