കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഉൾപ്പെടെ മൂന്ന് പ്രതികളുടെ 1.85 കോടി രൂപയുടെ നിക്ഷേപങ്ങൾക്ക് ഉറവിടം തെളിയിക്കാനായില്ലെന്നത് അന്വേഷണ സംഘങ്ങൾക്ക് പ്രതീക്ഷയാകും. സ്വർണ്ണ കടത്തു കേസിൽ കസ്റ്റംസ്-എൻഐഎ അന്വേഷണങ്ങൾക്ക് ആശ്വാസമാണ് ഈ കണ്ടെത്തൽ. ഇ.ഡി.യെ സംബന്ധിച്ചിടത്തോളം വലിയ നേട്ടവും.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇ.ഡി.) ന് ഈ തുക കണ്ടുകെട്ടിയ നടപടിക്ക് അഡ്ജുഡിക്കേറ്റിങ് അഥോറിറ്റിയിൽനിന്ന് അംഗീകാരം കിട്ടിയത്. നയതന്ത്ര സ്വർണക്കടത്തിൽ ഇ.ഡി. രജിസ്റ്റർ ചെയ്ത കള്ളപ്പണ ഇടപാട് കേസിന്റെ വിചാരണയിൽ പ്രതികൾക്ക് ശക്തമായ തിരിച്ചടിയാകുന്നതാണിത്.

സ്വപ്ന സുരേഷിനു പുറമേ പി.എസ്. സരിത്ത്, സന്ദീപ് നായർ എന്നിവരുടെ സാമ്പത്തിക നിക്ഷേപമായിരുന്നു ഇ.ഡി. കണ്ടുകെട്ടിയത്. ഇതിനാണിപ്പോൾ കള്ളപ്പണ കേസുകളിലെ ഡൽഹിയിലെ അഡ്ജുഡിക്കേറ്റിങ് അഥോറിറ്റി അംഗീകാരം നൽകിയത്. തിരുവനന്തപുരം എസ്.ബി.ഐ., ഫെഡറൽ ബാങ്ക് എന്നിവിടങ്ങളിലെ ലോക്കറുകളിലുണ്ടായിരുന്ന സ്വപ്ന സുരേഷിന്റെ 64 ലക്ഷം രൂപയും 36.50 ലക്ഷം രൂപയുമടക്കം ഒരു കോടി രൂപ എൻ.ഐ.എ. കണ്ടെടുത്തിരുന്നു. ഈ തുകയാണ് ഇ.ഡി. കണ്ടുകെട്ടിയവയിൽ പ്രധാനം.

ഇത് മുൻ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന്റെ പണമാണെന്നും ലൈഫ് മിഷൻ കരാറുകൾക്കു ലഭിച്ച കമ്മിഷൻ തുകയാണെന്നുമായിരുന്നു ഇ.ഡി.യുടെ വാദം. എന്നാൽ, ശിവശങ്കർ ഇത് ശക്തമായി നിഷേധിക്കുകയും ചെയ്തു. പക്ഷേ, ഈ ഒരു കോടി രൂപയുടെ കൃത്യമായ ഉറവിടം തെളിയിക്കാനോ പണം സംബന്ധിച്ച രേഖകൾ ഹാജരാക്കാനോ സ്വപ്നയ്ക്ക് സാധിച്ചതുമില്ല. അതുകൊണ്ടു തന്നെ ഇഡി വാദങ്ങൾ നിലനിൽക്കും. ഇനി കേസ് വിചാരണയിലും മറ്റും ഇത് നിർണ്ണായക തെളിവായി മാറുകയും ചെയ്യും.

സഹകരണ ബാങ്കുകളിലേതടക്കമുള്ള സ്വപ്നയുടെ 62.76 ലക്ഷവും കണ്ടുകെട്ടിയിരുന്നു. ഇതിനും വ്യക്തമായ രേഖകൾ സഹിതമുള്ള സ്രോതസ്സ് കാണിക്കാനായില്ല. മറ്റൊരു പ്രതിയായ പി.എസ്. സരിത്തിന്റെ അച്ഛന്റെ പേരിലുള്ള 10 ലക്ഷമടക്കം 11.94 ലക്ഷം രൂപയാണ് ഇ.ഡി. കണ്ടുകെട്ടിയിരുന്നത്. സന്ദീപ് നായരുടെ 10.11 ലക്ഷവും. ഇതിനും വ്യക്തമായ രേഖകൾ ഇല്ല. ഇതെല്ലാം ഇഡിയുടെ അന്വേഷണ മികവിന് തെളിവായി വിലയിരുത്തപ്പെടും.

ഇ.ഡി.യുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ സ്വർണക്കടത്ത് പ്രതികൾക്ക് ലഭിച്ച വലിയ അവസരമായിരുന്നു ഇത്. അഡ്ജുഡിക്കേറ്റിങ് അഥോറിറ്റി ഇ.ഡി.യുടെ കണ്ടുകെട്ടൽ ഒഴിവാക്കിയിരുന്നെങ്കിൽ ഇ.ഡി.യുടെ കേസ് തന്നെ തള്ളപ്പെട്ടു പോകുമായിരുന്നു. ഇതാണ് ഇപ്പോൾ ഒഴിവാക്കപ്പെടുന്നത്. ഇതോടെ കേസുമായി ഇഡിക്ക് പ്രതീക്ഷയോടെ മുമ്പോട്ട് പോകാം.

സ്വപ്‌ന സുരേഷിന് എതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെയാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നു. സെൻട്രൽ ഇക്കോണോമിക് ഇന്റിലിജൻസ് ബ്യുറോയിലെ സ്പെഷ്യൽ സെക്രട്ടറി, കമ്മീഷണർ ഓഫ് കസ്റ്റംസ് എന്നിവർ ഉൾപ്പെടെയുള്ളവരാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്.

ആവശ്യമായ രേഖകൾ പരിശോധിച്ച ശേഷമാണ് സ്വപ്‌ന സുരേഷിന്റെ കരുതൽ തടങ്കൽ ഉത്തരവ് ഇറക്കിയത് എന്ന് കേന്ദ്ര സർക്കാർ പറയുന്നു. സ്വർണ്ണകടത്ത് കേസിലെ മറ്റ് ആറ് പ്രതികളുടെ കോഫെപോസെ നിയമപ്രകാരം ഉള്ള കരുതൽ തടങ്കൽ കോടതികൾ ശരിവച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ ഹർജിയിൽ പറയുന്നു. സ്വർണക്കടത്തുകേസിൽ കേസിൽ ജാമ്യം ലഭിച്ച് സ്വപ്ന സുരേഷ് കഴിഞ്ഞ മാസം ആറിന് ആണ് ജയിൽ മോചിതയായത്. അറസ്റ്റിലായി ഒരു വർഷവും മൂന്ന് മാസവും പിന്നിടുമ്പോഴാണ് സ്വപ്ന ജയിലിൽ നിന്നിറങ്ങിയത്. ജാമ്യം നേരത്തെ ലഭിച്ചെങ്കിലും ഉപാധികളിലെ നടപടി ക്രമങ്ങൾ നീണ്ടുപോയതാണ് മോചനം വൈകിയത്.

പിന്നാലെ, ദിവസങ്ങൾക്ക് മുമ്പ് സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കുകയും ചെയ്തു. എൻഫോഴ്‌സ്‌മെന്റ് രജിസ്റ്റർ ചെയ്ത കേസിലാണ് എറണാകുളം ജില്ല വിട്ടു പോകാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയത്. വീട് തിരുവനന്തപുരത്തായതിനാൽ എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ നീക്കണമെന്നാവശ്യപ്പെട്ടാണ് സ്വപ്ന കോടതിയെ സമീപിച്ചത്. സ്വപ്നയുടെ ആവശ്യത്തെ ഇ.ഡിയും അനുകൂലിച്ചിരുന്നു. എന്നാൽ മുൻകൂർ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്ന് ഉത്തരവിലുണ്ട്.