- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില പാർട്ടികൾ കാൽ, അര, മുക്കാൽ കേഡർ പാർട്ടികളാകാൻ ശ്രമിക്കുന്നു; കെ.സുധാകരനെയും കോൺഗ്രസിനെയും പരിഹസിച്ച് ഇ.പി ജയരാജൻ

കണ്ണൂർ: കോൺഗ്രസിനെ സെമികേഡർ പാർട്ടിയാക്കി മാറ്റുമെന്ന ലക്ഷ്യവുമായി മുൻപോട്ടു പോകുന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ പരിഹസിച്ചു സി.പി. എം കേന്ദ്രകമ്മിറ്റിയംഗം ഇ. പി ജയരാജൻ. ഇപ്പോൾ സിപിഎമ്മിനെ അനുകരിച്ച് ചില പാർട്ടികൾ കാൽ, അര, മുക്കാൽ കേഡർ പാർട്ടികളാകാൻ ശ്രമിക്കുകയാണെന്നും ജയരാജൻ പറഞ്ഞു. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനത്തിലേക്കുള്ള ദീപശിഖ കണ്ണൂരിൽ എ.കെ.ജി സ്‌ക്വയറിൽ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ. ചന്ദ്രന് കൈമാറി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ നയമാണ് സിപിഎമ്മിന്റെ അടിസ്ഥാനം. ആ നയം ആവിഷ്‌കരിക്കുന്നത് ജനമാണ്. രാഷ്ട്രീയ നയം പ്രതിഭാശാലികളായ ചില നേതാക്കൾ ചേർന്ന് രൂപീകരിക്കുന്നതല്ല. ജനങ്ങളിൽ നിന്ന് നയം സ്വീകരിച്ച് അവരുടെ അനുയായികൾ രൂപീകരിച്ചെടുക്കുന്നതാണ് രാഷ്ട്രീയനയം. ഇത് മറ്റു പാർട്ടിക്കാർക്കില്ല. മറ്റു പാർട്ടിക്കാരെ പോലെ ആരെയെങ്കിലും ഡൽഹിയിൽ തപാലായി അയച്ച്, തിരിച്ചു കേരളത്തിൽ വന്ന് കാക്ക പിടിച്ചും കാലുപിടിച്ചും ഡൽഹിയിൽ പോയി നേതാവാകുന്ന രീതിയല്ല സിപിഎമ്മിന് എന്നോർക്കണമെന്നും ജയരാജൻ പറഞ്ഞു.
ഇന്ത്യൻ ജനതയുടെ പ്രതീക്ഷ കേരളമാണ്. കേരളത്തെ ശരിയായ ദിശയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്ന പാർട്ടി എന്ന നിലയിൽ ആവശ്യമായ അടവു നയങ്ങൾ ആവിഷ്‌കരിക്കുന്ന പാർട്ടി എന്ന നിലയിലും ജനം സിപിഎമ്മിനെ സ്വീകരിക്കുകയാണ്. സിപിഎമ്മിനെ അനുകരിച്ച് ചിലർ കാൽ, അര, മുക്കാൽ കേഡർ പാർട്ടികൾ ആകാൻ ശ്രമിക്കുകയാണ്. ജനത്തിന് ഒപ്പം പ്രവർത്തിച്ചാണ് സിപിഎമ്മിൽ നേതാക്കൾ ഉയർന്നുവരുന്നത്.
കോൺഗ്രസിലും ബിജെപിയിലും തെരഞ്ഞെടുപ്പ് നടത്തി ഏതെങ്കിലും നേതാവ് ഉയർന്നു വന്നിട്ടുണ്ടോ ? ബിജെപി നേതാവിനെ നിലനിർത്താൻ ചിലർ ഡൽഹിയിൽ പോയി മാറത്തടിച്ചു കരയുന്ന സ്ഥിതിയാണ്. തിരുവല്ലയിൽ ലോക്കൽ സെക്രട്ടറി സന്ദീപ് കൊലചെയ്യപ്പെട്ടപ്പോൾ
എത്ര നിലവാരമില്ലാത്ത തരംതാണ പ്രസ്താവനയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് നടത്തിയതെന്ന് ഓർക്കണം.
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഉപകരണങ്ങളാണ് ആർഎസ്എസും എസ്ഡിപിഐയും. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരരുടെ ശക്തി അമേരിക്കയാണ്. ബിജെപിയുടെ ലോകനേതാക്കളാണ് അമേരിക്ക. ഇന്ത്യയിൽ ഒരു പ്രതീക്ഷയും ഇല്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിയിരിക്കുന്നു കോൺഗ്രസിനെ ബിജെപി ശക്തിപ്പെടുത്തുന്ന സ്ഥിതിയാണെന്നും ഇ പി ജയരാജൻ പറഞ്ഞു. പരിപാടിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം പ്രകാശൻ അധ്യക്ഷനായി. നേതാക്കളായ കെ.പി സഹദേവൻ അരക്കൻ ബാലൻ പി.പി ദാമോദരൻ കെ.പി സുധാകരൻ എന്നിവർ പങ്കെടുത്തു.


