മുംബൈ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവസുഹൃത്തിനെ കാണുവാൻ മുംബൈയിലെത്തിയ സ്വീഡീഷുകാരിയായ പതിനാറുകാരിയെ കണ്ടെത്തി കുടുംബത്തിനൊപ്പം തിരിച്ചയച്ചു. മുംബൈ പൊലീസ് തക്കസമയത്ത് ഇടപെട്ടതോടെയാണ് പെൺകുട്ടിയെ കണ്ടെത്തി കുടുംബത്തോടൊപ്പം തിരിച്ചയച്ചത്.

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട 19 വയസുകാരനെ കാണാനാണ് പെൺകുട്ടി മുംബൈയിലെത്തിയത്. ഇൻസ്റ്റഗ്രാം ലോഗിൻ അടക്കമുള്ളവയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ സുഹൃത്തായ യുവാവിനെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഇയാൾ ഒരു കോളജ് വിദ്യാർത്ഥിയാണെന്നാണ് പൊലീസ് പറയുന്നത്. കിഴക്കൻ മുംബൈയിലുള്ള ചീറ്റ ക്യാംപിലാണ് പെൺകുട്ടി കഴിയുന്നതെന്ന വിവരം ഇയാൾ പൊലീസിന് കൈമാറുകയായിരുന്നു. തുടർന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

മുംബൈ സ്വദേശിയുമായി പെൺകുട്ടി കുറച്ചു നാളായി പരിചയത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ നവംബർ 27നാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് സ്വീഡനിൽ പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടർന്ന് പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പെൺകുട്ടിയുടെ കുടുംബത്തിന് ഇന്ത്യൻ ബന്ധങ്ങൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്വീഡനിൽ നിന്ന് പെൺകുട്ടിയെ കാണാതായതായി ഇന്റർപോളിൽ നിന്ന് യെല്ലോ നോട്ടീസ് മുംബൈ പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ പൊലീസ് അന്വേഷണം തുടങ്ങി. ക്രൈം ബ്രാഞ്ച് ആറാം യൂണിറ്റിനായിരുന്നു അന്വേഷണ ചുമതല. നഗരത്തിൽ നിന്ന് കുട്ടിയെ അന്വേഷിച്ച് കണ്ടെത്തി പൊലീസ് സംഘം സ്വീഡനിലുള്ള കുടുംബത്തെ വിവരമറിയിച്ചു. തുടർന്ന് കുട്ടിയുടെ കുടുംബം സ്വീഡനിൽ നിന്ന് ഇന്ത്യയിലെത്തി പെൺകുട്ടിയുമായി നാട്ടിലേക്ക് മടങ്ങി.

പെൺകുട്ടി ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെമ്പാടും നിർദ്ദേശം പോയിരുന്നു. ഇതിനിടെ സുഹൃത്തായ യുവാവിനെ കണ്ടെത്തിയതോടെ അന്വേഷണം വേഗത്തിലായി.
കിഴക്കൻ മുംബൈയിലുള്ള ചീറ്റ ക്യാംപിലെത്തിയ പൊലീസ് സംഘം പെൺകുട്ടിയെ കസ്റ്റഡിയിലെടുക്കകയും ദക്ഷിണ മുംബൈയിലെ ദോംഗ്രിയിലുള്ള ചിൽഡ്രൻസ് ഹോമിലേയ്ക്ക് മാറ്റുകയും ചെയ്തു.

മുംബൈ പൊലീസ് സ്വീഡിഷ് എംബസിക്കും ഇന്റർപോളിനും ഇതു സംബന്ധിച്ച് വിവരം കൈമാറുകയും ചെയ്തു. കുട്ടിയെ മടക്കിക്കൊണ്ടു പോകാനായി വെള്ളിയാഴ്ച അച്ഛൻ അടക്കമുള്ളവർ സ്വീഡനിൽ നിന്ന് മുംബൈയിലെത്തി. നടപടികൾക്ക് ശേഷം കുട്ടിയെ കുടുംബത്തിന് കൈമാറിയെന്നും കുട്ടിയുമായി കുടുംബം തിരിച്ചു സ്വീഡനിലേയ്ക്ക് തന്നെ പോയെന്നും പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും നീലോത്പാൽ ഡിസിപി അറിയിച്ചു.