ന്യൂഡൽഹി : ഇന്ത്യയുടെ അഭിമാന ചാന്ദ്ര പര്യവേഷണ പദ്ധതിയായ ചാന്ദ്രയാൻ-3ന്റെ നിർമ്മാണങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. അടുത്ത സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ചാന്ദ്രയാൻ- 3 വിക്ഷേപിക്കാനാണ് നിലവിലെ തീരുമാനം. രാജ്യസഭയിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് ഇക്കാര്യം അറിയിച്ചത്.

എഴുതി നൽകിയ മറുപടിയിലാണ് ചാന്ദ്രയാൻ-3 പദ്ധതി അടുത്ത വർഷം പൂർത്തീകരിക്കുമെന്ന് വ്യക്തമാക്കിയത്. ചാന്ദ്രയാൻ-3 ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രൊപ്പൾഷൻ മൊഡ്യൂളിന്റെയും റോവർ മൊഡ്യൂളിന്റെയും സംവിധാനങ്ങളുടെ നിർമ്മാണം പൂർത്തിയായി. ഇവയുടെ പരീക്ഷണവും വിജയകരമായതായി ജിതേന്ദ്ര സിങ് വ്യക്തമാക്കി.

നിർമ്മാണം പൂർത്തിയായ ലാൻഡർ മൊഡ്യൂളിന്റെ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. അടുത്ത സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ചാന്ദ്രയാൻ-3 വിക്ഷേപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കുന്ന പദ്ധതി കേന്ദ്രസർക്കാരിന്റെ ആലോചനയിലില്ലെന്നും ജിതേന്ദ്ര സിങ് രാജ്യസഭയിൽ വ്യക്തമാക്കി.