ന്യൂഡൽഹി: ഓമിക്രോൺ വ്യാപന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ എല്ലാ ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കും വാക്സിൻ ബൂസ്റ്റർ ഡോസ് നൽകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.

കോവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ, മുൻനിര പോരാളികൾ എന്നിവർക്ക് ബൂസ്റ്റർ ഡോസ് നൽകണമെന്ന് ഐഎംഎ ദേശീയ അധ്യക്ഷൻ ജയലാൽ ആവശ്യപ്പെട്ടു. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമായി മുന്നോട്ടു കൊണ്ടുപോകാനും പുതിയ വകഭേദത്തെ പ്രതിരോധിക്കാനും ആരോഗ്യപ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

കോവിഡ് വ്യാപിക്കാതിരിക്കാൻ ജനക്കൂട്ടം ഒഴിവാക്കാനുള്ള ശ്രമം വേണം. പുതിയ വകഭേദത്തിന്റെ വ്യാപനശേഷി സംബന്ധിച്ച് വ്യക്തതയില്ല. അതുകൊണ്ടുതന്നെ കൃത്യമായ മുന്നൊരുക്കം ആവശ്യമാണെന്നും ഐഎംഎ മുന്നറിയിപ്പ് നൽകുന്നു.

നീറ്റ് പി.ജി കൗൺസിലിങ് വൈകുന്നതിലുള്ള ആശങ്കയും ഐഎംഎ പങ്കുവെക്കുന്നു. കോവിഡ് പ്രതിരോധത്തിൽ മാനവശേഷിയുടെ കാര്യമായ കുറവുണ്ട്. അത് പരിഹരിക്കാൻ കൗൺസിലിങ് വേഗത്തിലാക്കണം. ഇക്കാര്യത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.