കൊല്ലം : സംസ്ഥാന ജയിൽ വകുപ്പും അമൃത വിശ്വവിദ്യാപീഠവും ചേർന്ന് കൊല്ലം ജില്ലാ ജയിൽ അന്തേവാസികൾക്കായി സംഘടിപ്പിച്ച യോഗ-ധ്യാന പരിശീലനം സമാപിച്ചു.

സ്വാമി ഗുരുപാദാശ്രിതാനന്ദപുരിയാണ് യോഗാ ക്ലാസിന് നേതൃത്വം നൽകിയത്. സംസ്ഥാനത്തൊട്ടാകെയുള്ള 43 ജയിലുകളിലും കറക്ഷണൽ ഹോമുകളിലും യോഗ-ധ്യാന പരിശീലന പരിപാടികൾ നടത്തുന്നതിന്റെ ഭാഗമായാണ് കൊല്ലം ജില്ലാ ജയിലിലും ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടി സംഘടിപ്പിച്ചത്. മാതാ അമൃതാനന്ദമയീമഠവും അമൃത വിശ്വവിദ്യാപീഠവുമാണ് ജയിലുകളിൽ സൗജന്യ യോഗ-ധ്യാന പരിശീലനം നൽകുന്നത്. വ്യക്തികളെ പുതിയ വ്യക്തിത്വങ്ങളാക്കി മാറ്റുന്ന യോഗ-ധ്യാന പഠനത്തിന് മഠം നൽകുന്ന സേവനം മഹത്തരമാണെന്ന് പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ ജി ഡി വിജയകുമാർ അഭിപ്രായപ്പെട്ടു. ജയിൽ അന്തേവാസികളായ തടവുകാർക്ക് അവരുടെ മാനസിക-ശാരീരികാരോഗ്യം മെച്ചപ്പെടുത്താൻ വളരെ അനായാസമായി സാധിക്കുന്ന മാർഗമാണ് യോഗ. പുതിയ മനുഷ്യരായി സമൂഹത്തിലേക്ക് തിരിച്ചു വരാൻ അവരെ പ്രാപ്തരാക്കാനും യോഗയിലൂടെ സാധിക്കുമെന്ന് അദ്ദേഹം വിലയിരുത്തി.

യോഗാ ക്ലാസിനു നേതൃത്വം നൽകുന്ന മാതാ അമൃതാനന്ദമയീ മഠത്തിലെ സന്യാസിയായ സ്വാമി ഗുരുപാദാശ്രിതാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. യോഗത്തിൽ കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ ജി ഡി വിജയകുമാർ പങ്കെടുത്ത അന്തേവാസികൾക്ക് സര്ടിഫികെറ് വിതരണം ചെയ്തു.

ശ്വസനനിയന്ത്രണ സമ്പ്രദായങ്ങൾ, സ്വയാപഗ്രഥനം, വികാരനിയന്ത്രണം എന്നിവ ഉൾപ്പെടുന്ന അമൃതയോഗയിലും, ഇന്റഗ്രേറ്റഡ് അമൃത മെഡിറ്റേഷൻ ടെക്നിക്കിലും (IAM ടെക്നിക്ക്) പരിശീലനം ലഭിച്ച അദ്ധ്യാപകർ സെൻട്രൽ ജയിലുകൾ, ജില്ലാ ജയിലുകൾ, സബ് ജയിലുകൾ, സ്‌പെഷ്യൽ സബ് ജയിലുകൾ എന്നിവിടങ്ങളിൽ പരിശീലനം നൽകുന്നുണ്ട്. ജയിൽ അന്തേവാസികൾക്ക് പുറമേ ജയിലിലെ മറ്റ് സ്റ്റാഫുകൾക്കും യോഗാ പരിശീലനം നൽകിവരുന്നുണ്ട്. സ്ത്രീകളും പുരുഷന്മാരുമടക്കം 25,000-ൽ ഏറെ പേർക്ക് ഇതിനോടകം യോഗാ പരിശീലനം നൽകിക്കഴിഞ്ഞു. തമിഴ് നാട്ടിലെ ജയിലുകളിലും മഠം ക്യാമ്പുകൾ നടത്തിവരുന്നു.