മാസങ്ങൾ നീണ്ട പീഡനങ്ങൾക്കൊടുവിൽ കൊലചെയ്യപ്പെട്ട മറ്റൊരു പിഞ്ചുകുഞ്ഞിന്റെ ആത്മാവിനു കൂടി നീതി ലഭിക്കുന്നു. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ് അതി നിഷ്ഠൂരമായ കൊല നടന്നത്. 16 മാസം പ്രായമുൾല സ്റ്റാർ ഹോബ്സൺ എന്ന പെൺകുട്ടിയെ കൊലചെയ്തതിന് കുഞ്ഞിന്റെ അമ്മയുടെ കാമുകിയായ സവാന്ന ബ്രോക്ക്ഹിൽ എന്ന 28 കാരിയായ യുവതിയെ കോടതി ശിക്ഷിച്ചു. നരകത്തിന്റെ ഗർഭപാത്രത്തിൽ നിന്നും നേരിട്ടിറങ്ങിവന്ന ചെകുത്താനാണ് ബ്രോക്ക്ഹിൽ എന്നാണ് മരണമടഞ്ഞ സ്റ്റാറിന്റെ മുത്തച്ഛൻ പറഞ്ഞത്.

നേരത്തേ രണ്ടാനമ്മ അതിനിഷ്ഠൂരമായി കൊന്ന കുഞ്ഞിന്റെ കാര്യത്തിലെന്നപോലെ ഇവിടെയും സോഷ്യൽ സർവീസ് വിഭാഗത്തിന് വീഴ്‌ച്ചപറ്റിയതായി ആരോപണമുയരുന്നുണ്ട്.ഈ കുഞ്ഞിനെ രക്ഷിക്കാൻ ഇവർക്ക് ചുരുങ്ങിയത് അഞ്ച് അവസരങ്ങളെങ്കിലും ലഭിച്ചതായി പറയപ്പെടുന്നു. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ ബോറിസ് ജോൺസൺ കുട്ടികളെ ഇത്തരം കാട്ടാളത്തത്തിൽ നിന്നും രക്ഷിക്കുവാനായി ഏതറ്റം വരെയും പോകാൻ തയ്യാറാണെന്ന് പറഞ്ഞു.

കുട്ടിയുടെ മുത്തശ്ശനും മുത്തശ്ശിയുമായ നീൽ ഫോസെറ്റും അനിത സ്മിത്തും കുഞ്ഞ് ദുരിതമനുഭവിക്കുന്ന കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും ബ്രഡ്ഫോർഡ് സിറ്റി കൗൺസിൽ അത് അവഗണിക്കുകയായിരുന്നു എന്ന് അവർ പറയുന്നു. സ്വവർഗ്ഗാനുരാഗികളായ തങ്ങൾക്കെതിരെ ദുരാരോപണങ്ങൾ ഉയർത്തുകയാണ് അവർ എന്നായിരുന്നു കുഞ്ഞിന്റെ അമ്മയായ ഫ്രാങ്കി സ്മിത്ത് കൗൺസിലിനെ അറിയിച്ചത്.

താരതമ്യേന സാമർത്ഥ്യം കുറഞ്ഞ ഫ്രാങ്കീ സ്മിത്ത് അവരുടെ കാമുകിയായ സാവന്ന ബ്രോക്ക്ഹില്ലിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലായിരുന്നു എന്നാണ് പറയപ്പെടുന്നത്. സ്മിത്തിന്റെ ഐ ക്യൂ ലെവൽ കേവലം 70 ആയിരുന്നു എന്ന് കോടതിയിൽ വിദഗ്ദർ അറിയിച്ചു. അതേമയം ബ്രോക്ക്ഹിൽ അവരുടെ മേൽ സമ്പൂർണ്ണ നിയന്ത്രണം കരസ്ഥമാക്കിയിരുന്നു. ആ അധികാരം ഉപയോഗിച്ച് ഇവർ ഈ കുഞ്ഞിനെ കഠിനമായി ഉപദ്രവിക്കാറുമുണ്ടായിരുന്നു. കാറിനകത്തിരുത്തി കുഞ്ഞിനെ തല്ലുന്ന ദൃശ്യങ്ങളുടെ വീഡിയോ പ്രോസിക്യുഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

മർദ്ദനത്തെ തുടർന്ന് കാറിൽ നിന്നും തെറിച്ചുവീണ കുഞ്ഞിനെ ബ്രോക്ഹിൽ കഴുത്തിൽ തൂക്കിപ്പിടിച്ച് പൊക്കിയെഴുന്നെൽപ്പിക്കുന്ന രംഗവും ഇതിലുണ്ട്. ഇത്തരത്തിലുള്ള നിരവധി ദൃശ്യങ്ങൾ ബ്രോക്ക്ഹില്ലിന്റെയും സ്മിത്തിന്റെയും ഫോണിൽ നിന്നും ലഭിച്ചു. 2020 സെപ്റ്റംബർ 20 നായിരുന്നു പരിക്കുകളോടെ സ്റ്റാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായ പരിക്കുകളേറ്റ കുഞ്ഞ് രക്ഷപ്പെടുന്ന കാര്യം സംശയമാണെന്ന് അപ്പോഴേ തോന്നിയതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞു.

തലയ്ക്കേറ്റ പരിക്കായിരുന്നു ഗുരുതരം. പത്ത് വയസ്സുള്ളപ്പോൾ പഠനം നടത്തി ഊരുചുറ്റാൻ ഇറങ്ങിയ ചരിത്രമുള്ള ബ്രോക്ക് ഹിൽ ആശുപത്രി ജീവനക്കാരോട് പറഞ്ഞത് രണ്ടു വയസ്സുള്ള ഒരു കുട്ടിയാണ് ആ പരിക്ക് ഉണ്ടാക്കിയത് എന്നായിരുന്നു. വിചാരണയ്ക്കിടയിൽ ബ്രോക്ക്ഹില്ലും സ്മിത്തും കുറ്റം നിഷേധിച്ചു. മാത്രമല്ല, ഇരുവരും പരസ്പരം കുറ്റം ചാരാനും ശ്രമിച്ചു. കുഞ്ഞിന് മുറിവ് പറ്റിയ സമയത്ത് താൻ മുറിയിൽ ഉണ്ടായിരുന്നില്ല എന്നാണ് സ്മിത്ത് പറഞ്ഞത്. ശബ്ദം കേട്ട് ഓടിവന്ന താൻ കണ്ടത് തറയിൽ വീണുകിടക്കുന്ന കുഞ്ഞിനേയായിരുന്നു എന്നും അപ്പോഴേ താൻ എമർജൻസിയിൽ വിളിച്ച് അറിയിച്ചു എന്ന് ബ്രോക്ക്ഹില്ലും പറഞ്ഞു.

എന്നാൽ, ഈ നുണകൾക്കൊന്നും സത്യത്തെ മൂടിവയ്ക്കാൻ ആയില്ല. മരണകാരണമായ മുറിവുണ്ടാക്കിയത് ബ്രോക്ക്ഹില്ലാണെന്ന് കണ്ടെത്തിയ കോടതി അമ്മ തന്റെ കടമ ശരിയാം വണ്ണം നിർവഹിച്ചില്ലെന്നും വിലയിരുത്തി. ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ഇവർക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.

അതേസമയം, അഞ്ചുതവണ പരാതി ലഭിച്ചിട്ടും, കുട്ടിയുടെ മാതാവിനും കാമുകിക്കും എതിരെ നടപടികൾ എടുക്കാതെ കുട്ടിയുടെ മരണത്തിന് വഴിതെളിച്ച സർക്കാർ സംവിധാനങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. നേരത്തേ മുഞ്ഞ് ആർതറിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ ഇവിടെയും അധികൃതർ വിശ്വസിച്ചത് കുഞ്ഞിന്റെ അമ്മയും കാമുകിയും പറഞ്ഞ കള്ളങ്ങളായിരുന്നു. ഒരിക്കൽ ഇവരുടെ വീട്ടിൽ ബ്രാഡ്ഫോർഡ് സിറ്റി കൗൺസിൽ വർക്കർ പരിശോധനയ്ക്ക് എത്തിയപ്പോൾ കുഞ്ഞിന്റെ മുഖത്ത് പരിക്കുകൾ കണ്ടിരുന്നു. കുഞ്ഞ് അതീവ ക്ഷീണിതയുമായിരുന്നു. എന്നാൽ, കുഞ്ഞ് വീണ് പരിക്ക് പറ്റിയതാണെന്ന ബ്രോക്ക്ഹില്ലിന്റെ വാക്ക് വിശ്വസിച്ച് മടങ്ങുകയായിരുന്നു കൗൺസിൽ വർക്കർ.