കവൻട്രി: കേരളം വീണ്ടും രാഷ്ട്രീയ കൊലകളുടെ ചർച്ചയിലാണ്. തിരുവല്ലയിൽ സന്ദീപ് എന്ന സിപിഎം പ്രവർത്തകന്റെ കൊലയാണ് ഏറ്റവും ഒടുവിൽ നടന്നത്. ഈ വർഷം പാർട്ടിയിൽ തന്നെ ഏഴുപേർ കൊലക്കത്തിക്ക് ഇരയായെന്നു സിപിഎം പറയുന്നു. മറ്റു പ്രധാന പാർട്ടികളുടെ എണ്ണം കൂടിയാകുമ്പോൾ കുറഞ്ഞത് ഒന്നര ഡസൻ ചെറുപ്പക്കാർ എങ്കിലും ചുരുങ്ങിയ പക്ഷം സ്വന്തം വീട്ടുകാർക്ക് എങ്കിലും തീരാ നഷ്ടമായി മാറിയിരിക്കും. ഈ കൊലകളിൽ രാഷ്ട്രീയം മാറ്റി വച്ചാൽ സാമൂഹ്യ കേരളം തീർച്ചയായും തേങ്ങും.

എന്നാൽ രാഷ്ട്രീയം ഉള്ളതുകൊണ്ട് മാത്രം രാഷ്ട്രീയക്കാർക്ക് കാര്യമായ പ്രയാസം തോന്നില്ല എന്നുമാത്രമല്ല, അടുത്ത കൊലയ്ക്കുള്ള കത്തി മൂർച്ച കൂട്ടുന്ന തിരക്കിലും ആയിരിക്കും. ഈ കൊലകൾക്കു ബ്രിട്ടനിൽ യാതൊരു വാർത്താ പ്രാധാന്യവും ഇല്ലെങ്കിലും യുകെ മലയാളിക്ക് ഇതൊരു പ്രധാന വാർത്ത തന്നെയാണ്. കാരണം ഓരോ രാഷ്ട്രീയ കൊല നടക്കുമ്പോഴും അകത്തും പുറത്തും ചിരിക്കുന്ന ഒരുകൂട്ടം മനുഷ്യർ യുകെയിൽ ഉണ്ട്. സംശയിക്കണ്ട, മലയാളികൾ തന്നെ.

കൊലപാതക വാർത്തയോട് ചിരിയോടെ പ്രതികരിക്കുന്നവർ

ആരാകും ആ നിഷ്ടൂര ചിന്താഗതിക്കാർ? അവർ ചിരിക്കുന്നത് രാഷ്ട്രീയ കാരണങ്ങളാൽ കൊണ്ടൊന്നുമല്ല. മറിച്ചു ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ കേരളം അശാന്തമാണ് എന്ന് തെളിയിക്കാൻ അവർക്കു ലഭിക്കുന്ന സുവർണ അവസരമാണ് ഓരോ രാഷ്ട്രീയ കൊലയും. പല വർഷങ്ങളായി അവർ ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ സ്ഥാപിക്കാൻ ശ്രമിക്കുന്ന അശാന്തമായ കേരളത്തിനുള്ള സാധൂകരണമാണ് ഓരോ രാഷ്ട്രീയ കൊലയും. അതിനാൽ കൊലയുടെ സചിത്ര വിവരണവും തുടർന്നുള്ള ഹർത്താലും കോലാഹലവും ഒക്കെ വാർത്തകളിൽ നിന്നെടുത്തു ഫയലുകളാക്കി ബ്രിട്ടീഷ് ഹോം ഓഫീസിന് സമർപ്പിക്കുകയാണ് നൂറു കണക്കിന് യുകെ മലയാളികൾ.

ഓരോ മലയാളിയും വേദനയോടെ നോക്കുന്ന ഇത്തരം കൊലപാതക മരണങ്ങളിലേക്കു കഴുകൻ കണ്ണുകളോടെയാണ് ബ്രിട്ടനിൽ അഭയാർത്ഥി വിസയ്ക്കായി കാത്തു കഴിയുന്ന ആയിരത്തിലേറെ യുകെ മലയാളികൾ നോക്കുന്നത്. കേരളത്തിൽ മടങ്ങിയെത്തിയാൽ തങ്ങളും ഇത്തരത്തിൽ ഒരു കത്തിമുനയിലോ കണ്ണൂരിലും മറ്റും സംഭവിക്കുന്നത് പോലെ ബോംബെറിലോ ഇല്ലാതായി തീരും എന്നാണ് അനധികൃതമായി യുകെയിൽ ലണ്ടൻ നഗര പ്രദേശത്തു താമസിക്കുന്ന നൂറു കണക്കിന് മലയാളികൾ ബ്രിട്ടീഷ് സർക്കാരിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. ഇക്കാരണത്താലാണ് ഓരോ രാഷ്ട്രീയ കൊലയിലും തങ്ങളുടെ അപേക്ഷകൾ സാധൂകരിക്കാൻ സാധിക്കുന്ന അക്രമം ഉണ്ടെന്നു തിരിച്ചറിഞ്ഞു ഈ യുകെ മലയാളികളുടെ മുഖത്ത് പുഞ്ചിരി വിടരുന്നത്.

കോൺഗ്രസുകാർ കമ്മ്യുണിസ്റ്റാകും, കമ്മ്യുണിസ്റ്റ് സംഘ്പരിവാറാകും, വിചിത്രമീ ജീവിതം

വളരെ രസകരവും കൗതുകവും നിറഞ്ഞതാണ് യുകെയിൽ എത്തിയ അനധികൃത മലയാളികളുടെ ജീവിത കഥ. വർഷങ്ങളായി ഇവർക്ക് വേണ്ടി അപേക്ഷകൾ തയ്യാറാക്കുന്ന മലയാളി അഭിഭാഷകൻ നൽകുന്ന വിവരങ്ങൾ കേട്ടാൽ ആരും മൂക്കിൽ വിരൽ വച്ചുപോകും. കേരളത്തിലെ ഭരണ സിരാ കേന്ദ്രങ്ങളിൽ നല്ല ബന്ധങ്ങൾ ഉള്ള ഇദ്ദേഹം ഇക്കാര്യങ്ങൾ പലവട്ടം അധികാരശ്രേണികളിലും
പാർട്ടി വൃത്തങ്ങളിലും എത്തിച്ചു കഴിഞ്ഞ കാര്യമാണ്. എന്നാൽ ഇങ്ങനെ ഒരു സംഭവം പുറം ലോകം അറിയാതിരിക്കട്ടെ എന്നാണ് കേരളത്തിൽ നിന്നും തമാശ കലർന്ന മട്ടിൽ ലഭിക്കുന്ന മറുപടി.

പ്രവാസി ഉന്നമനം എന്ന പേരിൽ ഒന്നാം പിണറായി സർക്കാർ ജന്മം നൽകിയ ലോക കേരള സഭ വെറും നോക്കുകുത്തിയായി യുകെ അടക്കം എല്ലാ രാജ്യങ്ങളിലും മാറുമ്പോൾ ഇത്തരം കാര്യങ്ങളെ കുറിച്ച് യുകെയിലെ ലോകകേരള സഭയിൽ കാര്യമായ അറിവുള്ളതു ഒരംഗത്തിനു മാത്രമാണ്. തന്നെക്കൊണ്ടാകും വിധമൊക്കെ അദ്ദേഹം ഇക്കാര്യത്തിൽ പരിഹാരം ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അനധികൃത താമസക്കാരായ യുകെ മലയാളികൾക്കു തിരികെ കേരളത്തിലേക്ക് മടങ്ങേണ്ട. അനധികൃതം ആയാലും യുകെ തന്നെ മതി.

കേരളത്തിൽ അറിയപ്പെട്ട കമ്യുണിസ്റ്റ് ആയി ജീവിച്ച അനധികൃത മലയാളി യുകെയിൽ ഇപ്പോൾ സംഘ്പരിവാറാണ്, ചുരുങ്ങിയ പക്ഷം അപേക്ഷയിൽ എങ്കിലും. കാരണം കമ്യുണിസ്റ്റ് സംസ്ഥാനമായ കേരളത്തിൽ താൻ മടങ്ങി എത്തിയാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നു കാണിക്കാൻ അദ്ദേഹം കരുതുന്നത് പത്തു വർഷത്തിനിടയിൽ കൊല്ലപ്പെട്ട ആർഎസ്എസ് - ബിജെപിക്കാരുടെ പട്ടികയാണ്. അക്കൂടെ തന്റെ പേരും വേണോ എന്നാണ് അദ്ദേഹം ബ്രിട്ടീഷ് സർക്കാരിനോട് ചോദിക്കുന്നത്. തീർച്ചയായും വേണ്ട എന്നേ യുകെയിലെ ഏതു പ്രധാനമന്ത്രിക്കും പറയാനാകൂ.

ഇതേ വിധത്തിലാണ് മറ്റു പാർട്ടി അനുഭാവികളും ഒരു പാർട്ടിയും ഇല്ലാത്തവരും ഒക്കെ അഭയാർത്ഥി വിസയിൽ ജീവന് ഭീക്ഷണി എന്ന് കാണിക്കാൻ ഓരോ പാർട്ടി കുപ്പായം അണിയുന്നത്. മേമ്പൊടിയായി താൻ ജീവിക്കുന്ന പ്രദേശത്തെയോ ജില്ലയിലെയോ അടിപിടിയുടെയും അക്രമത്തിന്റെയും ഗുണ്ടായിസത്തിന്റെയും ഒക്കെ കണക്കുകളും നിരത്തും. കേരളത്തിൽ ഇപ്പോൾ അതിനു ഒരു പഞ്ഞവും ഇല്ലാത്തതിനാൽ തന്റെ അപേക്ഷ തള്ളില്ലെന്നും ഇവർക്ക് ഉറപ്പാണ്. ഇതേ വിധത്തിൽ മുസ്ലിം അപേക്ഷകളിൽ ഹിന്ദു ഭീകരതയും ഹിന്ദു ക്രിസ്ത്യൻ അപേക്ഷകളിൽ മുസ്ലിം ഭീകരതയും ഒക്കെ കുത്തി നിറച്ചും അപേക്ഷകൾ എത്തും. എന്തിനേറെ മാറാട്, പൂന്തുറ കലാപങ്ങൾ വരെ ഇത്തരത്തിൽ യുകെയിലെ മലയാളികളായ അനധികൃത കുടിയേറ്റക്കാർ പ്രയോജനപ്പെടുത്തുന്നുണ്ട്.

സ്ത്രീകൾ നൽകുന്നത് ലജ്ജാകരമായ വിവരണങ്ങൾ, കേരളമെന്നു കേട്ടാലറയ്ക്കും പുറം ലോകം

ഇതിനേക്കാൾ ഭീകരമാണ് സ്ത്രീകൾ ആയ മലയാളികൾ നൽകുന്ന അഭയാർത്ഥി അപേക്ഷകൾ എന്നാണ് അഭിഭാഷകർ വെളിപ്പെടുത്തുന്നത്. തന്നെ ക്രൂരമായി ബലാത്സംഗത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും ഇനിയും അതാവർത്തിക്കാൻ ഇടയുണ്ട് എന്നുമാണ് മധ്യകേരളത്തിൽ നിന്നും അപേക്ഷ നൽകിയ ഒരു യുവതി പറഞ്ഞിരിക്കുന്നത്. മറ്റൊരു അപേക്ഷയിൽ പറയുന്നത് തിരികെ എത്തിയാൽ കുടുംബ അംഗങ്ങൾ തന്നെ തന്റെ പത്തു വയസുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്നാണ്.

കേരളത്തിലെ വീട്ടിൽ ഉള്ള കാർ പോർച്ചിലെ തുറന്ന ഇടത്തിൽ വച്ചും ബലാത്സംഗത്തിന് വിധേയയായിട്ടുണ്ടെന്നും കേരളം അത്തരത്തിൽ ഉള്ള നാടാണ് എന്നുമാണ് ഈ അപേക്ഷക എഴുതി പിടിപ്പിച്ചിരിക്കുന്നത്. ചുരുക്കത്തിൽ കേരളം എന്ന് കേട്ടാൽ അറപ്പു തോന്നണം അപേക്ഷ വായിക്കുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക്. അല്ലെങ്കിൽ ഇങ്ങനെയൊക്കെ എഴുതി വച്ചാൽ മാത്രമേ നാട് കടത്താതെ ബ്രിട്ടനിൽ തന്നെ തുടരാനാകൂ. ഇത്തരം അപേക്ഷകൾ നൽകി പൗരത്വം നേടിയ മറ്റു രാജ്യക്കാരുടെ വഴി തേടിയാണ് ഇത്തരം അപേക്ഷകൾ തയ്യാറാക്കി മലയാളികൾ ഹോം ഓഫീസിൽ എത്തിക്കുന്നത്.

ഏകദേശം രണ്ടായിരത്തോളം അപേക്ഷകൾ, മിക്കവയും ഈസ്റ്റ് ഹാം പരിസരത്തു നിന്നും

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഈ രംഗത്ത് പ്രവർത്തിക്കുന്ന മലയാളി അഭിഭാഷകൻ പറയുന്നത് വിശ്വസിക്കാമെങ്കിൽ ഏകദേശം 2000 ഓളം അഭയാർത്ഥി വിസക്കാരുണ്ട് മലയാളികളുടെ കൂട്ടത്തിൽ. മൽസ്യ ബന്ധന വിസയിൽ എത്തിയ ഏതാനും യുവാക്കളുടെ അപേക്ഷയും ഇപ്പോൾ ഒരു മലയാളി അഭിഭാഷകൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.

ഇപ്പോഴും കൊച്ചിയിൽ നിന്നും മൽസ്യ ബന്ധന വിസയിൽ യുകെയിൽ എത്താൻ ആളുകൾ കാത്തുനിൽക്കുകയാണ്. കഴഞ്ഞ മാസം നെടുമ്പാശേരിയിൽ വ്യാജ സർട്ടിഫിക്കറ്റുകളുടെ പേരിൽ അറസ്റ്റിൽ ആയ എട്ടു വിദ്യാർത്ഥികളും ലക്ഷ്യമിട്ടതു യുകെയിൽ എത്തി മുങ്ങുക എന്നത് തന്നെയാണ്. സ്റ്റേഷൻ ജാമ്യം ലഭിച്ച ഇവർ ശ്രമം ഉപേക്ഷിക്കാതെ മറ്റൊരു നാട്ടിൽ നിന്നും വീണ്ടും യുകെയിൽ എത്താനാണ് സാധ്യതയെന്നു പൊലീസും കരുതുന്നു.

യുകെയിൽ ഇപ്പോൾ അഭയാർത്ഥികൾ ആയി കഴിയുന്ന മലയാളികളുടെ അവസ്ഥ പരമ ദയനീയമാണ്. ഒരു മുറിയിൽ 20 പേര് വരെ ഊഴമിട്ടു കഴിയുന്നു എന്നാണ് ഈ രംഗത്ത് വളന്റിയർമാരായി പ്രവർത്തിക്കുന്ന യുകെ മലയാളികൾ പറയുന്നത്. പലരും ഒരു ദിവസം 20 മുതൽ 30 പൗണ്ട് വരെ വേതനത്തിന് മാത്രമാണ് മണിക്കൂറുകൾ ജോലി ചെയ്യുന്നത്. മിക്കവാറും സ്ത്രീകൾ സമ്പന്നരുടെ വീടുകളിൽ അടുക്കള ജോലിയും പുരുഷന്മാർ പഴം പച്ചക്കറി കടകളിലും വെയർഹൗസ് രംഗത്തുമാണ് ജോലി ചെയ്യുന്നത്.

രാവിലെ അഞ്ചു മുതൽ വൈകിട്ട് പത്തു വരെയാണ് ചില പുരുഷന്മാർ ജോലി ചെയ്യുന്നത്. അടുത്തിടെ വാടക നൽകുന്നത് സംബന്ധിച്ച തർക്കത്തിൽ ഇത്തരത്തിൽ പെട്ട ഒരു മലയാളി കുടുംബം പൊലീസ് കേസിൽ ഉൾപ്പെട്ടിരുന്നു. ഒടുവിൽ ക്രോയിഡോണിൽ നിന്നുള്ള ഒരു മലയാളി എത്തി മനസ്സലിവ് കാട്ടിയാണ് താൽക്കാലിക പരിഹാരം ഒരുക്കിയത്