കണ്ണൂർ: ഡിസംബർ ഒന്നിന് തലശേരി നഗരത്തിൽ നടന്ന കെ.ടി ജയകൃഷ്ണൻ ബലിദാന ദിനാചരണത്തോട് അനുബന്ധിച്ചു നടന്ന മഹാറാലിക്കിടെ വിദ്വേഷമുണ്ടാക്കുന്ന മുദ്രാവാക്യം വിളിച്ച് മതസ്പർധയുണ്ടാക്കാൻ ശ്രമിച്ച കേസിൽ ഒരു ആർഎസ്എസ് പ്രവർത്തകൻ കൂടി അറസ്റ്റിൽ. ശിവപുരം വെമ്പടിത്തട്ട് മാത്രാവിൽ ശ്രുതിനാ (28)ണ് അറസ്റ്റിലായത്.

തലശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇയാളെ റിമാൻഡ് ചെയ്തു. ഇതേ കേസിൽ നാല് ആർഎസ്എസുകാരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് കേസെടുത്തിരുന്നത്. അഞ്ചു നേരം നിസ്‌കരിക്കാൻ പള്ളികളൊന്നും കാണില്ലെന്നും ബാങ്കുവിളി കേൾക്കില്ലെന്നുമുള്ള മുദ്രാവാക്യം വിളി സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ബോധപൂർവ്വ ശ്രമത്തിന്റെ ഭാഗമായി നടത്തിയതാണെന്ന പരാതിയുയർന്നതിന്റെ അടിസ്ഥാനത്തിലാണ് തലശേരി ടൗൺ പൊലിസ സ്വമേധയാ കേസെടുത്തത്.

നേരത്തെ ഡി.വൈ. എഫ്. ഐ, യൂത്ത് ലീഗ് എന്നീ സംഘടനകൾ ഈ വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തലശേരി എ.സി.പി വിഷ്ണു പ്രദീപിന് പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് വിദ്വേഷ മുദ്രാവാക്യം മുഴക്കിയതിന് പൊലീസ് കേസെടുത്തത്. നിരോധനാജ്ഞ ലംഘിച്ചു പ്രകടനം നടത്തിയ സംഭത്തിൽ ബിജെപി കണ്ണൂർ ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ് ഉൾപ്പെടെ 250 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.