തിരുവനന്തപുരം: കേരളത്തിലെ യുഎപിഎ തടവുകാരുടെ നീതിക്ക് വേണ്ടിയും യുഎപിഎ അടക്കമുള്ള ഭീകര നിയമങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നതിന് വേണ്ടിയും പ്രവർത്തിക്കുന്ന സാമൂഹ്യ കൂട്ടായ്മയായ ജസ്റ്റിസ് ഫോർ യുഎപിഎ പ്രിസണേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ലോക മനുഷ്യാവകാശ ദിനമായ ഡിസംബർ 10 - ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നു. ത്വാഹ കേസ് വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ ചുമത്തിയ മുഴുവൻ യുഎപിഎ കേസുകളും പിൻവലിക്കുക, കേരള സർക്കാർ നിർമ്മിക്കാനിരിക്കുന്ന മക്കോക്ക മോഡൽ നിയമ നിർമ്മാണ നീക്കം ഉപേക്ഷിക്കുക, എൻ.ഐ.എ മോഡലിൽ രൂപീകരിക്കാനിരിക്കുന്ന സംസ്ഥാന അന്വേഷണ ഏജൻസിയുടെ രൂപീകരണം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നത്.

കേരളത്തിലെ പൗരാവകാശ പ്രവർത്തകരും ഈ വിഷയത്തിൽ സമാന നിലപാടുള്ളവരും യു.എ.പി.എ തടവുകാരുടെ ബന്ധുക്കളും യു.എ.പി.എ ചുമത്തപ്പെട്ടവരും മാർച്ചിൽ അണിനിരക്കും. ഡിസംബർ 10 രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന ധർണ്ണയെ കേരളത്തിലെ വിവിധ സാംസ്‌കാരിക, സാമൂഹിക പ്രവർത്തകർ അഭിസംബോധന ചെയ്യുമെന്ന്സംഘാടക സമിതി ചെയർ പേഴ്‌സൺമാഗ്ലിൻ പീറ്റർ, ജനറൽ കണവീനർ ഷബീർ ആസാദ് എന്നിവർ അറിയിച്ചു.