140 -ൽ അധികം യാത്രക്കാരുമായിപോയ ഒരു റഷ്യൻ വിമാനത്തിന് നാറ്റോ ചാരവിമാനവുമായി കൂട്ടിയിടിച്ച് ഒരു അപകടമുണ്ടാകാതെ ഒഴിഞ്ഞുപോയത് തലനാരിഴ വ്യത്യാസത്തിന്. ചാരവിമാനത്തിന് ഏതാനും മീറ്റർ മാത്രം അകലെയായപ്പോൾ റഷ്യൻ വിമാനത്തിന്റെ പൈലറ്റ് വിമാനത്തിന്റെ ഗതി പെട്ടെന്ന് തിരിച്ചുവിടുകയായിരുന്നു. കരിങ്കടലിനു മുകളിൽ വെച്ച് ടെൽഅവീവിൽ നിന്നും മോസ്‌കോയിലേക്ക് പുറപ്പെട്ട, 142 യാത്രക്കാർ ഉണ്ടായിരുന്ന വിമാനം പെട്ടെന്ന് താഴ്ന്ന് പറക്കുകയായിരുന്നു എന്ന് റഷ്യ വക്താവ് അറിയിച്ചു.

പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, എയർബസ് എ 330 വിമാനത്തിന് നിശ്ചയിച്ചതിലും 500 മീറ്റർ വരെ താഴേണ്ടി വന്നു. സി എൽ -600 ആർടെമിസ് വിമാനത്തിൽ ഇടിക്കുന്നത് തടയുവാനായിരുന്നു ഇത്. റഷ്യൻ വിമാനത്തിലെ പൈലറ്റുമാർ കൊക്ക്പിറ്റിലിരുന്ന് തങ്ങളുടേ നേർക്ക് വരുന്ന വിമാനം കാണുകയായിരുന്നു. രണ്ട് വിമാനങ്ങളുടെയും പാതകളുടെ ഇടയിലായി 20 മീറ്ററിൽ താഴെ മാത്രമേ ഉയരമുണ്ടായിരുന്നുള്ളു എന്നാണ് ഒരു റിപ്പോർട്ട് പറയുന്നത്. സോച്ചിയിൽ നിന്നും സ്‌കോപ്ജെയിലേക്ക് പറക്കുകയായിരുന്ന ഒരു സ്വകാര്യ വിമാനത്തിനും ഈ ചാര വിമാനം കാരണം ഗതി മാറി പോകേണ്ടി വന്നതായി റഷ്യൻ ട്രാൻസ്പോർട്ട് അഥോറിറ്റി പറഞ്ഞു.

കരിങ്കടലിനു മുകളിൽ പറക്കുകയായിരുന്ന രണ്ട് ചാരവിമാനങ്ങളിൽ ഒന്ന് സിവിൽ ഏവിയേഷനായി മാറ്റിവച്ചിരിക്കുന്ന പാതയിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു എന്നാണ് റഷ്യൻ വൃത്തങ്ങൾ പറയുന്നത്. വിമാനം സമീപത്തേക്ക് വരുന്നത് കണ്ട യാത്രാ വിമാനത്തിലെ പൈലറ്റുമാർ അലാം നൽകുകയായിരുന്നു. ഇരു വിമാനങ്ങൾക്കും ഇടയിലുള്ള ഉയരം അപ്പോൾ 20 മീറ്ററിൽ താഴെ മാത്രമായിരുന്നു എന്നും റഷ്യ അറിയിച്ചു. തുടർന്നാന് യാത്രാ വിമാനത്തിന്റെ ഉയരവും ദിശയും മാറ്റേണ്ടതായി വന്നത്.

അതിക്രമിച്ചു കയറിയ വിമാനം ഭൂതലത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് ചെവി കൊടുത്തില്ലെന്നാണ് റഷ്യൻ ന്യുസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. റഷ്യൻ വ്യോമാതിർത്തിക്ക് സമീപമായി വർദ്ധിച്ചുവരുന്ന നാറ്റോയുടെ സാന്നിദ്ധ്യം സിവിലിയൻ വിമാനങ്ങൾക്ക് ഭീഷണിയാവുകയാണെന്നും ന്യുസ് ഏജൻസി പറയുന്നു. ഗ്രീസിലെ ഒരു സൈനിക താവളത്തിൽ നിന്നാണ് വിമാനം ഉയർന്ന് പൊങ്ങിയത് എന്നാണ് വിശ്വസിക്കുന്നത്. ഏത് രാജ്യത്തിന്റെതായിരുന്നു വിമാനമെന്ന് ഫെഡറൽ എയർ ട്രാൻസ്പൊർട്ട് ഏജൻസി വ്യക്തമാക്കിയില്ലെങ്കിലും റഷ്യൻ വിദേശകാര്യ വക്താവ് പറഞ്ഞത് അത് അമേരിക്കൻ വിമാനമായിരുന്നു എന്നാണ്.

അമേരിക്കൻ നടപടികൾ സാധാരണക്കാരുടേ ജീവന് ഭീഷണി ഉയർത്തുകയാണെന്ന് ആരോപിച്ച റഷ്യൻ വിദേശകാര്യ വക്താവ്, ഇപ്പോൾ ഒരു ദുരന്തം ഒഴിവാക്കാനായെങ്കിലും, ഈ ഭീഷണി ഭാവിയിലും നിലനിൽക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. നയതന്ത്ര പ്രതിഷേധം അറിയിക്കുമെന്നും വക്താവ് അറിയിച്ചു. റഷ്യയും പാശ്ചാത്യ ശക്തികളുമായുള്ള സംഘർഷം കൂടുതൽ ശക്തി പ്രാപിക്കുന്നതിനിടയിലാണ് ഈ അപകടം ഉണ്ടാകാനുള്ള സാഹചര്യമുണ്ടായത്. ഉക്രെയിൻ ആക്രമിക്കാൻ റഷ്യ പദ്ധതിയിടുന്നു എന്ന ആരോപണവും അമേരിക്ക ഉയർത്തിയിരുന്നു.