- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിൽ മിയവാക്കി വനം ഒരുങ്ങുന്നു
തിരുവനന്തപുരം: നഗരങ്ങൾ വനവൽക്കരിക്കാനും താപനില കുറയ്ക്കാനും സഹായിക്കുന്ന മിയവാക്കി വനം എന്നറിയപ്പെടുന്ന ജാപ്പനീസ് രീതിയിലുള്ള കുഞ്ഞു വനം തിരുവനന്തപുരം ടെക്നോപാർക്കിലും ഒരുങ്ങുന്നു. കാമ്പസിൽ ഇതിനായി കണ്ടെത്തിയ 20 സെന്റ് ഭൂമിയിൽ ടെക്നോപാർക്ക് റോട്ടറി ക്ലബിന്റെ സഹായത്തോടെയാണ് ചുരുങ്ങിയ കാലയളവിൽ ഈ സമൃദ്ധ വനം വികസിപ്പിക്കുന്നത്. പ്രാഥമിക മണ്ണു പരിശോധനകൾ വൈകാതെ ആരംഭിക്കും. 15 ലക്ഷം രൂപ ചെലവിലാണ് കാമ്പസിൽ മിയവാക്കി വനം ഒരുക്കുന്നത്.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടുന്ന ടെക്നോപാർക്കിലെ ഐടി, ഐടി ഇതര ജീവനക്കാർക്കിടയിൽ വനവൽക്കരണത്തെ കുറിച്ചുള്ള ബോധവൽക്കരണം കൂടി ലക്ഷ്യമിട്ടാണ് ഈ കുഞ്ഞു വനം ഒരുക്കുന്നതെന്ന് റോട്ടറി ക്ലബ് ഓഫ് ടെക്നോപാർക്ക് പ്രസിഡന്റ് ഹരീഷ് മോഹൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
കേരളത്തിലുടനീളമുള്ള കാവുകളുടെ ജാപ്പനീസ് പതിപ്പാണ് മിയാവാക്കി വനം. പ്രാദേശിക ആവാസവ്യവസ്ഥയിൽ വളരുന്ന മരങ്ങളും സസ്യങ്ങളും ഉൾപ്പെടെ ചെറുതും വലുതുമായ മരങ്ങളുടെ വൈവിധ്യശേഖരമാണ് മിയവാക്കി വനം. സ്വാഭാവിക വനങ്ങളുടെ എല്ലാ പ്രകൃതിഗുണങ്ങളുമുള്ള ഈ കുഞ്ഞു വനം നഗരപ്രദേശങ്ങളിലെ വനവൽക്കരണത്തിനും താപനില കുറയ്ക്കാനും ഏറെ സഹായിക്കുന്നു. ടെക്നോപാർക്കിലെ മിയവാക്കി വനത്തിലേക്ക് മണ്ണിന് അനുയോജ്യമായ ഇനം തദ്ദേശീയ മരങ്ങളും ചെടികളും ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യ മൂന്ന് വർഷം നല്ല പരിപാലനം ഈ വനത്തിന് ആവശ്യമാണ്. അതിനുശേഷം സ്വാഭാവികമായി ഈ ചെറുവനം നിലനിൽക്കും. ഇന്ത്യയിലെ ഏറ്റവും പ്രകൃതിസൗഹൃദ ഐടി പാർക്കായ ടെക്നോപാർക്കിന്റെ സുസ്ഥിര പാരിസ്ഥിതക പദ്ധതികളുടെ ഭാഗമായാണ് ഈ വനവൽക്കരണം നടക്കുന്നത്.