മംഗളൂരു: മംഗളൂരു നഗരത്തിലെ യേനപ്പോയ ഡിഗ്രി കോളേജിലെ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. നഗരത്തിലെ ഗുജ്ജരകരെ പ്രദേശത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഘട്ടനത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ എസ്‌ഐയുടെ നേതൃത്വത്തിലുള്ള അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയും അക്രമിച്ചു.

നഗരത്തിലെ കോളേജിലെ മൂന്നാം വർഷ ബിഎസ്സി വിദ്യാർത്ഥിയായ ആദർശ് പ്രേംകുമാറിനെ(21) ഒരു സംഘം വിദ്യാർത്ഥികൾ മർദിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. കൊല്ലം സ്വദേശിയായ ആദർശ് നഗരത്തിലെ ലൈറ്റ് ഹൗസ് ഹിൽ റോഡിലുള്ള അപ്പാർട്ട്‌മെന്റിലാണ് താമസം. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ സുഹൃത്ത് അഭിരാമിയോട് സംസാരിച്ചുനിൽക്കുകയായിരുന്ന ആദർശിനെ അതേ കോളേജിൽ പഠിക്കുന്ന സിനാനും മറ്റ് എട്ട് വിദ്യാർത്ഥികളും ചേർന്ന് ഇന്റർലോക്കും കല്ലും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു.

ആദർശിന്റെ ഇടത് കൈയെല്ല് പൊട്ടി. ആദർശിനെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ച സുഹൃത്ത് മുഹമ്മദ് നാസിഫിനെ സംഘം മർദിക്കുകയും ഷെനിൻ ശ്രാവൺ തുടങ്ങിയ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ കേസിലെ പ്രതികളും വിദ്യാർത്ഥികളുമായ ആദിത്യ, കെൻ ജോൺസൺ, മുഹമ്മദ്, അബ്ദുൾ ഷാഹിദ്, വിമൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റ് രണ്ട് പ്രതികൾ ഒളിവിലാണ്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ രാത്രി 10 മണിയോടെ ഗുജ്ജരകരെയിലെ കോളേജിലെ ഹോസ്റ്റലിലെത്തിയ സബ് ഇൻസ്പെക്ടർ ശീതളിനെയും പൊലീസ് ഉദ്യോഗസ്ഥരെയും ഹോസ്റ്റലിലുണ്ടായിരുന്ന ഒരു സംഘം വിദ്യാർത്ഥികൾ ഇന്റർലോക്കും കല്ലും കസേരയും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു.

ആദർശിനും സുഹൃത്തുക്കൾക്കുമെതിരെ അബ്ദുൾ സിനാൻ നൽകിയ പരാതിയിലും പൊലീസ് കേസെടുത്തു. ഈ കേസിൽ ഫഹദ്, അബു താഹർ, മുഹമ്മദ് നാസിഫ്, ആദർശ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്മായിൽ, ഇസ്മായിൽ അൻവർ, ജാദ് അൽ ഗഫൂർ, തമാം, സിനാൻ എന്നിവർക്കും അക്രമത്തിൽ പരിക്കേറ്റു. സിറ്റി പൊലീസ് കമ്മീഷണർ എൻ ശശികുമാർ സംഭവസ്ഥലം സന്ദർശിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണ്.

അതെ സമയം ഗുജ്ജരകെരെയിൽ നാട്ടുകാർ സംഭവുമായി ബന്ധപെട്ട് പ്രതിഷേധിക്കുകയും കോളേജ് ഹോസ്റ്റൽ ഒഴിയാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുകയും ചെയ്തു.ഹോസ്റ്റലിലെ വിദ്യാർത്ഥികൾ ദിവസവും ശല്യം സൃഷ്ടിക്കുന്നതായി നാട്ടുകാർ പറഞ്ഞു . രാത്രി വൈകിയും തെരുവിലൂടെ അശ്രദ്ധമായി വാഹനമോടിച്ച് വിദ്യാർത്ഥികൾ അലറിവിളിക്കുകയും കളിയാക്കുകയും ശല്യം ചെയ്യുകയാണന്നാണ് നാട്ടുകാർ ആരോപിക്കുന്നുത് .

ദീപാവലി സമയത്ത് ചില വിദ്യാർത്ഥികൾ ഹോസ്റ്റൽ ബാൽക്കണിയിൽ നിന്ന് അയൽവാസികളുടെ വീട്ടിലേക്ക് പടക്കം എറിഞ്ഞതായും ഇവർ പറയുന്നു മാത്രമല്ല ബാൽക്കണിയിൽ അർദ്ധനഗ്‌നരായാണ് പല വിദ്യാർത്ഥികളും നിൽകുന്നത് . അതുകൊണ്ട് തന്നെ ഇത് തുടരാൻ സാധിക്കില്ലെന്നും വിദ്യാർത്ഥികൾ ഉടൻ കോളേജ് ഹോസ്റ്റൽ ഒഴിയണമെന്നാണ് നാട്ടുകാർ ആവശ്യപെടുന്നത് .