കവൻട്രി: ഒരിക്കൽ വന്നാൽ പിന്നെ മടങ്ങാൻ തോന്നാത്ത വാഗ്ദത്ത ഭൂമിയാണ് ബ്രിട്ടൻ പൊതുവെ മലയാളികൾക്ക്. ഇക്കാരണത്താൽ താൽക്കാലിക വർക്ക് പെർമിറ്റിലും സ്റ്റുഡന്റ് വിസയിലും മാത്രമല്ല സന്ദർശക വിസയിലും വ്യാജ വിദ്യാർത്ഥി ആയും ഒക്കെ മലയാളികൾ യുകെയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ഇതിൽ ഒരു വിഭാഗം സാഹചര്യങ്ങൾ കൊണ്ട് അഭയാർത്ഥി വിസയുടെ ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ മറ്റൊരു വിഭാഗം വിമാനത്താവളത്തിൽ നിന്നും തന്നെ മുങ്ങുക എന്ന ഉദ്ദേശത്തോടെയാണ് എത്തുന്നത് എന്ന് ഇത്തരം കേസുകൾ വർഷങ്ങളായി കൈകാര്യം ചെയ്യുന്ന യുകെ മലയാളിയായ അഭിഭാഷകൻ അഡ്വ. സന്ദീപ് വ്യക്തമാക്കുന്നു. കേട്ടാൽ ഞെട്ടിപ്പോകുന്നതും പച്ചക്കള്ളം ആണെങ്കിലും പിറന്ന നാടിനെ നാണം കെടുത്തും വിധത്തിൽ കേരളം ഭീകര പ്രവർത്തകരുടെ പ്രധാന പ്രവർത്തന കേന്ദ്രം ആണെന്നും വരെ അഭയാർത്ഥി വിസക്കുള്ള അപേക്ഷകളിൽ നാണമില്ലാത്ത മലയാളികൾ തള്ളിവിടുന്നു. ഒരേകഥ തന്നെ ആവർത്തിക്കുന്നവരും അനേകം.

മുങ്ങാൻ ഉദ്ദേശിക്കുന്നവർ യുകെയിലെ ജോലി ചെയ്തു ജീവിക്കുന്ന സാധാരണ മലയാളികളുടെ കഷ്ടപ്പാട് അറിഞ്ഞു തന്നെയാണ് വരുന്നത് എങ്കിലും തങ്ങൾക്കായി കഷ്ടപ്പാടിലാത്ത ഒരു ലോകം മനുഷ്യാവകാശത്തിന്റെ പുറം തോലിൽ ലഭിക്കുമെന്ന് അറിയാമെന്നതും കൊണ്ട് കൂടിയാണ് ഇത്തരക്കാരുടെ വരവ് ഏറുന്നത്. ഒരു ലജ്ജയും തോന്നാത്ത വിധത്തിൽ പെരും കള്ളങ്ങൾ തട്ടിവിടുകയാണ് മിക്കവരുടെയും രീതി. ബ്രിട്ടീഷ് ഹോം ഓഫിസിനെ തെറ്റിദ്ധരിപ്പിച്ചു എങ്ങനെയും കാലാകാലം യുകെയിൽ ജീവിക്കുക എന്നത് മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്ന് ഈ രംഗത്ത് ഏറെ വർഷത്തെ അനുഭവ സമ്പത്തുള്ള ലണ്ടനിലെ അഡ്വ. ജെ പി അബ്രഹാമും പറയുന്നു.

അനേക വർഷത്തെ അലച്ചിൽ, ഒടുവിൽ അഭയാർത്ഥിയായി അംഗീകാരം, നാട്ടിൽ പോകാൻ തടസം

കഴിഞ്ഞ മാസം ലണ്ടനിൽ അഭയാർത്ഥി വിസ ലഭിച്ച മലയാളി വിദ്യാർത്ഥിനിയുടെ കഥ വല്ലാത്തൊരു ജീവിത ദുരന്തം കൂടിയാണ്. യുകെയിൽ ഉന്നത പഠനത്തിന് എത്തിയ വിദ്യാർത്ഥിനി മലയാളി വിസ തട്ടിപ്പുകാരുടെ കയ്യിൽ അകപ്പെട്ട് അനേകം പണം നഷ്ടമാക്കിയാണ് യുകെയിൽ പിടിച്ചു നിൽക്കാൻ ശ്രമം നടത്തിയത്. കേരളത്തിലെ മധ്യ വർഗ കുടുംബത്തിൽ നിന്നും എത്തിയ പെൺകുട്ടിക്ക് ലണ്ടൻ ലേബൽ നഷ്ടപ്പെടുത്തി തിരികെ നാട്ടിലേക്കു മടങ്ങുക അസാധ്യമായിരുന്നു. നീണ്ട പത്തു വർഷത്തെ ശ്രമത്തിനൊടുവിൽ അഭയാർത്ഥി വിസ ലഭിച്ചെങ്കിലും അപ്പോഴേക്കും പഠിച്ചതൊക്കെ കൈവിട്ടു പോയിരുന്നു. ഇനിയെല്ലാം ഒന്നിൽ നിന്നും തുടങ്ങാൻ കാത്തിരിക്കുകയാണ് ഈ വിദ്യാർത്ഥിനി.

എന്നാൽ ഇതിൽ നിന്നും വ്യത്യാസമാണ് രാഷ്ട്രീയ കാരണങ്ങൾ ചൂണ്ടിക്കാട്ടി അഭയം തേടുന്ന മലയാളികളുടെ കാര്യം. തിരികെ ചെന്നാൽ ജീവന് ഭീഷണിയുണ്ട് എന്ന ഒറ്റക്കരണത്താലാണ് ഇവർക്കായി ബ്രിട്ടൻ അവസരം നൽകുന്നത്. അതിനാൽ ഇത്തരം വിസ കയ്യിൽ ഉള്ള മലയാളികൾക്ക് മാതാപിതാക്കൾ മരിച്ചാൽ പോലും നാട്ടിൽ എത്താനാകില്ല. ഇത് ഇങ്ങനെ തന്നെയാണ് സാഹചര്യം എന്ന് തിരിച്ചറിഞ്ഞാണ് ഇവരൊക്കെ യുകെയിൽ സെറ്റിൽമെന്റിന് എത്തുന്നതും. നാട്ടിൽ നിന്നും കടം കയറി നരകിക്കുന്ന ജീവിതത്തേക്കാൾ എത്രയോ ഭേദം എന്നാണ് ഇത്തരത്തിൽ ഒരാളോട് സംസാരിക്കാനായപ്പോൾ ലൂട്ടനിൽ നിന്നും ലഭിച്ച പ്രതികരണം.

വിദ്യാർത്ഥി വിസയിൽ മുങ്ങാൻ എത്തുന്നവർ നടത്തുന്നതുകൊടും ക്രൂരത, പഞ്ചാബിന്റെ അവസ്ഥ കേരളത്തിനും സംഭവിക്കാം

കഴിഞ്ഞ മാസം നെടുമ്പാശേരിയിൽ പൊലീസ് പിടിയിലായ എട്ടു വിദ്യാർത്ഥികൾ ഇതുവരെ രഹസ്യമായി കേട്ടിരുന്ന യുകെയിലേക്കുള്ള മനുഷ്യക്കടത്തിന്റെ നേർ ഉദാഹരണമായി മാറുകയാണ്. യുകെയിൽ പഠിക്കാൻ എത്തുക എന്ന വ്യാജ ഉദ്ദേശത്തോടെ കൂട്ടമായി കേരളത്തിലെ നാലു ജില്ലകളിൽ നിന്നാണ് മുഖ്യമായും മനുഷ്യക്കടത്തിനാവശ്യമായ വിദ്യാർത്ഥികളെ കണ്ടെത്തുന്നത്. ഇവർ ലണ്ടനിൽ വിമാനം ഇറങ്ങുന്നതോടെ ഇവരുടെ വിദ്യാർത്ഥി മുഖം നഷ്ടമായിരിക്കും. ഏകദേശം 30 വയസിൽ എത്തിയവരും വിദ്യാർത്ഥി ആയാണ് എത്തുന്നത്. മുങ്ങുക എന്നതാണ് പ്രധാന ഉദ്ദേശം എന്നതിനാൽ ഇവർക്കാർക്കും യൂണിവേഴ്‌സിറ്റി ഏതെന്നതും പ്രശ്‌നമല്ല. ഫീസ് കുറവായ റ്റീസൈഡ് യൂണിവേഴ്‌സിറ്റിക്ക് പകരം ഫീസ് കൂടുതൽ ഉള്ള ഗ്രീൻവിച്ചോ ബ്രാഡ്‌ഫോർഡോ ഒക്കെയാകും വ്യാജ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുക.

നല്ല ട്രാക്ക് റെക്കോർഡുള്ള ഇത്തരം യൂണിവേഴ്‌സിറ്റികളിൽ ആദ്യ സെമസ്റ്റർ ഫീസായ മൂവ്വായിരമോ നാലായിരമോ ആണ് നഷ്ടമായിക്കോട്ടെ എന്നുറപ്പിച്ചു തന്നെ ഇവർ അടയ്ക്കുന്നത്. അഡ്‌മിഷൻ പൂർത്തിയാക്കി എന്നുറപ്പിച്ചു വ്യാജ വിദ്യാർത്ഥികളെ കൂടി എന്റോൾ ചെയ്യിച്ചാണ് യൂണിവേഴ്‌സിറ്റി ക്ലസുമായി മുന്നോട്ടു പോകുക. എന്നാൽ ഈ വിദ്യാർത്ഥികൾ ഒരിക്കലും ക്ലാസിൽ എത്തില്ല, പകരം ഏതെങ്കിലും ഗോഡൗൺ കേന്ദ്രമാക്കിയോ കടകളുടെ പിന്നാമ്പുറത്തോ താൽക്കാലികമായി ജോലി ചെയ്യും. പിന്നൊരു സുപ്രഭാതത്തിൽ അഭയാർത്ഥിയായി മാറും.

ഇതോടെ നല്ല മാർക്കുള്ള ഫീസ് നൽകി പഠിക്കാൻ ആഗ്രഹമുള്ള യഥാർത്ഥ വിദ്യാർത്ഥികളുടെ അവസരമാണ് തടയപ്പെടുന്നത്. മുൻപ് തീവ്രവാദം ശക്തമായ കാലത്തു പഞ്ചാബിൽ നിന്നെത്തുന്നവരിൽ കുറേപ്പേർ യുകെയിൽ തീവ്രവാദ വിത്തെറിയാൻ തുടങ്ങിയപ്പോൾ ഇവിടെ നിന്നുള്ള വിദ്യാർത്ഥികൾക്ക് യുകെ യൂണിവേഴ്‌സിറ്റിയുടെ വാതിൽ അടഞ്ഞിരുന്നു. ഇപ്പോൾ വ്യാജ വിദ്യാർത്ഥികൾ വന്നു തുടങ്ങിയ സാഹചര്യത്തിൽ കേരളത്തിലും ഇത് തിരിച്ചടിയായി മാറാം. പക്ഷെ ഈ സാഹചര്യവും ഒന്നും കേന്ദ്ര കേരള സർക്കാരുകൾ അറിഞ്ഞ ഭാവം പോലും കാട്ടുന്നുമില്ല.

അഭയാർത്ഥിയായാൽ പരമ സുഖം, മേലനങ്ങാതെ ജീവിക്കാം, 2000 പൗണ്ട് വാടകയുള്ള വീട്ടിൽ താമസം

ലണ്ടനിലും മറ്റും എല്ലുമുറിയെ പണിയെടുത്തു ജീവിക്കുന്ന മലയാളി കുടുംബത്തിന് പ്രതിമാസം 2000 പൗണ്ടിന് മുകളിൽ വാടകയുള്ള വീടുകളിൽ താമസിക്കാനാകില്ല. പലരും ഷെയർ ചെയ്താണ് വാടക നൽകാൻ പണം കണ്ടെത്തുന്നത്. എന്നാൽ അഭയാർത്ഥി ആകുന്ന ആൾ താൻ ഇനി മുതൽ ''അസൈലം സീക്കർ '' ആണെന്ന് പറയുന്നതോടെ ജീവിതം പരമ സുന്ദരമായി മാറുകയാണ്. യുകെയിൽ നിയമം അനുസരിച്ചു ജോലി ചെയ്യാൻ വന്നവരോ വിദ്യാർത്ഥി ആയി വരുന്നവരോ കയ്യിൽ പണം ഇല്ലെങ്കിൽ തെണ്ടിയിട്ടാണെങ്കിലും പണം കണ്ടെത്തിയേ മതിയാകൂ. എന്നാൽ അഭയാർത്ഥി ആയാൽ നേരെ സുന്ദരമായ ഹോട്ടലിലേക്കോ അല്ലെങ്കിൽ സമൃദ്ധി നിറഞ്ഞ രണ്ടായിരം പൗണ്ട് വാടകയുള്ള വീട്ടിലേക്കോ ആയിരിക്കും പൊലീസ് എത്തിക്കുക.

തുടർന്ന് ആവശ്യമായതെന്തും സർക്കാർ ചെലവിൽ. ചുമ്മാ തിന്നുക, കുടിക്കുക, പറ്റിയാൽ ഉണ്ണി പിറക്കുക എന്ന മട്ടിൽ മേലനങ്ങാതെയുള്ള സുന്ദരമായ ജീവിതം. യുകെയിൽ ഇപ്പോൾ ഉള്ള രണ്ടു മില്യൺ അഭയാർത്ഥികളിൽ രണ്ടായിരം പേർക്ക് മുകളിൽ എങ്കിലും മലയാളികൾ തന്നെ ആയിരിക്കും എന്നാണ് നിഗമനം. ആഴ്ചയിൽ നാലു മലയാളിയെ എങ്കിലും സെറ്റിൽമെന്റ് ചർച്ച ചെയ്യാൻ ഹോം ഓഫിസ് വിളിക്കുമെങ്കിലും ഇവരാരും എത്താറില്ല. സത്യത്തിൽ ഇവരൊക്കെ എവിടെയാണ് എന്ന് പോലും കണ്ടെത്താൻ യുകെ സർക്കാരിന് സംവിധാനവുമില്ല.

ഒരബദ്ധം പറ്റിയിട്ടും പഠിച്ചില്ല, വീണ്ടും അഭയാർത്ഥി ആകണം എന്ന വാശിയോടെ പോലും പലരും രംഗത്ത്

ഏതാനും വർഷങ്ങൾക്കു മുൻപ് അനധികൃത വിസയിൽ എത്തി ജീവിതം ഹോമിച്ച മലയാളിയുടെ ഭാര്യയും മക്കളും വീണ്ടും യുകെയിൽ എത്താൻ ശ്രമം തുടങ്ങി. ഈ കുടുംബത്തിനായി യുകെ മലയാളികൾ നല്ലൊരു തുക സംഭാവനയായി പിരിച്ചു നൽകിയതാണ്. എന്നാൽ കേരളത്തിൽ കോവിഡും ഒരു ഉറപ്പും ഇല്ലാത്ത ജീവിതം കണ്ട വീട്ടമ്മക്ക് എങ്ങനെയും യുകെയിൽ എത്തണം. ഒരിക്കൽ വന്നു പോയതിനാൽ ഇവർക്ക് പൊലീസ് പിടിയിലാകുന്നതിൽ ഭയവുമില്ല. അഥവാ പൊലീസ് പിടിയിലാകാൻ വേണ്ടിയുള്ള വരവാണ്. സന്ദർശക വിസയിൽ എത്തി മുങ്ങുകയാണ് ലക്ഷ്യം.

വീട്ടു ജോലിയൊന്നും തരപ്പെട്ടില്ലെങ്കിൽ അഭയാർത്ഥി വിസയ്ക്ക് അപേക്ഷിക്കാം എന്നാണ് ഇവരുടെ തന്നെ അഭയാർത്ഥികളായ ബന്ധുക്കൾ നൽകുന്ന ഉപദേശം. സാധാരണക്കാരായ യുകെ മലയാളികൾ കണ്ടിട്ടുള്ള ജീവിതമല്ല അഭയാർത്ഥികളായ മലയാളികൾക്ക് പറയാനുള്ളത്. ഒരു വിളിപ്പുറത്തു ഓടിയെത്തുന്ന സർക്കാർ കൂടെയുള്ളപ്പോൾ എന്തിനു പേടിക്കണം എന്നാണ് ഇവരുടെ ചോദ്യം. ഒരിക്കൽ വന്നാൽ പിന്നെന്തിനു നാട്ടിൽ പോകണം എന്ന് കൂടി ഇവർ തിരിച്ചു ചോദിക്കുമ്പോൾ കേൾക്കുന്നവർക്കാണ് ഉത്തരം മുട്ടുന്നത്. ഒരു വ്യവസ്ഥയെ എങ്ങനെ വളച്ചൊടിച്ചു തങ്ങൾക്കുതകും വിധം ആക്കാം എന്നതാണ് അഭയാർത്ഥി വിസയ്ക്കായി കാലങ്ങളോളം കാത്തിരിക്കുന്ന ഓരോ യുകെ മലയാളിയും തെളിയിക്കുന്നത്. അതിനായി ഏതറ്റം വരെയും പോകാൻ അവർ ഒരുക്കമാണ്, കാരണം അവർക്കാ ഒരൊറ്റ ലക്ഷ്യമേയുള്ളൂ.