തലശേരി: ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരിങ്ങാടിയിൽ ബോംബുകൾ പൈപ്പിനുള്ളിലാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഉഗ്രസ്ഫോടക ശേഷിയുള്ള അഞ്ചു നാടൻബോംബുകളാണ് കണ്ടെത്തിയത്. വ്യാഴാഴ്‌ച്ച രാവിലെ യാൻക ന്യൂമാഹി പ്രിൻസിപ്പൽ എസ്. ഐ വിപിനും സംഘവും രഹസ്യവിവരം ലഭിച്ചതനുസരിച്ചാണ് ആളൊഴിഞ്ഞ പറമ്പിൽ പരിശോധന നടത്തിയത്.

കാടുമൂടിയ പറമ്പിൽ ആദ്യമൊന്നും കണ്ടെത്തിയില്ല. പൊലീസ് സംഘം തിരികെ മടങ്ങാനൊരുങ്ങുമ്പോഴാണ് പറമ്പിലെ തിണ്ടിനോടുത്തുള്ള ഭാഗത്ത് കുഴിയെടുത്ത് അടച്ചിട്ട നിലയിൽ അസി. എസ്. ഐ അനിൽകുമാറിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇവിടെ മണ്ണെടുത്തു നീക്കിയപ്പോൾ ഉള്ളിലേക്കു പോയ നിലയിൽ പൈപ്പ് കണ്ടെത്തുകയും ചെയ്തു. തുടർന്ന് സമീപത്തുനിന്നും ജെ.സി.ബി കൊണ്ടുവന്നു മണ്ണെടുത്തു മാറ്റുകയായിരുന്നു.

ഇതിനു ശേഷം രണ്ടരഅടി നീളമുള്ള പൈപ്പിനടിയിൽ 200 എം. എം നീളമുള്ള മറ്റൊരു പൈപ്പുകണ്ടെത്തുകയും ചെയ്തു. ഈ പൈപ്പു രണ്ടുഭാഗവും മൂടിയ നിലയിലായിരുന്നു. ഇതിനിടെ പൊലിസ് വിവരമറിയിച്ചതനുസരിച്ചു ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തുകയും ഈ പൈപ്പിൽ നിന്നും അഞ്ചു ഉഗ്രസ്ഫോടക ശേഷിയുടെ നാടൻ ബോംബ് കണ്ടെത്തുകയും ചെയ്തു.

വീടുകളുടെ ഗേറ്റിന് മുകളിൽ വർത്തമാനപാത്രങ്ങൾ മഴ നനയാതിരിക്കാൻ സൂക്ഷിക്കുന്ന പൈപ്പിന്റെ മാതൃകയിൽ ഇരുഭാഗവും മൂടികൊണ്ടു അടച്ച നിലയിലായിരുന്നു ബോംബുകൾ സൂക്ഷിച്ചിരുന്നത്. ഉഗ്രസ്ഫോടക ശേഷിയുള്ള നാടൻ ബോംബുകൾ പിന്നീട് ബോംബു സ്‌ക്വാഡു നിർവീര്യമാക്കി.

പ്രദേശത്ത് വരും ദിനങ്ങളിലും ബോംബുകൾക്കായി വിപുലമായ തെരച്ചിൽ നടത്തുമെന്നു ന്യൂമാഹി പൊലിസ് അറിയിച്ചു. തലശേരി താലൂക്കിൽ രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിലൊന്നാണ് ന്യൂമാഹി പൊലിസ് സ്റ്റേഷൻ പരിധിയിലെ പെരിങ്ങാടി.