പിതാവ് മരിച്ചതിനെ തുടർന്ന് ഇന്ത്യയിലേക്ക് സഞ്ചരിക്കാൻ വിസ ആവശ്യപ്പെട്ട് ന്യുയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ എത്തിയ ഒരു സ്ത്രീയോട് കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയത് ഏറെ വിവാദമായിരുന്നു. നവംബർ 24 ന് നടന്ന ഈ സംഭവത്തിന്റെ വീഡിയോ പ്രശസ്ത ടി വി അവതാരകയും നടിയുമായ സിമി ഗരേവാൽ ട്വിറ്ററിൽ പങ്കുവച്ചതോടെ സംഭവം വൈറലാവുകയും ചെയ്തിരുന്നു. അതിനു മുൻപായി രാകേഷ് ക്രിഷ്ണൻ സിംഹ എന്നൊരു ട്വിറ്റർ ഉപയോക്താവും ഈ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. 

പിതാവിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് യാത്രചെയ്യുന്നതിനായി വിസയ്ക്ക്അപേക്ഷിക്കാൻ വന്ന ഒരു വനിതയോടുള്ള ഒരു ഉദ്യോഗസ്ഥന്റെ പരുക്കൻ പെരുമാറ്റം എന്ന് വിശേഷിപ്പിച്ചായിരുന്നു രാകേഷ് ഇത് പോസ്റ്റ് ചെയ്തത്. അദ്ദേഹം ആരെന്നാണ് അദ്ദേഹം വിചാരിക്കുന്നതെന്ന് ചോദിച്ച രാകേഷ്, ഇന്ത്യാക്കാർക്ക് സേവനമുറപ്പാക്കാനായി ഇന്ത്യൻ സർക്കാർ ശമ്പളം കൊടുത്തു നിയമിച്ച ഒരു ഉദ്യോഗസ്ഥനാണ് അയാൾ എന്നും ഓർമ്മിപ്പിക്കുന്നുണ്ട്. വാഷിങ്ടൺ ഡി. സി, ന്യുയോർക്ക് എന്നിവിടങ്ങളിലുള്ള ഇന്ത്യൻ എമ്പസി ഓഫീസുകളുടെ ഔദ്യോഗിക ട്വീറ്റർ ഹാൻഡിൽ ടാഗ് ചെയ്തായിരുന്നു രാകേഷ് ഇത് പോസ്റ്റ് ചെയ്തത്. അതോടൊപ്പം ഇന്ത്യൻ വിദേശകാര്യമന്ത്രിയേയും ടാഗ് ചെയ്തിരുന്നു.

ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ വംശജയായ വനിതയുടെ പിതാവ് മരണമടഞ്ഞതിനെ തുടർന്ന് അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ വിസയ്ക്കുള്ള അപേക്ഷയുമായാണ് അവർ കോൺസുലേറ്റിനെ സമീപിച്ചത്. എന്നാൽ, ചുമതലയിലുള്ള ഉദ്യോഗസ്ഥൻ അവരുടെ മേൽ കോപിഷ്ഠനാവുകയും അവർ സമർപ്പിച്ച വിസ അപേക്ഷ നിരസിക്കുകയും ചെയ്തു. അവരുടേ അപേക്ഷ നിരസിക്കുവാനുള്ള കാരണങ്ങൾ പറയാൻ തയ്യാറാകാതിരുന്ന ആ ഉദ്യോഗസ്ഥൻ അവരോട് വളരെ പരുഷമായി പെരുമാറുകയും ചെയ്തു.

ഈ വീഡിയോയുമായി ബന്ധപ്പെട്ട് സമ്മിശ്ര പ്രതികരണമായിരുന്നു വന്നിരുന്നത്. വീഡിയോ മുഴുവനും കാണാതെ ഉദ്യോഗസ്ഥനെ കുറ്റം പറയാനാവില്ലെന്ന് ചിലർ വാദിച്ചപ്പോൾ സമാനമായ അനുഭവം ഇതിനു മുൻപും ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് മറ്റു ചിലർ രംഗത്തെത്തി. നഷ്ടപ്പെട്ട പാസ്സ്പോർട്ടിനു പകരം മൂന്നാഴ്‌ച്ച കൊണ്ട് പുതിയ പാസ്സ്പോർട്ട് എംബസി ശരിയാക്കി തന്നു എന്ന് ഒരാൾ പറയുന്നു. ഒരു ഉദ്യോഗസ്ഥന് വിസ നിഷേധിക്കുവാനുള്ള അവകാശമുണ്ടെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. ഇത് സംബന്ധിച്ച നടന്ന മുഴുവൻ സംഭാഷണങ്ങളും വീഡിയോയിൽ ഇല്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

ഏതായാലും വീഡിയോയും ട്വീറ്റുകളും വൈറലാവുകയും അത് ന്യുയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ശ്രദ്ധയിൽ പെടുകയും ചെയ്തതോടെ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിക്ക് മുതിരുകയാണെന്ന സൂചനകൾ കോൺസുലേറ്റ് നൽകി. പൊതുജനസേവനം ഏറ്റവും ഉയർന്ന മൂല്യത്തിൽ നടത്തുന്നതാണ് ഇന്ത്യൻ കോൺസുലേറ്റിന്റെ ഉദ്ദേശമെന്ന് വിശദീകരിച്ചുകൊണ്ട് അവർഒരു പോസ്റ്റ് ഇടുകയും ചെയ്തു.

ഒരു ജീവനക്കാരന്റെ മോശം പ്രകടനം കോൺസുലേറ്റിന്റെ പരാജയമായി കാണരുതെന്ന് പറഞ്ഞ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ മോശമായി പെരുമാറിയ ജീവനക്കാരനെതിരെ അച്ചടക്ക നടപടികൾ കൈക്കൊള്ളുമെന്നും വ്യക്തമാക്കി.