കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് വെച്ച് നടന്ന 60 ആമത് സ്‌കൂൾ കലോത്സവത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ദൃശ്യവിസ്മയ കമ്മറ്റി സംഘടിപ്പിച്ച കലയോർമ്മ വീണ്ടും കലയുടെ വരവിന്റെ ഉണർത്തുപാട്ടായി.സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ശേഷം കൊറോണ ക്കാലം എല്ലാറ്റിനേയും പോലെ സ്‌കൂൾ കലോത്സവവും നിശ്ചലമാക്കി.കൊറോണ കാലത്തിനുശേഷം കേരളത്തിൽ തന്നെആദ്യമായി സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാവിരുന്ന് സംഘടിപ്പിച്ചു കൊണ്ട് ദൃശ്യ വിസ്മയകമ്മിറ്റി ചരിത്രം സൃഷ്ടിച്ചു.

കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കണ്ടറി ഹെസ്‌ക്കൂളിൽ വെച്ചു നടന്ന കലയോർമ്മ ഉദ്ഘാടനംചെയ്തുകൊണ്ട് പ്രശസ്ത ചലച്ചിത്ര താരം തിങ്കളാഴ്ച നിശ്ചയം ഫെയിമും ദുർഗ്ഗ ഹയർ സെക്കൻഡറിസ്‌കൂൾ പൂർവ്വ വിദ്യാർത്ഥിനിയുമായ അനഘ നാരായണൻ സംസാരിച്ചു. കാഞ്ഞങ്ങാട്ടെ യുബിഎംസി എൽപിസ്‌കൂൾ,മേലാംങ്കോട്ട് ഗവയുപിസ്‌കൂൾ,ദുർഗ ഹയർസെക്കൻഡറി സ്‌കൂൾ എന്നീ വിദ്യാകേന്ദ്രങ്ങളിലെ ശിക്ഷണമാണ് തന്നെ കലാകാരിയാക്കിയതെന്ന് അനഘനാരായണൻ അനുസ്മരിച്ചു. കാഞ്ഞങ്ങാടിന്റെ ആദരവായി കാസർകോട് ജില്ലാ വിദ്യാഭ്യാസഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി കെ.വി പുഷ്പ ഉപഹാര സമർപ്പണം നടത്തി.
ദുർഗ ഹയർ സെക്കണ്ടറി സ്‌കൂൾ ഹെഡ് മാസ്റ്റർ പി.വി.പ്രദീപ് കുമാർ അനഘനാരായനെ പൊന്നാടയണിയിച്ചു ആശീർവദിച്ചു.ചടങ്ങിൽ ദുർഗ്ഗ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ പി വി ദാക്ഷ അദ്ധ്യക്ഷത വഹിച്ചു.സുകുമാരൻ പെരിയച്ചൂർ, വാർഡ് കൗൺസിലർമാരായ കുസുമം,അശോകൻ,പി ടി എ പ്രസിഡണ്ട് പല്ലവ നാരായണൻ , കലാദർപ്പണ രാ ഗിഷാ ശ്രീകുമാർ,ടി.വി അരവിന്ദൻ,പി.എം.അബ്ദുൾ നാസർ,സതീശൻ മടിക്കൈ ,സി.പി.ശുഭഎന്നിവർ സംസാരിച്ചു. പൂമരം ഫെയിം ജവഹർ പങ്കജിന്റെ അഷ്ടപദി കലാവിരുന്നിനു സമാരംഭം കുറിച്ചു.

കാഞ്ഞങ്ങാട് കലാദർപ്പണയിലെ വിദ്യാർത്ഥിനികളുടെ അവതരണനൃത്തം ഏറെ പുതുമ സൃഷ്ടിച്ച കലാപ്രകടനമായി.ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം, വയലിൻ,ഗിറ്റാർ, തബല, മോണോ ആക്ട്, ലളിത സംഗീതം,മാപ്പിളപ്പാട്ട്,കവിതാലാപനം തുടങ്ങി വിവിധ കലാപരിപാടികൾ മൂന്നു മണിക്കൂറിലധികം ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ വേദിയിൽ നിറഞ്ഞാടി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ദൃശ്യ വിസ്മയകമ്മിറ്റിയുടെ ഉപഹാരം നൽകി അനുമോദിച്ചു.