ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാണാതായ കുട്ടികളിൽ നാല്പതിനായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി രണ്ട് കുട്ടികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്രം ലോക്‌സഭയിൽ. കേരളത്തിൽ കാണാതായവരിൽ 422 കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല.

2015 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ രാജ്യത്ത് മൂന്ന് ലക്ഷത്തി പതിനൊന്നായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ് കുട്ടികളെ കാണാതയായി. ഇതിൽ രണ്ട് ലക്ഷത്തി എഴുപതിനായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റിയെട്ട് കുട്ടികളെ മാത്രമേ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളു.

2015 നും 2020 നുമിടയിൽ കേരളത്തിൽ ആകെ 3181 കുട്ടികളെ കാണാതായി. ഇവരിൽ 422 കുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്. കാണാതാകുന്ന കുട്ടികളുടെ വിവരം സംബന്ധിച്ച ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി കണക്കുകൾ അവതരിപ്പിച്ചത്.