പത്തനാപുരം: അടിപിടിക്കിടെ ഭർത്താവിനെ ഭാര്യ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. കടുവാത്തോട് സെയ്ദലി മൻസിലിൽ ഷാജഹാൻ (സാബു-43) മരിച്ച സംഭവത്തിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ നിസയ്‌ക്കെതിരെ(40) കൊലക്കുറ്റത്തിന് കേസെടുത്തതായി പത്തനാപുരം സിഐ.ജയകൃഷ്ണൻ പറഞ്ഞു. വ്യാഴം രാത്രി 11ന് ശേഷമാണ് സംഭവം.

പൊലീസ് പറയുന്നത്: ഷാജഹാൻ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവാണ്. വ്യാഴം രാത്രിയിൽ മദ്യപിച്ചെത്തിയ ഷാജഹാനും നിസയും തമ്മിൽ വഴക്കുണ്ടായി. ഇതിനിടയിൽ ഷാജഹാന്റെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമർദനം തുടർന്നപ്പോൾ സ്വയരക്ഷയ്ക്ക് വേണ്ടിയാണ് ഷാൾ കഴുത്തിൽ മുറുക്കിയതെന്നാണ് നിസ പൊലീസിനോടു പറഞ്ഞത്. മക്കൾ: റിസാന, സെയ്ദലി.