കാസർകോട്: പഞ്ചായത്തും മൃഗാശുപത്രിയും ചേർന്ന് ഉപഭോക്താക്കൾക്ക് നൽകിയ മുട്ടക്കോഴികൾ ചാകുന്നത് ആശങ്കയാകുന്നു. പക്ഷിപ്പനിയെന്നാണ് സംശയം. എന്നാൽ സംഭവം അറിയിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നും ഉപഭോക്താക്കളുടെ പരാതി. മുളിയാർ ഗ്രാമ പഞ്ചായത്തും ബോവിക്കാനം മൃഗാശുപത്രി അധികൃതരും ചേർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് 2000 മുട്ടകോഴികൾ വിതരണം ചെയ്തത്.

വെറ്റിനറി സർജന്റെ നേതൃത്വത്തിൽ തൃശൂരിലെ ഫാമിൽ നിന്നാണ് കോഴികളെ കൊണ്ടുവന്നത്. രണ്ട് ദിവസത്തിനകം തന്നെ കോഴികൾ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചത്തുവീഴുകയുമായിരുന്നുവെന്ന് ഉപഭോക്താക്കൾ പറഞ്ഞു. എന്നാൽ സംഭവം വെറ്റിനറി സർജനെ അറിയിച്ചിട്ടും കുഴിച്ച് മൂടാനായിരുന്നു നിർദ്ദേശം നൽകിയത്. സാമ്പിൾ എടുക്കാനോ മറ്റ് നടപടികൾ സ്വീകരിക്കാനോ തയ്യാറായില്ലെന്നും ഉപഭോക്താക്കൾ ആരോപണമുന്നയിക്കുന്നു.

അതേ സമയം മൃഗസംരക്ഷണ വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. പൊയിനാച്ചിയിലെ ഫാമിൽ നിന്നും കോഴികളെ എത്തിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാൽ വെറ്റ്നറി സർജന്റ നേതൃത്വത്തിൽ കോഴികളെ തൃശൂരിൽ നിന്ന് എത്തിക്കുകയായിരുന്നു.