ശബരിമല: ശബരിമല സന്നിധാനത്തെ വലിയ തിരുമുറ്റത്തെ മതിൽക്കെട്ടിന്റെ കൂറ്റൻ കരിങ്കൽപാളി ഇളകി പതിനെട്ടാംപടിക്ക് സമീപം വീണു. സംഭവ സമയം പടിക്കെട്ടിന് സമീപത്ത് തീർത്ഥാടകർ ഇല്ലാത്തതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

പതിനെട്ടാംപടിയുടെ വലതു ഭാഗത്തെ വേലിക്കെട്ടിനും പടിക്കെട്ടിനും ഇടയിലാണ് ഇരുനൂറോളം കിലോ ഭാരം വരുന്ന കരിങ്കൽ പാളി വീണത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. ഈ സമയം സന്നിധാനത്തെ ഫ്‌ളൈഓവർ തീർത്ഥാടകരെ കൊണ്ട് നിറഞ്ഞതിനാൽ പതിനെട്ടാം പടിക്കുതാഴെ തടഞ്ഞു നിർത്തിയിരിക്കുയായിരുന്നു.

സംഭവത്തിന് ഏതാനും സെക്കൻഡുകൾ മുമ്പാണ് ഷിഫ്റ്റ് മാറ്റത്തിന്റെ ഭാഗമായി ഡ്യുട്ടിയിലുണ്ടായിരുന്ന പൊലീസുകാർ മുകളിലേക്ക് കയറിയത്. സന്നിധാനത്തെ തിരക്കൊഴിഞ്ഞ ശേഷം കരിങ്കൽ പാളി സംഭവസ്ഥലത്തു നിന്നും നീക്കം ചെയ്യും.