പനാജി: ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ആംആദ്മി പാർട്ടി. നല്ല സ്ഥാനാർത്ഥികളുമായി ഗോവയ്ക്ക് പുതിയൊരു ബദൽ നൽകാനും സത്യസന്ധവും അഴിമതിരഹിതവുമായ സർക്കാർ ഗോവയിൽ രൂപീകരിക്കാനും എഎപി തീരുമാനിച്ചെന്ന് പാർട്ടി നേതാവ് അതിഷി പറഞ്ഞു.

ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് എഎപിയുടെ തീരുമാനം. 2017ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടിയിരുന്നില്ല.