- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൊവിനോ തോമസിന്റെ 'കള' സിനിമയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം; ഷിക്കാഗോ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമായി തിരഞ്ഞെടുത്തു
കൊച്ചി: ടൊവിനോ തോമസ്, സുമേഷ് മൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രോഹിത്ത് വി എസ് ഒരുക്കിയ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ 'കള' എന്ന സിനിമയ്ക്ക് രാജ്യാന്തര പുരസ്‌കാരം.
ഷിക്കാഗോ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമായാണ് കള തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആങ്ഡോങ് ഡെങ് സംവിധാനം ചെയ്ത ബ്ലേബ്ലെയ്ഡ് ഗേളിനൊപ്പമാണ് കള ഈ പുരസ്‌കാരം പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച വിവരം ടൊവിനോ തോമസാണ് പങ്കുവച്ചത്. 'ഒരു അഭിനേതാവ്, നിർമ്മാതാവ് എന്നീ നിലകളിൽ വലിയ ആവേശം തോന്നുകയാണ്. ഇത് ഒരു തുടക്കം മാത്രമാണ്. കളക്ക് പിന്നിൽ പ്രവർത്തിച്ച ടീമിന് എല്ലാ ആശംസകളും നേരുന്നു,' എന്ന് ടൊവിനോ കുറിച്ചു.
'രോഹിത് വി എസ്സും യദു പുഷ്പാകരനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്കു ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്ത ചിത്രമാണ് കള. മാർച്ച് 25ന് ആയിരുന്നു തിയറ്റർ റിലീസ്. ലോക്ക് ഡൗണിനു ശേഷമുള്ള കാലയളവായിരുന്നുവെങ്കിലും പ്രേക്ഷകർ എത്തിയ ചിത്രമായിരുന്നു ഇത്.
ആഖ്യാനത്തിൽ വ്യത്യസ്തതയുള്ള ചിത്രത്തിൽ സുമേഷ് മൂർ നായകനും ടൊവീനോ പ്രതിനായകനുമാണ്. ദിവ്യ പിള്ള, ലാൽ, പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി തുടങ്ങിയവരും അഭിനയിക്കുന്നു. യദു പുഷ്പാകരനും രോഹിത്ത് വി എസും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ഡോൺ വിൻസെന്റ് സംഗീതം പകർന്നിരിക്കുന്നു. ഛായാഗ്രഹണം അഖിൽ ജോർജ്. ഒടിടിയിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.




