തിരുവനന്തപുരം: സർവ്വ സൗഭാഗ്യങ്ങൾക്കിടയിലാണ് ജനിച്ചതെങ്കിലും അഭിജിത്തിന് ഇഷ്ടം സ്വന്തമായി പണം കണ്ടെത്തി പഠിക്കാനായിരുന്നു. അതുകൊണ്ട് തന്നെ പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയപ്പോൾ എന്തു സമ്മാനമാണു വേണ്ടത് എന്ന രക്ഷിതാക്കളുടെ ചോദ്യത്തിന് 'ഒരു കാള' മതി എന്നായിരുന്നു പൂവാർ വിരാലിയിലെ അഭിജിത്തിന്റെ മറുപടി. മകന്റെ ആഗ്രഹം കേട്ട പാതി രക്ഷിതാക്കൾ കാളയെ വാങ്ങി നൽകുകയും ചെയ്തു.

ഒരു മാസം കഴിഞ്ഞപ്പോൾ അച്ഛൻ രണ്ട് ആട്ടിൻകുട്ടികളെക്കൂടി വാങ്ങി നൽകി . പ്ലസ് വൺ പരീക്ഷയിലെ ഫുൾ എ പ്ലസ് നേട്ടത്തിലും ആട്ടിൻകുട്ടിയെ ലഭിച്ചു. പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയപ്പോഴാകട്ടെ, സ്വയം സമ്പാദിച്ച വരുമാനം കൊണ്ട് അഭിജിത് ആടുകളെ വാങ്ങി. ഇന്ന് 18 വയസ്സിൽ എത്തി നിൽക്കുമ്പോൾ അറുപതോളം ആടുകൾ അഭിജിത്തിന്റെ സംരക്ഷണയിൽ വളർന്ന്ു വലുതായി. ഇന്ന് അഭിജിത്തിന്റെ വീട്ടിൽ നിലവിൽ 11 ആടുകളുണ്ട്.

പഠനത്തൊടൊപ്പം വരുമാന മാർഗ്ഗം കണ്ടെത്താനും കുട്ടികൾക്കാകുമെന്ന് തെളിയിച്ച അഭിജിത് തിരുവനന്തപുരം ക്രൈസ്റ്റ് നഗർ കോളജിലെ ഒന്നാം വർഷ ബിഎ ഇംഗ്ലിഷ് വിദ്യാർത്ഥിയാണ്. പഠനത്തിനിടിയിൽ കൃത്യമായ ചിട്ടകളോടെയാണ് അഭിജിത്ത് ഇതിനെല്ലാം സമയം കണ്ടെത്തുന്നത്.

''വീടിരിക്കുന്ന 35 സെന്റ് സ്ഥലത്തു തന്നെയാണ് ആടുകൾക്കു കൂടൊരുക്കിയിരിക്കുന്നത്. രാവിലെ 5.30 ന് എഴുന്നേറ്റ് കാലിത്തീറ്റ ഒരുക്കും. ആടുകൾക്കു ഭക്ഷണം കൊടുത്ത് 7 നു കോളജിൽ പോകും. വൈകുന്നേരം 3നു വീട്ടിലെത്തിയാൽ പ്ലാവില പറിക്കാൻ പോകും. ഇതിനായി മരം കയറ്റം പഠിച്ചു. രാത്രിയിൽ പഠനത്തിനു സമയം കണ്ടെത്തും. ആടുകളെ വളർത്തി 8 മാസം കഴിയുമ്പോൾ വിൽക്കും. 5000 രൂപയ്ക്ക് വാങ്ങുന്ന ആട്ടിൻകുട്ടിയെ വിൽക്കുമ്പോൾ 15,000 രൂപ വരെ ലഭിക്കും. പാൽ വിൽക്കില്ല. അത് ആട്ടിൻകുട്ടികൾക്കുള്ളതാണ്. അവയുടെ വളർച്ച പൂർത്തിയാകാൻ അതു വേണം. ജമ്‌നാപ്യാരി, കനേഡിയൻ ഇനത്തിൽ പെട്ട ആടുകളെയും വളർത്തിയെങ്കിലും കൂടുതൽ ലാഭം നാടനു തന്നെ.''

വിൽപന വഴി ലഭിക്കുന്ന വരുമാനത്തിലൂടെയാണു വീണ്ടും ആടുകളെ വാങ്ങുന്നത്. പേരൂർക്കട കൊൺകോഡിയ സ്‌കൂൾ അദ്ധ്യാപകനായ പി.ജെ.ബിനുമോന്റെയും ഉണ്ടൽക്കോട് സെന്റ് ജോൺസ് സ്‌കൂൾ അദ്ധ്യാപികയായ പി.എസ്.ബിന്ദുവിന്റെയും മകനാണ് അഭിജിത്. സഹോദരൻ ബിനോയി മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി.