- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർലമെന്റ് ഭീകരാക്രമണം; നടുക്കുന്ന ഓർമ്മകൾക്ക് 20 വർഷം
ന്യൂഡൽഹി: പാർലമെന്റ് ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമ്മയ്ക്ക് ഇന്ന് 20 വർഷം. 2001 ഡിസംബർ 13ന് ഉച്ചയ്ക്കാണ് രാജ്യത്തെ നടുക്കിയ ആക്രമണം നടന്നത്. ജയ്ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ എന്നീ സംഘടനകളിലെ ഭീകരരാണ് പാർലമെന്റ് വളപ്പിൽ കാറിലെത്തി ആക്രമണം നടത്തിയത്. പാർലമെന്റ് മന്ദിരത്തിനുള്ളിലേക്കു കടക്കും മുൻപ് അഞ്ച് ഭീകരരെയും സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചുകൊന്നു.
പ്രത്യാക്രമണത്തിനിടെ ഒമ്പത്് സുരക്ഷാ ഉദ്യോഗസ്ഥർ രക്തസാക്ഷികളായി. ഡൽഹി പൊലീസിലെ 6 പേർ, സിആർപിഎഫ്, പാർലമെന്റ് വാച്ച് ആൻഡ് വാർഡ് എന്നിവയിലെ ഓരോ അംഗങ്ങൾ എന്നിവർക്കാണ് ഭീകരരെ തടയാനുള്ള ശ്രമത്തിൽ ജീവൻ നഷ്ടമായത്. പതിനഞ്ചിലേറെപ്പേർക്കു പരുക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ധീരമായ ഇടപെടലോടെ വലിയ അത്യാഹിതമാണ് ഒഴിവായത്.
പാർലമെന്റിനുള്ളിൽ ശീതകാല സമ്മേളനം നടക്കുമ്പോഴായിരുന്നു ആക്രമണം. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന എൽ.കെ.അദ്വാനിയടക്കമുള്ള മന്ത്രിമാർ പാർലമെന്റിൽ ഉണ്ടായിരുന്നു. ആക്രമണത്തിന്റെ സൂത്രധാരന്മാരിൽ പ്രധാനി എന്ന് പൊലീസ് കണ്ടെത്തിയ അഫ്‌സൽ ഗുരുവിനെ രണ്ട് ദിവസത്തിനുള്ളിൽ കശ്മീരിൽനിന്ന് അറസ്റ്റ് ചെയ്തു.
ഡൽഹി സർവകലാശാല അദ്ധ്യാപകൻ എസ്.എ.ആർ. ഗീലാനി, അഫ്സാൻ ഗുരു, ഭർത്താവ് ഷൗക്കത്ത് ഹുസൈൻ ഗുരു എന്നിവരെയും പിന്നീടു പിടികൂടി. 2002 ഡിസംബറിൽ ഗീലാനി, ഷൗക്കത്ത്, അഫ്സൽ ഗുരു എന്നിവർക്കു വധശിക്ഷ വിധിച്ചു. അഫ്സാൻ ഗുരുവിനെ വിട്ടയച്ചു. അഫ്സൽ ഗുരുവിനെ 2013 ഫെബ്രുവരി 9ന് തിഹാർ ജയിലിൽ തൂക്കിലേറ്റി. ഷൗക്കത്തിന്റെ ശിക്ഷ പിന്നീട് 10 വർഷം കഠിനതടവായി കുറച്ചു. ഗീലാനിയെ കുറ്റവിമുക്തനാക്കി. 2019ൽ ഗീലാനി നിര്യാതനായി.