ന്യൂഡൽഹി: സംയുക്ത സേനാ മേധാവി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിക്കു സമീപം കുനൂരിൽ തകർന്നു വീണതിനു പിന്നാലെ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി വിവിധ നേതാക്കൾ.

കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ആം ആദ്മി എംഎൽഎ രാഘവ് ഛദ്ദ, ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു തുടങ്ങിയവരും അപകടത്തിൽപ്പെട്ടവർക്കായി പ്രാർത്ഥിക്കുന്നതായി അറിയിച്ച് ട്വീറ്റ് ചെയ്തു.

അങ്ങേയറ്റം സങ്കടകരമായ വാർത്തയാണ് പുറത്തുവരുന്നതെന്നും ബിപിൻ റാവത്തും കുടുംബാംഗങ്ങളും ഉൾപ്പെടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന എല്ലാവർക്കുമായി രാജ്യം മുഴുവൻ പ്രാർത്ഥിക്കുന്നതായും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വീറ്റ് ചെയ്തു.

വാർത്ത പുറത്തുവന്നതിനു പിന്നാലെ ഭരണകാര്യങ്ങൾ സംബന്ധിച്ച് നടന്നുകൊണ്ടിരുന്ന അവലോകന യോഗം മമത നിർത്തിവച്ചു. 'വളരെ സങ്കടകരമായ, ഞെട്ടിക്കുന്ന വാർത്തയാണിത്. എന്റെ ദുഃഖം പറഞ്ഞറിയിക്കാൻ വാക്കുകളില്ല. യോഗം തൽക്കാലത്തേയ്ക്കു നിർത്തിവയ്ക്കുകയാണ്.' വേദിയിൽനിന്നു പോകുന്നതിനു മുൻപായി മമത പറഞ്ഞു.

അപകടത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി രംഗത്തെത്തി. 'ഈ ഹെലികോപ്റ്ററുകൾ അടുത്തിടെ വാങ്ങിയതാണ്. അതിനാൽ ആഭ്യന്തര തലത്തിലും ഇതിന്റെ നിർമ്മാണം സംബന്ധിച്ചും അന്വേഷണം നടത്തണം' അഭിഷേക് സിങ്വി ട്വീറ്റ് ചെയ്തു.

അപകട കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി വ്യോമസേന ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവർ ഉൾപ്പെടെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. കോയമ്പത്തൂരിലെ സുലൂരിൽനിന്നു വെല്ലിങ്ടണിലേക്കു പോകുന്ന വഴിയായിരുന്നു അപകടം. വ്യോമസേനയുടെ റഷ്യൻ നിർമ്മിത എംഐ 17വി5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.