കണ്ണൂർ: എസ്.ഡി.പി.ഐ പ്രവർത്തകന്റെ വീട്ടിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് ഉച്ചയോടെ അവസാനിപ്പിച്ചു. ബുധനാഴ്‌ച്ച രാവിലെ എട്ടര മുതൽ ഒരു മണി വരെയാണ് കേന്ദ്ര ഏജൻസി റെയ്ഡു നടത്തിയത്. ഇവിടെ നിന്നും രേഖകളോ മറ്റെന്തെങ്കിലോ പിടിച്ചെടുത്തതായുള്ള വിവരം ലഭിച്ചിട്ടില്ല.

കള്ളപ്പണം വെളുപ്പിക്കുന്നത് കണ്ടെടുക്കുന്നതിനുള്ള പരിശോധനയാണ് സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിലും തൊഴിൽ സ്ഥാപനങ്ങളിലും അതീവ രഹസ്യമായി കേന്ദ്ര അന്വേഷണ ഏജൻസി നടത്തിയത്. ഇതിന്റെ ഭാഗമായി
പെരിങ്ങത്തൂരിലെ എസ്.ഡി.പി.ഐ പ്രവർത്തകന്റെ വീട്ടിലും ഇ.ഡി.റെയ്ഡ് നടത്തുകയായിരുന്നു.

പെരിങ്ങത്തുർ ഗുരുജി മുക്കിലെ പായത്ത് ഷഫീഖിന്റെ വീട്ടിലാണ് ബുധനാഴ്‌ച്ച എട്ടര മുതൽ പരിശോധന നടത്തിയത്. ഷഫീഖിന്റെ വിദേശ ഫണ്ട്, കള്ളപ്പണ ഇടപാട് തുടങ്ങിയവയെ കുറിച്ചു അന്വേഷിക്കുന്നതിനാണ് റെയ്ഡ് നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം.രാഷ്ട്രീപരമായ വൈരാഗ്യം വെച്ചുകേന്ദ്ര സർക്കാർ ആസുത്രിതമായി റെയ്ഡു നടത്തുകയാണെന്നാരോപിച്ചു പ്രദേശത്തെ എസ്.ഡി.പി.ഐ പ്രവർത്തകർ വീടിന് പുറത്ത് സംഘടിച്ച് കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി.

ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാവില്ല നിങ്ങൾക്കാവില്ല ഇ.ഡി.ഗോബാക്ക് എന്നാണ് അവർ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്.എസ്.ഡി.പി.ഐ.യുടേയോ പോപ്പുലർ ഫ്രണ്ടിന്റെയോ ഭാരവാഹിയല്ലാത്ത ഒരു സാധാരണ പ്രവർത്തകന്റെ വീട്ടിൽ ഇത്തരം റെയ്ഡ് നടത്തുന്നത് സംഘടനയെ അപകീർത്തിപ്പെടുത്താനാണെന്ന് നേതാക്കൾ പറഞ്ഞു. പാർട്ടി പരിപാടികൾ നടക്കുമ്പോൾ വീഡിയോകളും ഫോട്ടോകളും പകർത്തുന്നയാളാണ് ഷഫീഖെന്നും മറ്റ് പാർട്ടി - സംഘടനാ ഉത്തരവാദിത്വങ്ങൾ ഇല്ലെന്നും എസ്.ഡി.പി.ഐ നേതാക്കൾ അറിയിച്ചു

എന്നാൽ എസ് ഡി. പി. ഐ, പി.എഫ്.ഐ, സംഘടനക്ക് ഫണ്ട് എത്തിക്കുന്ന പ്രധാനിയാണ് ഷഫീഖെന്ന സൂചനയിലാണ് എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. ഇതേ സമയം എസ്.ഡി.പി.ഐക്കാർ ഇ.ഡി. ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നതായി പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്ന് പാനൂർ, പെരിങ്ങത്തുർ ഭാഗത്തു നിന്നും ബിജെപി.പ്രവർത്തകരും സ്ഥലത്ത് സംഘടിച്ചെത്തി എസ്.ഡി.പി.ഐക്കെതിരെ മുദ്രാവാക്യം വിളിച്ചു.

ഇതു സംഘർഷാവസ്ഥ സൃഷ്ടിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന ചൊക്‌ളി പൊലിസ് ഇരു വിഭാഗക്കാരെയും അവിടെ നിന്നും നീക്കി. എന്നാൽ മണിക്കൂറുകളോളമെടുത്തു നടത്തിയ എന്തെങ്കിലും രേഖകൾ പിടിച്ചെടുത്തിട്ടുണ്ടോയെന്ന കാര്യം വ്യക്തമായിട്ടില്ല. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി നടത്തിയ റെയ്ഡിന്റെ ഭാഗമായി ചൊക്‌ളി പൊലിസ് ഈ പ്രദേശത്ത് കനത്ത സുരക്ഷയേർപ്പെടുത്തിയിരുന്നു.