- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിസിക്കെതിരായ തെറിയഭിഷേകം യൂത്ത് കോൺഗ്രസ് സംസ്കാരമോ? ബിജെപി നിയോഗിച്ച ഗവർണറുടെ താളത്തിനൊത്ത് തുള്ളുകയാണ് കോൺഗ്രസ് എന്നും എം വി ജയരാജൻ
കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലെ മുദ്രാവാക്യങ്ങൾ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. വിസിയെ പോലെ ഉന്നത സ്ഥാനത്തിരിക്കുന്നവരെ തെറി അഭിഷേകം കൊണ്ട് നേരിടുന്നത് ജനാധിപത്യത്തിന് നിരക്കുന്നതല്ല.
കണ്ണൂർ സർവകലാശാല ബോർഡിന് മുകളിൽ കമ്യൂണിസ്റ്റ് പാഠശാലയെന്ന ബാനർ കെട്ടിയത് യൂത്ത് കോൺഗ്രസിന്റെ അധമ സംസ്‌കാരമാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന മുസ്ലിം ലീഗ് റാലിയിലെ മുദ്രാവാക്യങ്ങൾ യൂത്ത് കോൺഗ്രസ് കടമെടുത്തതാണോ. അല്ലെങ്കിൽ കോൺഗ്രസാണോ ലീഗിനെ പ്രകോപനപരവും ആഭാസവും നിറഞ്ഞ മുദ്രാവാക്യം പഠിപ്പിച്ചതെന്ന് വ്യക്തമാക്കണം. ഭരണം നഷ്ടപ്പെട്ടതിന്റെ കോപ്രായങ്ങളാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.
ബിജെപി നിയോഗിച്ച ഗവർണറുടെ താളത്തിനൊത്ത് തുള്ളുകയാണ് കോൺഗ്രസ്. എം ജി സർവകലാശാല വിസിയായിരുന്ന എ വി ജോർജിനെ പിരിച്ചുവിട്ടത് കോൺഗ്രസുകാരിയായിരുന്ന ഗവർണർ ഷീലാ ദീക്ഷിതാണ്. യുഡിഎഫ് ഭരണത്തിൽ രാഷ്ട്രീയ നിയമനം മാത്രമല്ല, അരിക്കച്ചവടക്കാരെ വരെ വിസിയാക്കി. അദ്ധ്യാപന പരിചയമില്ലാത്ത വാസ്തുവിദ്യാ കേന്ദ്രം ഡയക്ടർ പി എൻ സുരേഷിനെ കലാമണ്ഡലത്തിന്റെയും, കാസർകോട് ഡിസിസി ജനറൽ സെക്രട്ടറി ഖാദർ മാങ്ങാടിനെ കണ്ണൂർ സർവകലാശാലയുടെയും വിസിമാരാക്കിയതും യുഡിഎഫ് ഭരണത്തിലാണ്.
യുഡിഎഫ് കാലത്ത് വിസിയാക്കിയ കെ എസ് രാധാകൃഷ്ണനും അബ്ദുൾ സലാമും ഇപ്പോൾ ബിജെപിയിലാണ്. ഇതൊന്നും അറിയാതെ ഉന്നത അക്കാദമിക് യോഗ്യതയുള്ള കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കെതിരെയുള്ള യൂത്ത് കോൺഗ്രസ് തെറി അഭിഷേകം ജനം തിരിച്ചറിയുകയും പുച്ഛിച്ച് തള്ളുകയും ചെയ്യുമെന്ന് ജയരാജൻ പ്രസ്താവനയിൽ വ്യക്തമാക്കി
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്