ഡിസംബർ ഒന്ന് മുതൽ നാലു വരെ വിശാഖപട്ടണത്ത് നടന്ന ഇന്ത്യ സ്‌കിൽസ് സൗത്ത് മേഖല മത്സരത്തിൽ 39 ഇനങ്ങളിൽ 16 സ്വർണവും 16 വെള്ളിയും നേടി കേരളം കരുത്തു തെളിയിച്ചു.

കേരളം, കർണ്ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് 51 തൊഴിൽ മേഖലകളിലായി 19 വയസ്സിനും 24 വയസ്സിനും മദ്ധ്യേയുള്ള 400 പേർ പങ്കെടുത്തു. വിശാഖപട്ടണത്തെ വിവിധ വ്യാവസായിക പരിശീലന സ്ഥാപനങ്ങളിലായി നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം ആന്ധ്രാപ്രദേശ് വാണിജ്യ വ്യവസായ നൈപുണ്യ മന്ത്രി എം. ഗൗതം റെഡ്ഡി നിർവഹിച്ചു. 32 മെഡലുകളുമായി സൗത്ത് ഇന്ത്യയിൽ കേരളം ഒന്നാം സ്ഥാനവും 29 മെഡലുകളുമായി കർണാടക രണ്ടാം സ്ഥാനവും നേടി. സ്വർണവും വെള്ളിയും നേടിയ വിദ്യാർത്ഥികൾക്ക് ജനുവരിയിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാം.

2020 ഫെബ്രുവരിയിൽ കോഴിക്കോട് നടന്ന ഇന്ത്യാ സ്‌കിൽസ് കേരള നൈപുണ്യ മത്സരത്തിൽ 39 തൊഴിൽ മേഖലകളിൽ യുവാക്കളുടെ വൈദഗ്ധ്യം അവതരിപ്പിക്കാൻ അവസരം നൽകിയിരുന്നു. ഇതിൽ വിജയിച്ചവരാണ് സൗത്ത് മേഖലാ മത്സരത്തിൽ പങ്കെടുത്തത്.