മുംബൈ: ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ മുംബൈ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജാക്വിലിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞത്.

ദുബായിൽ ഒരു ഷോയിൽ പങ്കെടുക്കാൻ പോകാനിരുന്ന നടിയെ ചോദ്യം ചെയ്യലിനായി ഡൽഹിയിൽ കൊണ്ടുവരുമെന്ന് ഇഡി വൃത്തങ്ങൾ പറഞ്ഞു.തിഹാർ ജയിലിൽ കഴിയവേ വ്യവസായി സുകേഷ് ചന്ദ്രശേഖറിന്റെ ഭാര്യയിൽനിന്ന് 200 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചു എന്നതാണ് കേസ്.

കേസിൽ നടിയും സുകേഷും ആയുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടക്കുന്നതിനാൽ നടിയെ ഇനിയും ചോദ്യം ചെയ്യലിനായി വിളിക്കുമെന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്.

സുകേഷ് ചന്ദ്രശേഖറും ജാക്വിലിനുമായി സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ തെളിവുകൾ ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. 52 ലക്ഷം രൂപ വിലയുള്ള കുതിര, ഒൻപതു ലക്ഷം രൂപയുടെ പേർഷ്യൻ പൂച്ച തുടങ്ങി പത്തുകോടി രൂപയുടെ സമ്മാനങ്ങൾ സുകേഷ് ജാക്വിലിന് നൽകിയിട്ടുണ്ടെന്ന് ഇ.ഡി. കുറ്റപത്രത്തിൽ പറയുന്നതായി ഉന്നതവൃത്തങ്ങള ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.

ജാക്വിലിനെ കൂടാതെ നടി നോറ ഫത്തേഹിയുടെയും പേര് കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്. ഇവരെ ഇതിനകം ചോദ്യം ചെയ്തിരുന്നു. 200 കോടി രൂപ തട്ടിയെടുക്കൽ കേസിൽ സുകേഷ് ചന്ദ്രശേഖർക്കും മറ്റുള്ളവർക്കും എതിരെ ഡൽഹി കോടതിയിലാണ് അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.