മസ്‌കത്ത്: തമിഴ്‌നാട്ടിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി. ഒമാന്റെ സുഹൃദ് രാജ്യമായ ഇന്ത്യയോടും ഇന്ത്യൻ സർക്കാരിനോടും ജനതയോടും അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്മാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.