ന്യൂഡൽഹി: സർവകലാശാലകളിലെ രാഷ്ട്രീയ നിയമനത്തിൽ സർക്കാരിനെതിരെയുള്ള ഗവർണർ ആരീഫ് ഖാന്റെ വിമർശനത്തിൽ പ്രതികരിച്ച് എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ. ആശങ്കാജനകമായ കാര്യങ്ങളാണ് നടക്കുന്നതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിരാശ താൻ പൂർണമായും മനസ്സിലാക്കുന്നെന്നും തരൂർ പറഞ്ഞു.

''ഇത് ആശങ്കാജനകമായ സംഭവവികാസങ്ങളാണ്. ആരിഫ് മുഹമ്മദ് ഖാൻ സാഹിബിന്റെ നിരാശ ഞാൻ പൂർണ്ണമായും മനസ്സിലാക്കുന്നു. ദേശീയ തലത്തിൽ രാഷ്ട്രപതിയെപ്പോലെ, സർവ്വകലാശാലകളുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ ഗവർണർക്കും ഒരു പ്രധാന ഉത്തരവാദിത്തമുണ്ട്,'' തരൂർ പറഞ്ഞു. ഇങ്ങനെ ഒതുക്കപ്പെടുന്നത് എന്തിനാണ് ഗവർണർ സഹിച്ചുനിൽക്കുന്നതെന്നും തരൂർ ചോദിച്ചു.

സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ എതിർപ്പറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗവർണർ ഉന്നയിച്ചത്.

സർവകലാശാലകളുടെ ചാൻസലർ എന്ന പരമാധികാര പദവി വേണമെങ്കിൽ താൻ ഒഴിഞ്ഞു തരാമെന്നും സർക്കാരിന് വേണമെങ്കിൽ തന്നെ നീക്കം ചെയ്യാമെന്നും ഗവർണർ കത്തിൽ പറയുന്നു. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്ന് ഗവർണർ കത്തിൽ പറയുന്നു.

കണ്ണൂർ സർവകലാശാല നിയമനങ്ങളിൽ സുതാര്യതയില്ല. ഗവർണർ ചാൻസലറായിരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണ്. താൻ പരമാവധി പരിശ്രമിച്ചിട്ടും സർക്കാർ സഹകരിക്കുന്നില്ല. അനധികൃത നിയമനങ്ങളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടും പ്രതികരിച്ചില്ല. സർക്കാർ ശ്രമിച്ചത് തന്റെ കൈകൾ കെട്ടിവയ്ക്കാനാണ്. ഇതിനെ തുടർന്നാണ് ചാൻസലർ പദവി ഒഴിയാൻ തീരുമാനിച്ചതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ചാൻസലർ പദവി ഭരണഘടനാ പദവി അല്ലെന്നും അദ്ദേഹം പറയുന്നു.

കാലടി സർവകലാശാലയിൽ പുതിയ വൈസ് ചാൻസലറെ നിയമിക്കുന്ന വിഷയത്തിൽ ഉണ്ടായ സംഭവവികാസങ്ങൾ ഗവർണർ ചൂണ്ടിക്കാട്ടി. പുതിയ നിയമനത്തിനായി മൂന്നു പേരുടെ പാനൽ വേണമെന്നാണ് യുജിസി മാനദണ്ഡം. അതിൽനിന്ന് ഒരാളെ നിയമിക്കാൻ ചാൻസലർക്ക് അധികാരമുണ്ട്. എന്നാൽ തന്റെ കൈ കെട്ടാനായി അപേക്ഷിച്ച ഏഴു പേരിൽനിന്ന് ഒരാളുടെ പേര് മാത്രമാണ് തന്റെ മുന്നിലേക്ക് എത്തിച്ചത്.

ഒരാൾക്കു മാത്രമാണ് യോഗ്യതയെന്നും മറ്റ് ആറു പേർക്കും യോഗ്യത ഇല്ലെന്നുമാണ് പരിശോധന നടത്തിയ കമ്മിറ്റി അറിയിച്ചത്. നിരവധി വർഷം പ്രവൃത്തിപരിചയമുള്ള പ്രഫസർമാർക്കാണ് യോഗ്യത ഇല്ലെന്ന് പറഞ്ഞിരിക്കുന്നത്. ഇത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരത്തകർച്ചയാണു ചൂണ്ടിക്കാട്ടുന്നതെന്നുമാണ് ഗവർണർ പറഞ്ഞത്.