- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമസ്തയെ പിളർത്താനുള്ള ലീഗിന്റെ ആസൂത്രിത നീക്കം വിജയിക്കില്ല; ലീഗുകാർ കരുതുംപോലെ സമസ്ത ലീഗിന്റെ പോക്കറ്റ് സംഘടനയോ ഉപഗ്രഹവേദിയോ അല്ലെന്നും ഐഎൻഎൽ ജന.സെക്ര. കാസിം ഇരിക്കൂർ
കോഴിക്കോട്: സുന്നികളുടെ ആധികാരിക സംഘടനയായ 'സമസ്ത'യെ പിളർത്താനും അതുവഴി പ്രഡിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിഷ്പക്ഷവും മതേതരവുമായ നിലപാട് ഇല്ലാതാക്കാനുമുള്ള മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ആസൂത്രിത നീക്കം വിജയിക്കാൻ പോകുന്നില്ലെന്ന് ഐഎൻഎൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കുർ അഭിപ്രായപ്പെട്ടു.
ലീഗുകാർ കരുതുംപോലെ സമസ്ത ലീഗിന്റെ പോക്കറ്റ് സംഘടനയോ ഉപഗ്രഹവേദിയോ അല്ല. കേരളത്തിൽ മുസ്ലിം ലീഗിന്റെ പേരിൽ ഒരു ഘടകം നിലവിൽ വരുന്നത് 1930കളുടെ അന്ത്യത്തിലാണെങ്കിൽ 'സമസ്ത' സ്ഥാപിതമാകുന്നത് 1926ലാണ്. സ്വന്തമായി കാഴ്ചപ്പാടും ഉറച്ച നിലപാടുമുള്ള പണ്ഡിതന്മാരാണ് അതിന്റെ തലപ്പത്ത്. ആ സംഘടനയെ പൂർണമായി തങ്ങളുടെ വരുതിയിൽ നിറുത്താൻ നടത്തിയ കുൽസിത ശ്രമങ്ങളാണ് 1989ൽ സമസ്തയെ പിളർത്തിയത്.
ലീഗിന്റെ നിയന്ത്രണങ്ങളിൽനിന്ന് കുതറിമാറിയ കാന്തപുരം വിഭാഗം വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലയിൽ നടത്തിയ മുന്നേറ്റം വിസ്മയാവഹമാണ്. ലീഗിനെ ആശ്രയിച്ചല്ല കേരളീയ മുസ്ലിം സമൂഹം മുന്നോട്ടുപോകുന്നതെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.
ലീഗ് ഇല്ലെങ്കിൽ സമസ്തയോ മുജാഹിദോ ഇല്ല എന്ന ലീഗ് നേതാവിന്റെ ജൽപനം തെരുവ് പിള്ളരുടെ ഭാഷയാണ്. പള്ളികൾ വിവാദ കേന്ദ്രമാക്കരുതെന്നും അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കണമെന്നുമുള്ള ജിഫ്രി തങ്ങളുടെ ഉറച്ച നിലപാട് സമസ്തയുടെ അന്തസ്സാർന്ന അസ്തിത്വമാണ് വ്യക്തമാക്കുന്നതെന്നും മുസ്ലിം ലീഗിന് ആ സംഘടനയെ കെണിയിൽ വീഴ്‌ത്താനോ പിളർത്താനോ സാധിക്കില്ലെന്ന് ഓർമപ്പെടുത്തുകയാണെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ