കടുത്തുരുത്തി: ഞീഴൂരിലെ ബന്ധുവീട്ടിൽ യുവതി തൂങ്ങി മരിച്ചത് ഭർത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനം മൂലമെന്നു പരാതി. കുറുപ്പന്തറ ആക്കാംപറമ്പിൽ കെവിൻ മാത്യുവിന്റെ ഭാര്യ എലിസബത്തിന്റെ (31) മരണത്തിലാണ് പിതാവ് പരാതിയുമായി രംഗത്തെത്തിയത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും കുട്ടിതന്റേതല്ലെന്ന് കുറ്റപ്പെടുത്തിയും കെവിൻ എലിസബത്തിനെ പീഡിപ്പിച്ചിരുന്നതായി ചൂണ്ടിക്കാട്ടി പിതാവ് തമിഴ്‌നാട് ചെങ്കൽപെട്ടിൽ ജോലി ചെയ്യുന്ന കൊച്ചംപറമ്പിൽ തോമസാണ് കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയത്.

ഞീഴൂരിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് കുളിമുറിയിൽ യുവതി തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ 11 നാണ് എലിസബത്ത് മരിച്ചത്. ഇവർക്ക് രണ്ട് വയസ്സുള്ള മകളുണ്ട്. ഉഴവൂർ കോളജിൽ ഗെസ്റ്റ് അദ്ധ്യാപികയായിരുന്ന എലിസബത്തും കുറുപ്പന്തറ സ്വദേശി കെവിനുമായുള്ള വിവാഹം 2019 ജനുവരിയിലാണ് നടന്നത്. 60 പവൻ സ്വർണാഭരണങ്ങളും 3 ലക്ഷം രൂപയും വിവാഹ സമയത്ത് നൽകിയതായി പരാതിയിൽ പറയുന്നു.

നാളുകളായി കെവിനും വീട്ടുകാരും എലിസബത്തിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി പറയുന്നു. എലിസബത്തിനു ശമ്പളം കുറവാണെന്നും 10 ലക്ഷം രൂപ വീട്ടിൽ നിന്നു വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് കെവിനും അമ്മയും മാനസികമായി പീഡിപ്പിച്ചിരുന്നു. എലിസബത്ത് ഗർഭിണിയായതോടെ ചെങ്കൽപെട്ടിലെ വീട്ടിലേക്കു പോയിരുന്നു. കുഞ്ഞ് തന്റേതല്ലെന്നു പറഞ്ഞ് കെവിനും കുടുംബവും വീണ്ടും പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. കേസെടുത്തതായി കടുത്തുരുത്തി എസ്‌ഐ വിപിൻ ചന്ദ്രൻ അറിയിച്ചു. എലിസബത്തിന്റെ സംസ്‌കാരം ഇന്ന് 3ന് കുറുപ്പന്തറ സെന്റ് തോമസ് പള്ളിയിൽ നടക്കും.